ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Wednesday, August 8, 2012

പെയ്തൊഴിയുമ്പോൾ....


പെയ്തൊഴിയുമ്പോൾ....
---------------------------------

മഴയിഴനെയ്തു...
മനസ്സിൽ കുളിരു-
പെയ്തീറൻ ജാലകവാതിലിനിപ്പുറം
ആർദ്രനയനങ്ങളിലൂടൊഴുകു-
മിളം ചൂടിന്റെ ചാലുകൾ.

ഓർമ്മപുസ്തകത്തിന്റെ
പെരും മണമുള്ളൊരോരോ
താളുകൾ മറിയുന്നു...
വേരുമുളച്ച
ഇലകൾ മറവിയിൽ
മരണം പേറിയുറങ്ങുന്നു.

മറ്റൊരു താളിൽ
മയിൽപ്പീലി
ഗർഭം പേറാതെ,
പെറാതെ
മായികലോകത്തേയ്ക്ക്
ഓർമ്മ പറത്തുന്നു...

വീണ്ടുമൊന്നിൽ പ്രണയം,
വടിവൊത്തയക്ഷര-
പൂക്കളായി...
കൗമാര വസന്ത ശലഭങ്ങൾ
മനസ്സിൽ പറന്നിറങ്ങുന്നു...

മഴ പെയ്തൊഴിയുന്നു...
ഈറൻ പെണ്ണിനെപ്പോലിലകൾ
മുഖം താഴ്ത്തി
നാണത്തിന് മുത്തണിയുന്നു.

മഴ വിരഹമായി,
സൂചിമുനയുടെ
നോവിലേയ്ക്കാഴുന്നു...

കുഞ്ഞൊഴുക്കിൻ
കളകളവു,മിടത്തുള്ളി
അടരുന്ന താളവും
വിട്ടകലുന്നു-
അടയുന്നു
ജാലകപ്പാളികൾ..

ഓർമ്മത്താളുകളിൽ
മഴയുടെ മണം നിറയുന്നു
ജീവിതപുസ്തകം
മടയ്ക്കും വരേയ്ക്കും...

കടലാസ്സ് മനസ്സ്...



 നസ്സ്..
    ഒരുപാട് കാര്‍ബണ്‍ കോപ്പികളുള്ളൊരു
    കണക്ക് പുസ്തകം...
    എത്ര കീറിക്കളഞ്ഞാലും
    ആഴത്തില്‍ പതിഞ്ഞു നില്‍ക്കുന്ന
    ചില അക്കങ്ങള്‍...
 
    കീറിയ കടലാസ്സില്‍
    കളിവള്ളമിറക്കുമ്പോഴും
    ഒരു ചെറു പ്രതീക്ഷ...
    ഏതെങ്കിലുമൊരു
    തീരമണയാതിരിയ്ക്കില്ല !!
 
    കീറിയെറിഞ്ഞ
    കടലാസ്സുകള്‍
    കാറ്റില്‍ പാറുമ്പോഴും...
    ചിറക് വിടര്‍ന്നപോലൊരു പ്രതീക്ഷ...
 
    എങ്കിലും
    എന്റെ സ്വകാര്യതയുടെ
    കടലാസ്സ്
    ആര്‍ക്കും കൈമാറില്ല...
 
    അല്ലെങ്കിലും,
    ആര്‍ക്കെങ്കിലും
    ആരുടെയെങ്കിലും
    മനസ്സിനോടെന്തിഷ്ടം... ?