അന്ന്
പത്താം തരത്തിൽ
തരം തിരിച്ച്
ആണിനും, പെണ്ണിനും
വെവ്വേറെ ക്ലാസുകളിലേക്ക്
നടത്തുമ്പോൾ
കുറുപ്പു സാറിന്റേയും
മീനാക്ഷി ടീച്ചറുടേയും
കണ്ണുകൾ പറഞ്ഞത്...
ബേബിയുടെ കണ്ണുകളിൽ
നട്ടുവച്ചത്...
പള്ളിക്കൂടത്തിന്റെ
അരമതിലപ്പുറത്ത്
ഇടവഴിയിലൂടെ
ആളുകൾ പോകുമ്പോൾ
അരനാണത്താൽ
പെൺകുട്ടികളും,
കൌതുകത്താൽ
ആൺകുട്ടികളും
വെവ്വേറെ ക്ലാസ്സുകളിലിരുന്നു
ഒന്നായി ചിന്തിക്കും-
എന്തായിരിക്കും
അടച്ചിട്ട ഓലപ്പുരയ്ക്കുള്ളിലെന്ന്.. ?
അപ്പോൾ
സങ്കൽപ്പങ്ങൾ
ചുംബനദൂരത്തിനപ്പുറം
ബയോളജിക്ലാസിലെ
പാഠഭേദങ്ങളിൽ
കൂപ്പുകുത്തി നിൽക്കും...
ഇടക്കിടെ
ആറാട്ടിനാനകൾ
പോകും പോലെ
ബേബി ഇടവഴിയിലൂടെ
മുടി വാരിക്കെട്ടി,
പിന്നെയും കെട്ടി,
കൈലി കുടഞ്ഞുടുത്ത്
മുറുക്കിത്തുപ്പി
പള്ളിക്കൂടത്തിന്റെ
ആവരത്തിലേക്ക് തുറിച്ചു നോക്കി
തെറിപറഞ്ഞ്
നടന്നുപോകും
കൂടൊരു നാലുവയസുകാരൻ മകനും.
ബേബി
പഞ്ചായത്ത് പള്ളിക്കൂടത്തിൽ നിന്നും-
പഞ്ചായത്തിന്റെ തന്നെ
സാമൂഹിപ്രശ്നമായ്
വളർന്നു വളർന്ന്
ഉറക്കം നഷ്ടമായ്,
ഓലപ്പുര നഷ്ടമായ്,
ഓർമ്മകൾ നഷ്ടമായ്
കാണാച്ചങ്ങലയിൽ
ഇടപ്പൂട്ടിട്ടുതളച്ച
മദയാനായെപ്പോലെ
എങ്ങോ എഴുന്നള്ളിപ്പോയ്...
ഇന്ന്
രണ്ടാളുയരം മതിലകത്ത്
കമ്പെയ്ൻ ക്ലാസ്സിൽ
ഇന്റർ- ബെല്ലിനിടയിൽ
ബേബിയുടെ
ഓലപ്പുരയ്ക്കുള്ളിലെ
കാഴ്ചകൈമാറി,
കണ്ടാസ്വദിക്കുന്ന
ഒരാണ് ഒരു പെണ്ണ്....
No comments:
Post a Comment