ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Friday, February 22, 2013

വസന്തം നഷ്ടമാകുന്ന പൂക്കൾ...

വസന്തം നഷ്ടമാകുന്ന പൂക്കൾ...
---------------------------------------

വീട്ടിൽ പൂക്കളുണ്ട്,
വെള്ളവും, വളവും, സ്നേഹവും, ലാളനയും
കൊണ്ട് പരിലസിക്കുന്നവ...

പൂക്കളില്ലെങ്കിൽ
വീടാകില്ലെന്ന് പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്...

കഴിഞ്ഞവസന്തത്തിലെ
അമ്മപ്പൂവും,
എന്റെ വസന്തവും,
ഞങ്ങളുടെ പൂമൊട്ടും...

എത്തിനോട്ടങ്ങളുടെ
തീഷ്ണത ചിലപ്പോഴൊക്കെ
പൂക്കളെ വാട്ടുന്നുണ്ട്...
അതിനാൽ
വീടിന്റെ ചുറ്റുമതിൽ
രണ്ടു കല്ലുകൂടി വീണ്ടും ഉയർത്തിക്കെട്ടി...

മറ്റുള്ള വീടുകളിലെ പൂക്കളെ
ആരും കാണാ‍തെ എത്തിനോക്കുന്നത്
വല്ലാത്തൊരനുഭൂതിയാ‍ണ്...
തരം കിട്ടിയാൽ
ഒന്നു പരിലാളിക്കാനും....

വഴിയരിയിൽ
ഒരു മഞ്ഞ ഡാലിയായോട്
പഞ്ചാരക്കരിവണ്ട്
മൂളിപ്പാട്ടു പാടുന്നത്...
‘എന്തധിക്ഷേപമാണ്, പീഡനമാണ്‘
കാട്ടുന്നതെന്ന് ചോദ്യം ചെയ്ത്,
കയ്യേറ്റം നടത്തി...
പൂവിന്റെ ഇതളുകൾ
തലോടാനും, അടർത്താനും ശ്രമിക്കുന്ന
സഹായഹസ്തങ്ങളുണ്ട്....

സ്വന്തം പൂക്കൾ
പുറം ലോകത്ത് സുരക്ഷിതരല്ലെന്ന്
ബോധം തിരിയുന്നവൻ
മതിലിനു പുറത്തുകാണുന്ന
പൂക്കളൊക്കെ
ആരുടെയൊക്കയോ സ്വന്തമാണെന്നും,
ആരുടെയൊക്കയോ വീടാണെന്നും
ഇനി ഏത് വസന്തത്തിലാവാം തിരിച്ചറിയുക....?

4 comments:

  1. സമകാലിക അരക്ഷിത ചിന്തകൾ,ആവലാതികൾ,കപട സ്നേഹങ്ങൾ എല്ലാം വളരെ മനോഹരമായി കവിതയിലൂടെ അവതരിപ്പിച്ചു.
    ഒരുപാട് ഇഷ്ടമായി.

    ശുഭാശംസകൾ...... 

    ReplyDelete
  2. അന്യവീട്ടിലെ പൂക്കളെ അങ്ങനെ നോക്കാന് പാടില്ല

    ReplyDelete
  3. നോക്കാം.,.. എങ്ങനെ നോക്കണമെന്ന് സ്വന്തം വീട്ടിലെ പൂക്കളെ കുറിച്ച് കൂടി ഒന്നോർത്ത് വേണം...

    ReplyDelete
  4. സ്വന്തം പൂക്കൾ
    പുറം ലോകത്ത് സുരക്ഷിതരല്ലെന്ന്
    ബോധം തിരിയുന്നവൻ
    മതിലിനു പുറത്തുകാണുന്ന
    പൂക്കളൊക്കെ
    ആരുടെയൊക്കയോ സ്വന്തമാണെന്നും,
    ആരുടെയൊക്കയോ വീടാണെന്നും
    ഇനി ഏത് വസന്തത്തിലാവാം തിരിച്ചറിയുക....?
    ------
    നല്ല വരികൾക്ക് ആശംസകൾ

    ReplyDelete