ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Friday, January 6, 2012

തിരകളിലൂടെ......


ആകാശവും, കടലും
ചേര്‍ന്നൊരു നേര്‍വര
നീലിമതന്‍ അഭൗമ
സങ്കല്‍പ സമന്വയം...

തിരിഞ്ഞോടും തിരയ്ക്കെന്തേ..
തിരക്കാണോ, തിരക്കി ഞാന്‍
തിരയ്ക്കൊപ്പം,
തിര തിരികെ വന്നു.....
തിരിച്ചു പോം വഴി......!
"നീ തിരികെ വരുമ്പോഴെനിക്കൊരു
വലംപിരി ശംഖും, മുത്തുചിപ്പിയും".

ശംഖൂതി നിന്നെ ഞാന്‍
ഉണര്‍ത്തി വയ്ക്കാം....
"മുത്തിനാല്‍ ഞാനൊരു മാലതീര്‍ക്കാം.....
ഹൃത്തടത്തില്‍ നിന്നെ ചേര്‍ത്തുവയ്ക്കാം....."

ഓരോ ഇളക്കവും
ചെറുകാറ്റിനൊപ്പം..
ലവണാര്‍ദ്രമായ് നീ
തീരത്തെ തഴുകിടുന്നു
ജീവിത ചുവടുകളി-
ലടര്‍ന്നു, വിണ്ടൊരീ
കാല്‍ത്തടം ഉറയ്ക്കാതെ...!
ഒലിച്ചു നീ തിരിച്ചു
പോയിടുമ്പോള്‍...
അറിയുന്നു ഞാനെന്നെ...
നിന്നിലേക്കലിയുവാന്‍...
കാലടി മണ്ണിന്റെ
ശൂന്യത തീര്‍ത്തതും.

ആകില്ലെനിക്കീ അനന്ത
നീലിമ കണ്ടൊഴിഞ്ഞൊടുങ്ങുവാന്‍,
ആകില്ലെനിക്കീ മണല്‍-
തരികള്‍തന്‍ മൃദുത്വം വെടിയുവാന്‍
ആകില്ലെനിക്കീ കാറ്റിന്‍
സ്വാന്തന കൈകള്‍ മറക്കുവാന്‍
ആകില്ലെനിക്കീ തിരകള്‍തന്‍
തീരം വിട്ടൊഴിഞ്ഞീടുവാന്‍.

നീ പ്രകൃതിതന്‍ ശാന്തസ്വരൂപം
വേലിയേറ്റങ്ങളില്‍ പൂര്‍ണ്ണ-
ചന്ദ്രന്റെ ചുംബനം...
ഉന്മാദത്തിലൊരു വന്‍‌കര
പുണരുവാന്‍ "സുനാമി"ത്തിര
നീ പ്രകൃതിതന്‍ ഉഗ്രപ്രതാപി...

നീ എനിക്കായ് ഒരുക്കുക
ഉള്ളറകളിലൊളിപ്പിച്ച
വര്‍ണ്ണകാഴ്ചകള്‍.......!
എത്രയനന്തം, ആനന്ദദായകം
നിന്‍ നിത്യയൌവ്വനം
അമൃത കുംഭത്തെയൊളിച്ചു
വച്ചതില്‍ പാലാഴി
കടഞ്ഞതും വരുണന്‍ കുടിച്ചതും..!
ഇനിയെത്ര കുംഭങ്ങള്‍....?

തിരക്കിട്ട തിരകള്‍ക്കു
പിറകെ ഞാന്‍ പായാതെ
ഒതുക്കമായി ദൂരെയിരുന്നു നിന്‍
തിരയിളക്കത്തിന്‍ താളമായ്...
"തുടിക്കും ഹൃദയമെന്‍
അലയ്ക്കും തിരയത്..
നിലച്ചാല്‍ നിശ്ചലം
മരണവും സത്യമോ"....?

വലംപിരി ശംഖിന്റെ
നാദമുണരുന്നു ഒരു സന്ധ്യ-
കൂടിയുണരുന്നു, സൂര്യന്‍
ചെങ്കനലായ് നിന്നിലലിയുന്നു...

5 comments:

  1. ആകാശവും, കടലും
    ചേര്‍ന്നൊരു നേര്‍വര ....
    ഈ ഒരു വരി തന്നെ കവിതയുടെ atmosphere create ചെയ്യുന്നു ...
    ഇഷ്ടപ്പെട്ടു ... ആശംസകള്‍

    ReplyDelete
  2. വായനയിൽ സന്തോഷം.... യാത്രക്കാരാ...

    ReplyDelete
  3. കവിതയും കടല്‍ പോലെ നന്നായിരിക്കുന്നു
    കടലിനു നീല നിറം അപ്പൊ കവിതയ്ക്കോ ?

    ReplyDelete
  4. സതീഷ്. (വാക്കിലെ അല്ലേ..)
    കടലിനെ കൈവെള്ളയിൽ കോരിയെറ്റുക്കുമ്പോഴുള്ള നിറമില്ലായ്ക...
    അതു തന്നെ കവിതയ്ക്കും... സുതാര്യത....

    ReplyDelete
  5. കവിത നന്നായിട്ടുണ്ട്.. സ്നേഹാശംസകള്‍...

    ReplyDelete