ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Tuesday, November 17, 2009

ജനനം

ജനനം

"മരണമെന്നവസാന ശ്വാസവുമൂറ്റി,
കണ്ണുകളടച്ചും ചിരിച്ചും ജനിക്കുന്നു....."
ചുറ്റിലുമാളുകള്‍ കൂടുന്നു, കരയുന്നു.......
"അന്നെന്റെ ജനനമാഘോഷമാകുന്നു...."

തിങ്കളും താരവുമോടികളിക്കുന്ന
പൂങ്കാവനത്തിലെ പുണ്യമായി
ഞാനങ്ങ് ചെല്ലട്ടെ, ഓടി കളിക്കട്ടെ
കര്‍മ്മങ്ങള്‍ ശീഘ്രം കഴിച്ചുകൊള്‍ക!

പട്ടടയ്ക്കുള്ളോരു മാവുമുറിക്കുവാന്‍
ആളെ തിരയുന്നു ആരുമില്ല !
ആരോ പറയുന്നിതാ ശ്മശാനത്തിലെ
വൈദ്യുതി പട്ടട ഏറെ മെച്ചം...!

വിട്ടൊഴിഞ്ഞോടി പോകുവാനാകില്ല
കര്‍മ്മ ബന്ധങ്ങള്‍ തന്‍ പൂട്ടുകള്‍
പൊട്ടിച്ചെറിയാതെ..! പൊട്ടി കരയുന്നു
മരണം ജനിക്കുന്നു...പുണ്യമോ..പാപമോ..?

വായ്ക്കരിയായ് വച്ചു നീട്ടുന്ന
പുത്രന്റെ കൈകളെ,... ഓര്‍മ്മയില്‍
സ്വര്‍ണ്ണമുരച്ചൊരു തുള്ളി ചെറു
നവിനാലൂറുന്ന നവജാതസ്മൃതിയായ്‌.

നാക്കിലയില്‍ എള്ളിന്‍ കറുപ്പില്‍
തിളങ്ങുന്ന ബലിച്ചോറാമുരുളകല്‍....
"അമ്മതന്‍ കൈയ്യില്‍ നിന്നെത്ര....."
ബലികാക്കകള്‍ കാത്തു നില്‍ക്കെ...

കര്‍മ്മങ്ങള്‍ വേഗം കഴിച്ചീടുക നിങ്ങളീ-
പുണ്യജന്മം യാത്ര ചോദിക്കും വേളയില്‍
തലകീഴായി പെറ്റു വീണിടത്തിന്നു ഞാന്‍
നേരെ, നിവര്‍ന്നെ ജനിക്കും! മരണമായി...

കാലചക്രം തിരിയുന്നു ഞാനതിലെന്‍
തിങ്കളും താരവും തേടിയുഴലുന്നു...
ദൂരെ തെളിയുന്ന കാഴ്ചയില്‍ കാണുന്നു
എരിയുന്ന പട്ടട തീയും,പുകയുമായ്........

നിഴലിനൊപ്പം (ആത്മാവിനൊപ്പം)

നിഴലിനൊപ്പം (ആത്മാവിനൊപ്പം)


നിഴലിനൊപ്പം
മുന്നോട്ടു നടക്കുമ്പോള്‍....
സ്നേഹത്തിന്റെ
കറുത്ത ദുഃഖം പോലെ
കാല്‍ച്ചുവട്ടില്‍ തുടങ്ങി
ദൂരേയ്ക്ക് നീളുന്ന
നിശബ്ദനായ
നിഴലാട്ടക്കാരന്‍,
"ആത്മാവ്...."

"പ്രേതങ്ങള്‍ക്കു
നിഴലില്ലെന്നു..."
നിരീക്ഷണം....?

വഴിപിരിയുമ്പോള്‍.....

വഴിപിരിയുമ്പോള്‍.....


വഴിപിരിയുമ്പോള്‍.....
ദൂരെ തിരിയുന്ന
വഴിയില്‍,
ഒരു തിരിഞ്ഞു നോട്ടത്തിന്റെ
ചടങ്ങെങ്കിലും.......?.


തിരിഞ്ഞു നോക്കവേ.....
പുറം തിരിഞ്ഞ,
നടയില്‍,
എന്റെ ഹൃദയേശ്വരി
വഴിയരികിലെ
പ്രാണ ഭക്തന്മാര്‍ക്ക്...
പ്രസാദം പൊഴിയുകയായിരുന്നോ...?

സംശയത്തിന്റെ,
വഴിപിരിയലില്‍
ആദ്യം ശുഭയാത്ര നേര്‍ന്നത്
ഞാനോ, അവളോ....?

ദൂരവും, പ്രണയവും

ദൂരവും, പ്രണയവും


അവളുടെ കണ്ണില്‍
ഞാന്‍ എന്നെ നോക്കിയിരിയ്ക്കെ
ഒരു ചോദ്യം..
"ദൂരത്തില്‍ നിന്നും...
ദൂരത്തിലെയ്ക്ക്
എത്ര ദൂരം.. ?"

ദൂരത്തെ കൈച്ചുറ്റാല്‍
മാറിലൊതുക്കെ...
ഒരു മറു ചോദ്യം..
"ഞാനി"ല്‍ നിന്നും,
"നിന്നിലെയ്ക്ക് "ലേയ്ക്ക്
എത്ര അടുപ്പം... ?

മനസ്സുകള്‍ ഇരുകരയുമിരിയ്ക്കെ..
മഥനലീലയില്‍
ഉടലുകളിഴചേര്‍ന്നു
നാഗശീല്‍ക്കാരങ്ങളില്‍
വിക്ഷഫണമൊതുക്കി
ദൂരമില്ലായ്മയുടെ
ആലസ്യത്തില്‍
അകന്നു കിടക്കുമ്പോള്‍
ദൂരത്തിലെയ്ക്കുള്ള
ഉത്തരം തേടി....
ഞാന്‍ എന്നില്‍ നിന്നും
ഒരുപാട് ദൂരേയ്ക്ക്....
അതേ മാത്രയില്‍
എന്നില്‍നിന്നകലുന്നു...
ദൂരേയ്ക്ക്...ദൂരേയ്ക്ക്...
അത്രയുംതന്നെ ആയിരിയ്ക്കണം
അവളുടെ വിലയുറപ്പിച്ച,
സമയനിബന്ധിത പ്രണയത്തിന്റെ
ദൂരവും..

"ഇരതേടലുകള്‍"

"ഇരതേടലുകള്‍"


കോഴിമുട്ടയില്‍
കാളക്കണ്ണുതീര്‍ത്ത്
കത്തിയും, മുള്ളുമായി
കിള്ളിയടര്‍ത്തുന്ന
പ്രാതലില്‍...

മദ്ധ്യാഹ്നത്തില്‍...
നിറം പുരണ്ട
വിരകളെ
വീണ്ടും അതേ
കത്തിയും, മുള്ളുമായി
നുള്ളിവലിച്ചു
വായിലേയ്ക്കു....
പിന്നെ
അണുവിട
അണുവിമുക്തമാം
ചെറുകുളിരുള്ള
കുപ്പിവെള്ളം...

ഇരവിലിരയെടുക്കാന്‍...
ഇരുണ്ടവെളിച്ചത്തില്‍
മുഖം കാണാതെ
അറിയാതെ,പറയാതെ,
നുരയുന്ന ലഹരിയില്‍
ബോധക്ഷയത്തില്‍
പേരറിയാത്ത,രുചിയറിയാത്ത
അത്താഴമൂട്ടുകള്‍

പിന്നെ...
ലഹരിയില്‍
കൊഴുത്ത ദാഹം
തീര്‍ക്കാനൊരു "വേട്ട"-
യാടിത്തളര്‍ന്ന
ഇണയും,ഇരയും
ഇരുളില്‍ മറയുന്നു...
ഒരു "മഹദ്"ദിനാന്ത്യമായി.