ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, August 14, 2016

കണ്ണേയം...

കണ്ണേയം...
------------------

കണ്ണാ..
നിന്റെ പ്രണയത്തിലെന്റെ
പ്രാണനും നിനക്കു ഞാന്‍
നൈവേദ്യമായൊരുക്കിടട്ടെ... ! 


ഉരുക്കിടട്ടെ വെണ്ണപോള്‍
മനമുരുക്കിടട്ടെ,
നിനക്കായീ
തനുവുമൊരിക്കിടട്ടെ,
ഞാന്‍ രാധയായിടട്ടെ.... 


എനിക്കായെന്തുണ്ടെന്ന
ചോദ്യമാരാഞ്ഞിട്ടില്ലിതുവരെ,
എങ്കിലും
നിന്റെ പുല്ലാങ്കുഴലിന്റെ
സ്വരമാധുരി
മതിയെന്നിനിയും ധരിക്കല്ലെ...


രുക്മിണിയ്ക്കെന്ത്,
സത്യഭാമ, ജാംബവതിയ്ക്കുമെന്ത്
എട്ടിലെപ്പോഴും തേട്ടിനിന്നോര്‍
കാളിന്ദി, മിത്രവിന്ദ,
സത്വ, ഭദ്ര, ലക്ഷണമാര്ക്കും
പദവിയാലാത്മസായൂജ്യമല്ലാതെ മറ്റെന്ത്...?


രാധ- ഞാനീ രാസലീലയില്‍
നിനക്കൊപ്പം ആടിത്തളരുമ്പോള്‍,
വൃന്ദാവനമരത്തണലല്ലാതെ
കാളിന്ദിതന്‍ കുളിര്‍കാറ്റല്ലാതെ,
ഇല്ല വെഞ്ചാമരവുമൊരു ദാസിയും,
സുഗന്ധലേപനങ്ങളും.


ഇല്ലയൊരു
പട്ടമഹര്‍ഷീ പദവും കൊതിച്ചില്ല,
എങ്കിലും കണ്ണാ..
നിന്റെ പ്രണയപൂരണത്തിനെന്നു-
മൊരുപാധി മാത്രമായി
രാധമാര്‍ ഞങ്ങളിന്നും,
പുനര്‍ജ്ജനിക്കന്നു,
നിന്റെ പുല്ലാങ്കുഴലിന്റെ
പ്രലോഭനങ്ങളിലല്ലെന്നോര്‍ക്കുക,
ഓര്‍ക്കുക !
കറയറ്റപ്രേമത്തിനുയിരുകാക്കാന്‍
കാലത്തിനൊപ്പം സാക്ഷിയാകാന്‍
പ്രണയം സനാതന സത്യമാകാന്‍
നിന്നെയെന്നും അനശ്വരമാക്കാന്‍....

ചുമ്മാ ചൊറിയുമ്പോൾ അഥവാ 'മ'തസൗഹാർദം ..

ചുമ്മാ ചൊറിയുമ്പോൾ
അഥവാ 'മ'തസൗഹാർദം ..
---------------------------------------------------------------------------------
ഒന്ന് ചൊറിഞ്ഞോട്ടെ
നിന്റെ 'മ'തത്തെ... ?
നീയും ചൊറിഞ്ഞോളൂ
എന്റെ 'മ'തത്തെ... !


നമുക്ക് പരസ്പരം
ചൊറിഞ്ഞിരിക്കാം,
നമുക്ക് പരസ്പരം
സുഖിച്ചിരിക്കാം ...


ചൊറിഞ്ഞില്ലേൽ
ചൊറി മനസ്സിലേറും
പിന്നെ 'പരസ്പരം'
എന്നൊന്നില്ലാതാകും..
എന്റെയും, നിന്റെയും
നഖമേറിവരും..
നമ്മൾ
കാടരായി, മാടരായി മാറിവരും


ഒന്ന് ചൊറിഞ്ഞോട്ടെ
നിന്റെ 'മ'തത്തെ... ?
നീയും ചൊറിഞ്ഞോളൂ
എന്റെ 'മ'തത്തെ... !


അപേക്ഷ...

'മ'യെ മാറ്റി വായിച്ചിട്ടിനി
വഴക്കിനെത്തല്ലേ. !!!
'കൊ'പാതകത്തിന്ന്
കൂട്ട് നിൽക്കല്ലേ...!!!

പെയ്യാ'തെ...

പെയ്യാ'തെ...
---------------------------------------------------------------
അരികത്തണഞ്ഞു ഞാൻ ഓമലേ
നിന്റെ തളരും തനുവിനെ താങ്ങുവാൻ ...
മനമെത്ര വെമ്പുന്നുവെന്നോർക്കുക
വിരഹ പ്രണയത്തിനകലെ നീ, ഞാനും..



ചിറകൊടിഞ്ഞെന്നു നീ പറയുന്ന
പ്രണയമിന്നുമെന്നുള്ളിൽ വിരിയുന്നു..
തണലുനീയറിയുന്നു, എങ്കിലും,
തീഷ്ണമുരുകുന്നു, പ്രണയം പകരുന്നു...


കനവുകൾ കള്ളം പറയാത്ത രാവുകൾ
ഇരുളൊളിച്ചകലുന്നു ദൂരവും, യാമവും
നാമിരുവരീ,ച്ചോലയിൽ വസന്തം വിരിയുന്നു,
പൂക്കൾ, ശലഭങ്ങ,ളീരാവു സാക്ഷി...


പാടാനറിയാത്ത കാമുക ഹൃദയവും,
പെയ്യാത്തൊഴിഞ്ഞ കാർമേഘജാലവും,
കാതരേ നിനക്കായെപ്പോഴും കാത്തുവയ്ക്കുന്നു...
കാലമെത്രയകന്നു പൊയ്പോകിലും...

Wednesday, December 10, 2014

വിഭക്തി...



വിഭക്തി...
-----------
ഒറ്റക്കാലില്‍ കൊറ്റിധ്യാനം 
ഇരപിടിക്കലിന്റെ 
ധ്യാനകേന്ദ്രങ്ങളില്‍ 
അതേ ജാഗ്രത.
ഒറ്റ കൊത്തില്‍
ഇരയെ ചുണ്ടില്‍ കോര്‍ത്ത്
വിഴുങ്ങാതെ, പറക്കാതെ
വേട്ടയാടലിലെ
ന്യായത്തിന്റെ
തായ് വേരറുക്കുന്നു.
വിധേയത്വത്തിന്റെ
ചങ്ങലക്കിലുക്കങ്ങളില്‍
ഓട്ടുമണികളിലൂടെ
ഭക്തിയുടെ ഭ്രാന്ത്
പൊട്ടിയൊലിക്കുന്നു.
ഓതി,യോതിപ്പെരിപ്പിക്കുന്ന
കപടതയില്‍
മുങ്ങിമരിച്ച
മഹത് വചനങ്ങളെ
ചില്ലിട്ടു വയ്ക്കുന്നു.
അടിമത്വത്തിന്റെ
പുതുതലമുറ
അവനവനെ
പണയം വയ്ച്ച കാശിനാല്‍
മരിച്ചു ചില്ലിട്ട
വചനങ്ങളെ വാങ്ങി
നെന്ചില്‍ തൂക്കിയിടുന്നു....

Friday, May 9, 2014

വെള്ള അരി പ്രാവ്...

വെള്ള അരി പ്രാവ്... 
-------------------------
ലവട്ടം പറഞ്ഞിട്ടും 
വീണ്ടും, വീണ്ടും പറന്നു പോകുന്നൊരു 
വെള്ളരി പ്രാവേ... 
എത്രയോ വട്ടം 
ഞങ്ങൾ സമാധാനത്തോടെ 
നിന്നെ പറത്തി വിട്ടു.. 
എന്നിട്ടും നീ വീണ്ടും, വീണ്ടും 
അതേ സമാധാനത്തിന്റെ 
കുരുക്കിൽ തന്നെ മറ്റാരും ആരുമറിയാതെ
പെട്ടുപോകുന്നത്‌.... ?

അരമനയറയിലും,
രഹസ്യ നിലവറയിലും നിന്നെപ്പോലെത്രയോ
പാലിക്കുന്നുണ്ടെന്ന്
ഞങ്ങൾ അഹംങ്കാരം പറയാറില്ല.

അന്തിസൽക്കാരങ്ങളിൽ
നിന്റെ തൂവെള്ളയിൽ ചോരപൂക്കുന്നതും
ഇരുട്ട് കറുക്കുമ്പോൾ കറുത്ത് പോകുന്നതും,
കരിങ്കൊടികൾക്ക് ആത്മാവുണ്ടെന്ന
ഞങ്ങളുടെ ദുഃഖസത്യത്തെ വീണ്ടും ഊട്ടിയുറക്കാനാണ്...

വിഹായസ്സിലേക്ക് നീ ചിറകടിച്ചുയരുമ്പോൾ
സമാധാനത്തിന്റെ തണൽ
ഞങ്ങളുടെ കഴുകൻ ചിറകിനു കീഴെയെന്നു
നിന്റെ തിരിച്ചറിവ്,
ഞങ്ങളെ എന്നും സംശയത്തിന്റെ നിഴലിൽ
സസുഖം നിലനിർത്തുന്നവർക്ക്
ഉണ്ടാകാതെ പോകണേ എന്ന പ്രാർത്ഥന.

ഒരു പേര്, കൊടിയുടെ നിറം,
പറഞ്ഞ ഭാഷ, കുടിച്ച വെള്ളം,
കഴിച്ച ഭഷണം, ചെയ്ത പ്രാർത്ഥന....
അതുമല്ലേൽ ഇളകിയ കസേര,
വളഞ്ഞ മാനം, തെളിഞ്ഞ സത്യം....
അങ്ങനെ എന്തിനൊടുവിലും
നിന്നെക്കൊണ്ട് സമാധാനം പറയിക്കാൻ
നീയൊന്നു പറന്നു, മറയുമ്പോഴെയ്ക്കും
മാലാഖമാരാകുന്നു ഞങ്ങൾ...