ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Monday, December 2, 2013

ഞാനെന്റെ അറിയാത്ത സുഹൃത്ത്... ?

ഞാനെന്റെ അറിയാത്ത സുഹൃത്ത്... ?
(03-12-2009)


പ്രിയ സുഹൃത്തേയെന്നെന്നെ
ഞാനെന്റെ പിഴച്ച നാവാല്‍
വിളിച്ചതില്‍ ക്ഷമിയ്ക്കുക..

ചിന്തയില്‍- ബുദ്ധിയാലന്ന്
എന്റെ സ്വാര്‍ത്ഥതയുടെ,
കൗഠില്യ തന്ത്രം രചിച്ചപ്പോള്‍
എന്റെ ഹൃദയരക്തത്തില്‍
നീ രചിച്ചത് നന്മയുടെ,
പ്രണയത്തിന്റെ,
സ്നേഹ മന്ത്രങ്ങള്‍..

ഞാനും, നീയുമൊന്നായിട്ടു-
മൊന്നാകാതെ പല ചിന്തയില്‍
പലകുറി പടവെട്ടിയൊടുവില്‍
ജയിച്ചതാര്, മരിച്ചതാര്..?

കുലച്ചവില്ലില്‍,
തൊടുത്തയമ്പില്‍
നിന്റെ ജീവനെ, ഹൃദയത്തെ
കൊരുത്തു ഞാന്‍
പിന്നെ മുറിവില്‍ നിന്നും
മറവിലേയ്ക്ക്
നീയന്നൊഴിഞ്ഞു പോയില്ലെ...?

കഴിഞ്ഞ കാലം
എരിച്ചു തീര്‍ത്ത
ചിതയില്‍ നിന്റെ
ചിരിച്ച പല്ലുകള്‍
ചികഞ്ഞെടുത്തപ്പോള്‍,
ചിത്തരോഗിയായി
ഇന്നീ ഇരുളിന്‍
മറവില്‍നിന്റെ
ചിരിയൊഴിഞ്ഞ എന്റെ
മുഖമറിയുന്നു ഞാന്‍…,

സുഹൃത്തേ….
നിന്നെ ഞാനറിഞ്ഞില്ലയെങ്കിലും
നീയെന്നെയറിയുന്നുവെന്ന
അറിവെങ്കിലും മതിയെനിയ്ക്ക്
ക്ഷമ ചൊല്ലി നീയാകുവാന്‍....

പറയുവാന്‍ മറന്ന യാത്രാമൊഴി

പറയുവാന്‍ മറന്ന യാത്രാമൊഴി 
(08-12-2009)




എന്നും,
തിരക്കിട്ട് പോകുമ്പോള്‍
പടിവാതിലില്‍ പകുതി
പ്രാണനെ വെടിയുന്ന ഭാര്യ,
പാല്‍പല്ലിന്‍ മോണകാട്ടി
പിഞ്ചിളം കൈകള്‍ വീശും മകൾ,
ഇടവാതിലിലെ നീണ്ട
നിശ്വാസമായ് അമ്മ.

എങ്കിലും
ഇന്നീ രാവിന്‍ മൂര്‍ദ്ധന്യത്തിലെ
യാത്രയെ ആരുമറിയരുത്.
മുറിയിലെ അരണ്ട വെളിച്ചത്തില്‍
എനിയ്ക്കിരു വശവുമായി
എന്റെ യാത്രയെക്കുറിച്ചറിയാതെ
എന്നില്‍ ചേര്‍ന്നുറങ്ങുമെന്റെ
സ്വപ്നവും, യാഥാര്‍ത്ഥ്യവും.

മുന്നില്‍ എന്നും വിളിച്ചുണര്‍ത്തും
ഘടികാര സൂചിതന്‍ തുടിപ്പുകള്‍
എന്റെ ഹൃദയതാളത്തില്‍ -
നിന്നൊഴിഞ്ഞു പോയതൊ..?

മുറിവിട്ട്, ഇടവാതിലിനരികില്‍
ഇരുളടഞ്ഞ കഴ്ച്ചയില്‍
നീണ്ട നിശ്വാസമായി- 'അമ്മയുറങ്ങട്ടെ..'

മുന്‍ വാതിലും കഴിഞ്ഞ്…
ഉമ്മറത്തെ പഴയ ചാരുകസാലയില്‍
ഓര്‍മ്മകളിളകിയാടുന്നു..

നടുമുറ്റത്തെത്തി
ഒന്നു തിരിഞ്ഞു നോക്കെ
തിരക്കിനിടയില്‍
മറന്ന വാച്ചോ, പെഴ്സോ,
ഫോണോ, റുമാലോ....
ഏതെങ്കിലുമായൊരു
പിന്‍വിളി കൊതിച്ചു പോയി...

ഈ യാത്രയില്‍
പറയുവാന്‍ മറന്ന യാത്രാമൊഴി-
"ഇനി നാം കണില്ലൊരിയ്ക്കലും"
എന്നായിരുന്നെന്ന് ഒരു പക്ഷെ
പറയാതെ അറിഞ്ഞിരിയ്ക്കും നിങ്ങൾ....

"രണ്ട് സമാഹാരങ്ങൾ"

"രണ്ട് സമാഹാരങ്ങൾ"
(9-12-2009)



നാം കവികളെന്നാരു പറഞ്ഞു....?
ഞാനാരെന്ന് എനിയ്ക്കും,
നീയാരെന്ന് നിനക്കുമറിയാം..
എങ്കിലും...?
നമ്മള്‍ കവികളൊ..!!


തീപിടിച്ച മനസ്സാണു..
"സത്യം.."
കവിതയ്ക്ക് വഴിതുറക്കാനല്ല
ജീവിതം വഴിമുട്ടിയതിനാലാൽ..
വഴിയരികിൽ, പെരുവെയിലില്‍
സ്വന്തം നിഴലിനു തണലായി
ഉരുകിയൊലിയ്ക്കുമ്പോള്‍
ഉണര്‍ന്ന ചില ചിന്തകള്‍
എഴുതി നിറച്ചത്
കവിതയൊ, ജീവിതമൊ.. ?

കേട്ടറിവില്‍ നാമിന്ന്
നേരിട്ട് കാണുമ്പോൾ,
വില്‍ക്കാനിരിയ്ക്കുന്ന
നാളീകേരത്തിന്റെ പിന്നില്‍
എന്റെ ജീവിതനാടകത്തിന്‍
ആദ്യസമാഹാരം 'ചുമടി'ന്നൊരു*
കോപ്പി നിനക്കായ് സമര്‍പ്പണം...

പവിത്രാ...
"നമ്മള്‍ വില്പ്പനക്കാരെന്ന-"
നിന്റെ ആത്മഗതം ഞാനറിയുന്നു..
നീ തന്ന ആത്മബലവും..

ഞാന്‍ രുചിവില്‍ക്കുന്നവള്‍,
നീ ഭാഗ്യം വിക്കുന്നവന്‍...
ഇനിയെന്നു കാണുമെന്നറിയാതെ
പിരിയാമെങ്കിലും...
പതിനൊന്നാം സമാഹാരം
'നമ്മള്‍ക്കിടയില്‍'* കൈയ്യൊപ്പിട്ടതിന്‍
ഒരു കോപ്പി നല്‍കീടുക..

എന്നെപ്പോലെ
ഞാന്‍ മാത്രമല്ലെന്നെനിയ്ക്കും,
നിന്നെപ്പോലെ
നീമാത്രമല്ലെന്നു നിനക്കും,
ഈ വഴിയരികിലെ
കാഴ്ചയും, സൗഹൃദവും... ..
പുതു കവിതയായി
ചിറകു വിടര്‍ത്തുമ്പോൾ..
അല്പ്പ‍നേരം സ്വയം മറക്കാം...
നമുക്കും കവികളാകാം..


പവിത്രന്‍ തീക്കുനി എന്ന യുവകവിയും, അംബിക എന്ന കവയിത്രിയും കൊല്ലം ചിന്നക്കടയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍.....
(മലയാള മനോരമയില്‍ വന്ന വാര്‍ത്ത)


*ചുമട് - അംബികയുടെ പ്രസിദ്ധീകരിച്ച കവിതാ സമാഹാരം.
*നമ്മള്‍ക്കിടയില്‍ - പവിത്രന്റെ പുതിയ കവിതാ സമാഹാരം..

Friday, November 22, 2013

ചില രാത്രികൾ....

ചില രാത്രികൾ....
========== (മാർച്ച്- 2011)

നല്ല നിലാ,വെന്‍ സുഹൃത്ത്
പയ്യാരം പറഞ്ഞിരിപ്പു-
പാതിരാവായ നേരത്ത്...
നാലിന്റെ പെരുപ്പിലീ ഞാനും.

ഇന്നലെ പറഞ്ഞ കവിതയില്‍
അമ്മയെത്തേടി, ഞാനുഴറി ചോദിക്കെ
ഉഴുവുചാലിലമ്മസീത ചിരിച്ചു....
നിലാവുപോല്‍....!!

പുരമേഞ്ഞ ഓലയില്‍
മിച്ചം കുറച്ചുപഴയോലെ
ഞാനെടുക്കുന്നു, തീകൂട്ടി
ഓര്‍മ്മകളെ ചൂടേറ്റുവാന്‍..

മുഴുപ്പട്ടിണിയുമായി
ഓര്‍മ്മകള്‍ വിരുന്നു വന്നപ്പോള്‍
കപ്പപ്പുഴുക്കു,മുണക്കചുട്ടതും
സദ്യവട്ടമൊരുക്കി, അമ്മയുടെ
ചിരി,യെന്തു രുചി..

നിന്റെ പയ്യാരങ്ങളില്‍
കാറും,കോളും നിറഞ്ഞു പെയ്യുമ്പോള്‍
എന്റെ പരിഭവങ്ങളൊഴുകി
കടലാസ്സുതോണിയുമേറ്റി...

ഇന്നു നുണഞ്ഞ 'വദേശി'യില്‍
അച്ഛന്റെയുമ്മ മണം തേടി-
വൃഥാ-യെങ്കിലുമിതെന്റെ
സ്വകാര്യം- ആരോടും പറയരുത്...!!!

ഒരായിരം മുറികളുള്ളിടത്തീ
ഒറ്റമുറിയിതൻ ചതുരക്കാഴ്ചയില്‍
ഞാനും, നീയും കതിരാടും വയലും,
തൊടിയും, വീടും, മുറ്റവും,
കണ്ടിരിക്കുന്നു-
നല്ല നിലാവിവിടെ
ജാലകത്തിനപ്പുറം കൊതിയേറ്റി നില്‍ക്കുന്നു..

Monday, July 8, 2013

പെയ്ത്തുകൾ....

പെയ്ത്തുകൾ....
---------------------

വരണ്ട നദികൾ
ഒരു പ്രളയ
സുരതത്തെ കാത്തുകിടന്നു..

മതങ്ങൾ
മാനവികതയ്ക്കുമപ്പുറം
മറ്റൊരളവുകോലിട്ട്
ഭൂമിയെ, മനുഷ്യരെ
തരം തിരിച്ചു....

മാനുഷികതയുടെ
തരിശു നിലങ്ങളിൽ
കൊയ്ത്തുപാട്ടിന്റെ
ശവഘോഷം...

വെള്ളമില്ലാത്ത
കിണറ്റുവക്കിൽ
തവള പുറംലോകം കണ്ട്,
തന്നിലേക്കു തന്നെ
കണ്ണടച്ച് എടുത്തു ചാടി....

മഴമേഘങ്ങൾ
ഇന്നിന്റെ മാനവമനം
പേറിയാണിരുന്നത്,
ഒന്നു പൊട്ടിയടർന്ന്
ആത്മഹത്യ ചെയ്യുവാൻ...

ദൈവങ്ങളുടെ
കേതാരങ്ങളിൽ
ഭക്തിതേടിയ മേഘഗർഭങ്ങൾ...

കുത്തിയൊലിക്കുന്ന
കെട്ടിപ്പടുക്കലിൽ
ഒലിച്ചു പോകാത്തതിനു
മതത്തിന്റെ മതിലുകെട്ടി,
മനുഷ്യശവങ്ങളെ കൊണ്ട്...

വിളിച്ചിട്ടും
പ്രതികരിക്കാത്ത
കുറേ അക്കങ്ങൾ
മാത്രമായ് മരിച്ചവരൊക്കെയും..

ദൈവവും,
ദേവഗേഹങ്ങളും
മനുഷ്യരുള്ളിടത്തോളം
സുരക്ഷിതം...

എങ്കിലും
ഗംഗയുടെ പുണ്യത്തിലേക്കെന്ന്
കണ്ണടച്ച് സമ്മതിക്കാനാകാതെ
ആരെങ്കിലുമൊക്കെ
കരയിലേക്ക്
നീന്തിയിട്ടുണ്ടാവണം...

Thursday, July 4, 2013

തിരിയാ മൊഴികൾ....

തിരിയാ മൊഴികൾ....
--------------------------

ഇലകൊഴിയും
ശിശിരശിഖരത്തിലെ
ഒറ്റയിലപ്പാമ്പ്...

ഉച്ചിയിൽ
ഉച്ചവെയിലേറ്റിയ കാറ്റ്
ആലസ്യത്തിലുണങ്ങാൻ കിടന്നു...

ദാഹിച്ചു വലഞ്ഞൊരു
പച്ചക്കുതിര,
മരുഭൂമിയിലേക്ക് പ്രതീക്ഷ ചാടിപോകുന്നു....

മേഘനിഴലുകളിൽ
പ്രതീക്ഷകളുടെ തെളിമതെളിയുന്ന
കാർമേഘപ്രഹേളിക....

വരൾച്ച കുടപിടിച്ച
മൊട്ടക്കുന്നുകൾക്ക്
തരിശ് പാടങ്ങളുടെ മരണസംഗീതം...

തണൽ തേടുന്ന
പഥികൻ തളരാതെ
പാടുന്നതും വസന്തത്തെ കുറിച്ചുതന്നെ...

വസന്തത്തിന്റെ
മദഗന്ധ,പാരാഗണങ്ങളെക്കുറിച്ച്
കാറ്റ് അപ്പോഴും സ്വപ്നം കാണുകയാണ്...

മോഹത്തിന്റെ
കനി പാകമാകുന്നതും കാത്ത്
പ്രലോഭനത്തിന്റെ പാമ്പ് തലകീഴായ് കിടക്കുന്നു...

കനിവറ്റ മണ്ണിലേക്ക്
വേരാഴ്ത്തി
മരപ്രതീക്ഷകൾ തളിരു തേടുന്നു...

ഇരുളിലേക്കാണ്
അന്നും പകൽ പൊലിഞ്ഞു പോയത്,
നാളെയെക്കുറിച്ച് നല്ലതൊന്നും പറയാനില്ലാതെ...

നിഴലുപോലും
നഷ്ടമായിത്തുടങ്ങിയ പ്രകൃതി
തന്നിലേക്ക് തന്നെ മടങ്ങിയെത്താനപേക്ഷിക്കുന്നുണ്ട്...

വംശനാശത്തെക്കുറിച്ച്
എപ്പോഴും ചിലക്കുന്ന ചീവിടും
ഒരു പക്ഷേ പറയുന്നതിതു തന്നെയാവാം....

കാലത്തിനൊത്തുപോകുന്ന
സകല ചരാചരങ്ങൾ ഒത്തുപറയുന്നതും
ഇതുതന്നെയാണ്- നമ്മോട് തന്നെയാണ്....

Tuesday, March 26, 2013

മണങ്ങൾ....

മണങ്ങൾ....
-----------------

വങ്ങൾ
പിരമിഡുകളൊരുക്കുകയാണ്...
ഭരിച്ച് മരിച്ചവന്റെ മമ്മിക്കുമുകളിലല്ല,
മരിച്ച് ഭരിക്കുന്നവന്റെ
മൂലധനത്തിൽ....

ഓരോ വാക്കും
ചീഞ്ഞളിഞ്ഞ്,
കാലം കഴിഞ്ഞിട്ടും
കുഴിച്ച് മൂടുകയോ, കത്തിച്ചു കളയുകയോ
ചെയ്യാത്ത ശവങ്ങളുടെ
ഓർമ്മകളാണ് പരത്തുന്നത്...

നഗരാവശിഷ്ടങ്ങൾ
വികസനത്തിന്റെ
തലപോയ നാറിയ
ശവങ്ങളെയാണ്
ഗ്രാമങ്ങളുടെ അതിർത്തിയിൽ
കാവലാക്കിയിട്ടുള്ളത്...

പുത്തൻ അധിനിവേശത്തിന്റെ
പെരും നാറ്റം സഹിക്കാതെ
നാട്ട് നായ്ക്കൾ പോലും കാടുകയറുമ്പോൾ
മനുഷ്യൻ നാഗരികതയ്ക്ക് വാലാട്ടുന്നു,
വിധേയനാകുന്നു...

വരും വസന്തത്തിന്റെ
പൂമണം ശവം നാറികൾ ഒരുക്കുന്നുണ്ട്,
അന്ന് നമുക്കിടയിൽ
പരസ്പരം കൈമാറാനുള്ള
പൂച്ചെണ്ട്,
ശവസൌരഭ്യം,
ഇന്നേ പരിചിതമാക്കുക...

Tuesday, February 26, 2013

പോക്കുവെയിലിൽ....

പോക്കുവെയിലിൽ....
------------------------------
പ്രിയേ-
നീ അറിഞ്ഞില്ലേ
കിഴക്കേ ചക്രവാളത്തിനപ്പുറം പകൽ തുടുത്ത് വരൂന്നുണ്ട്..
നിന്റെ കവിളിലെ ശോണിമ ഇക്കഴിഞ്ഞ രാത്രിമുഴുവനും
ഞാൻ ചുംബിച്ചണയ്ക്കുവാൻ ശ്രമിച്ചിട്ടും
പകൽ പോലെ സത്യം-
നിന്റെ പ്രണയം ഞാൻ നിന്റെ കവിളിൽ കാണുന്നു,
എന്റെ പ്രണയ മുദ്രകളും...

നമുക്കായ് പക്ഷികൾ കാഹളമുണ്ടാക്കുകയും,
പൂക്കൾ ചിരിക്കുകയും ചെയ്യുന്നു-
അരുണിമയായ് മാമലയ്ക്കപ്പുറത്ത് നിന്നും ഒരു പകൽ
ഇങ്ങനെ നമ്മേ എത്തിനോക്കുന്നുണ്ട്..

നമുക്ക് ചിറകുകൾ മുളക്കുന്നത്
നീ അറിയുന്നുണ്ടോ....
സ്വപ്നങ്ങളുടെ ചിറകുകൾ...
വേണ്ട- അതു വിരിയിക്കരുത്-
പകൽ- നിനക്കറിയില്ല- നിന്റെ ചിറകുകളെ
ചുട്ടുകരിക്കാനാകുന്നത്ര ചൂടുണ്ട്-
ഓരോ ചൂഴ്ന്ന നോട്ടത്തിലും, വാക്കിലും..

നമുക്ക് സ്വപ്നങ്ങളുടെ താഴ്വാരത്ത്
പോക്കുവെയിന്റെ സന്ധ്യയോടുള്ള പ്രണയം പറഞ്ഞിരിക്കാം..
നിന്റെ കവിളിലെ തുടുപ്പിൽ
എനിക്ക് ഉദയം കാണാനാകും...
നിന്റെ ചിരിയിൽ വസന്തവും,
ചുംബനങ്ങളിലെ ഗ്രീഷ്മവും,
പരസ്പരം പുണർന്ന ശൈത്യവും...

Friday, February 22, 2013

വസന്തം നഷ്ടമാകുന്ന പൂക്കൾ...

വസന്തം നഷ്ടമാകുന്ന പൂക്കൾ...
---------------------------------------

വീട്ടിൽ പൂക്കളുണ്ട്,
വെള്ളവും, വളവും, സ്നേഹവും, ലാളനയും
കൊണ്ട് പരിലസിക്കുന്നവ...

പൂക്കളില്ലെങ്കിൽ
വീടാകില്ലെന്ന് പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്...

കഴിഞ്ഞവസന്തത്തിലെ
അമ്മപ്പൂവും,
എന്റെ വസന്തവും,
ഞങ്ങളുടെ പൂമൊട്ടും...

എത്തിനോട്ടങ്ങളുടെ
തീഷ്ണത ചിലപ്പോഴൊക്കെ
പൂക്കളെ വാട്ടുന്നുണ്ട്...
അതിനാൽ
വീടിന്റെ ചുറ്റുമതിൽ
രണ്ടു കല്ലുകൂടി വീണ്ടും ഉയർത്തിക്കെട്ടി...

മറ്റുള്ള വീടുകളിലെ പൂക്കളെ
ആരും കാണാ‍തെ എത്തിനോക്കുന്നത്
വല്ലാത്തൊരനുഭൂതിയാ‍ണ്...
തരം കിട്ടിയാൽ
ഒന്നു പരിലാളിക്കാനും....

വഴിയരിയിൽ
ഒരു മഞ്ഞ ഡാലിയായോട്
പഞ്ചാരക്കരിവണ്ട്
മൂളിപ്പാട്ടു പാടുന്നത്...
‘എന്തധിക്ഷേപമാണ്, പീഡനമാണ്‘
കാട്ടുന്നതെന്ന് ചോദ്യം ചെയ്ത്,
കയ്യേറ്റം നടത്തി...
പൂവിന്റെ ഇതളുകൾ
തലോടാനും, അടർത്താനും ശ്രമിക്കുന്ന
സഹായഹസ്തങ്ങളുണ്ട്....

സ്വന്തം പൂക്കൾ
പുറം ലോകത്ത് സുരക്ഷിതരല്ലെന്ന്
ബോധം തിരിയുന്നവൻ
മതിലിനു പുറത്തുകാണുന്ന
പൂക്കളൊക്കെ
ആരുടെയൊക്കയോ സ്വന്തമാണെന്നും,
ആരുടെയൊക്കയോ വീടാണെന്നും
ഇനി ഏത് വസന്തത്തിലാവാം തിരിച്ചറിയുക....?

Sunday, February 17, 2013

അരി’യോരരിയോരാ...

അരി’യോരരിയോരാ...
---------------------------

അരി
വറുത്തെടുക്കുന്ന ഭരണം,
വറചട്ടിയിലും കൈയ്യിടുന്ന
രാഷ്ട്രീയം,
മലരുപോലെ പെരുകും മതം
കരിചന്തയിൽ
മൂന്നിരട്ടി ലാഭത്തിനു വിൽക്കും വിശ്വാസം.

അരിയും തിന്ന്
കണ്ടവനേയും കടിച്ചിട്ടും
നിയമം മുറുമുറുക്കുന്നു-
നിഴലുകൾ മാത്രം നോക്കി.

പണ്ടടിയന്തിരാവസ്ഥയിലെ
ഒരു മുദ്രാവാക്യം
ഇന്നു നിശബ്ദം മൂളുന്നുണ്ട്-
“ഇന്ദിരയമ്മോ പൊന്നമ്മോ
അരിക്ക് നാലരയായല്ലോ
എട്ടണകൂടി കൂട്ടിയാലോ
പച്ചനോട്ട് കൊടുക്കേണ്ടേ” -

ഛേയ്- മുദ്രാവാക്യത്തിലും
ദാരിദ്യവാസമോ?
അണക്കണക്കല്ല,
വിശപ്പിന്റെ കണക്കുപറയാൻ
നേരമില്ല, നേരുമില്ല...
ഞങ്ങളണികൾ മാത്രം.

പൂഴ്ത്തിവച്ച
മുതലാളിത്വത്തിൽ പുഴുവരിക്കുമെന്ന്
ഒരു ചെമന്ന പുഴു പറഞ്ഞത്,
ഇന്നിങ്ങനെ പൂത്തുപരിലസിക്കുമ്പോൾ
ഹാ- എന്താ മണം... തൃപ്തി.

ഏമ്പക്കം കൊണ്ട്
പ്രതികരിക്കുന്നവർക്കിടയിൽ
പാലക്കാടൻ മട്ട,
കുത്തരി, പൊടിയരി, പുഴുക്കലരി,
പച്ചരി,ബസ്മതി
ഏതെങ്കിലും മതി
ഒന്നുമില്ലെങ്കിൽ
സൂചിയാ നല്ലത്
ഷുഗറിനും, ചികിസ്തയ്ക്കും.

വെറുതേ ഒരു കവിത,
ഞാനും അരിക്കമ്പതായതിലൊന്ന്
വറുത്തെടുക്കട്ടെ...