അസ്ഥിത്തറ
സ്വന്തമായെന്നും-
ഒരുപിടി മണ്ണ് വേണം,
നിശബ്ദതയ്ക്കൊപ്പം ഒരൊറ്റയോടിന്റെ
ചെറു കൂടുകൂട്ടി, അതിലൊരു
കെടാത്തിരിവിളക്ക് വച്ചും,
അസ്ഥികള്‍ നിധിയായ് ഒളിച്ചു വച്ചും,
അസ്ഥിത്തറയ്ക്ക് നാലുചുറ്റും
തെച്ചിയും,അശോകവും
ചൊരിഞ്ഞൊരാ പൂക്കളും തുളസിയും.
കണ്ണില്‍ തെളിയുന്ന പ്രിയ ജനങ്ങളും,
എല്ലാമൊതുക്കി, ആത്മാവടക്കി,
അലയാതെ കാക്കുവാന്‍
ആത്മബലിക്കുള്ള ഉരുള ഊട്ടി,
തര്‍പ്പണ മന്ത്രങ്ങള്‍ അയവിറക്കി,
സ്വര്‍ഗ്ഗ,നരക വ്യഥ ചിന്തകളില്ലാതെ,
ഈയൂഴിയില്‍ വാഴുവാനീ
ആറടി മണ്ണും തികച്ചു വേണ്ട.
അസ്ഥിമാടങ്ങള്‍
ഇളകി മറിച്ചതില്‍, മറവിയ്ക്കു-
കൂട്ടുപിടിച്ചിളം തലമുറ
പായുന്ന കാഴ്ചകള്‍,
കണ്ണില്‍ മറയുമ്പോള്‍
ഓര്‍ക്കാനൊരു
കൊച്ചു മണ്‍കുടമെന്കിലും
കാത്തു കൊള്‍ക.....
No comments:
Post a Comment