ജനനം
"മരണമെന്നവസാന ശ്വാസവുമൂറ്റി,
കണ്ണുകളടച്ചും ചിരിച്ചും ജനിക്കുന്നു....."
ചുറ്റിലുമാളുകള്‍ കൂടുന്നു, കരയുന്നു.......
"അന്നെന്റെ ജനനമാഘോഷമാകുന്നു...."
തിങ്കളും താരവുമോടികളിക്കുന്ന
പൂങ്കാവനത്തിലെ പുണ്യമായി
ഞാനങ്ങ് ചെല്ലട്ടെ, ഓടി കളിക്കട്ടെ
കര്‍മ്മങ്ങള്‍ ശീഘ്രം കഴിച്ചുകൊള്‍ക!
പട്ടടയ്ക്കുള്ളോരു മാവുമുറിക്കുവാന്‍
ആളെ തിരയുന്നു ആരുമില്ല !
ആരോ പറയുന്നിതാ ശ്മശാനത്തിലെ
വൈദ്യുതി പട്ടട ഏറെ മെച്ചം...!
വിട്ടൊഴിഞ്ഞോടി പോകുവാനാകില്ല
കര്‍മ്മ ബന്ധങ്ങള്‍ തന്‍ പൂട്ടുകള്‍
പൊട്ടിച്ചെറിയാതെ..! പൊട്ടി കരയുന്നു
മരണം ജനിക്കുന്നു...പുണ്യമോ..പാപമോ..?
വായ്ക്കരിയായ് വച്ചു നീട്ടുന്ന
പുത്രന്റെ കൈകളെ,... ഓര്‍മ്മയില്‍
സ്വര്‍ണ്ണമുരച്ചൊരു തുള്ളി ചെറു
നവിനാലൂറുന്ന നവജാതസ്മൃതിയായ്.
നാക്കിലയില്‍ എള്ളിന്‍ കറുപ്പില്‍
തിളങ്ങുന്ന ബലിച്ചോറാമുരുളകല്‍....
"അമ്മതന്‍ കൈയ്യില്‍ നിന്നെത്ര....."
ബലികാക്കകള്‍ കാത്തു നില്‍ക്കെ...
കര്‍മ്മങ്ങള്‍ വേഗം കഴിച്ചീടുക നിങ്ങളീ-
പുണ്യജന്മം യാത്ര ചോദിക്കും വേളയില്‍
തലകീഴായി പെറ്റു വീണിടത്തിന്നു ഞാന്‍
നേരെ, നിവര്‍ന്നെ ജനിക്കും! മരണമായി...
കാലചക്രം തിരിയുന്നു ഞാനതിലെന്‍
തിങ്കളും താരവും തേടിയുഴലുന്നു...
ദൂരെ തെളിയുന്ന കാഴ്ചയില്‍ കാണുന്നു
എരിയുന്ന പട്ടട തീയും,പുകയുമായ്........
No comments:
Post a Comment