ന(ര)ഗ(കം)രം...
രണ്ടക്ഷരവ്യത്യാസത്തിൽ
അർത്ഥവ്യത്യാസമില്ലാത്ത
ഒരു വാക്ക്...
നഗരമദ്ധ്യത്ത് നരകവെയിലിൽ
പുളയുമുടൽ
കുപ്പത്തൊട്ടി തുരന്ന്
വിശപ്പിനെ പട്ടുനൂലിനാൽ
കൊരുക്കുമിളം പുഴുക്കൾ...
നഗരത്തിന്റെ ദാരിദ്രരേഖ
നീളും വഴി ചേരിയിലേക്ക്,
നരകകവാടം തുറക്കുന്നു...
നഗര സ്വർഗ്ഗത്തിന്റെ
അഴുക്കു ചാലവസാനിക്കുന്നതും,
നരകസുഗന്ധം പരത്തുന്നതും,
ഈ കറുത്തയരുവിയിൽ.
ജനി,മൃതികൾക്കീ
നഗരം കണക്കുവയ്ക്കുമ്പൊഴും....
ജനനം കൊണ്ടുതന്നെ
നരകം വരിക്കും ജന്മങ്ങൾ...