ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Saturday, November 17, 2012

പെയ്തൊഴിച്ചിലുകൾ..



മഴപെയ്തൊഴിയുമ്പോൾ
മനസ്സുകുളിർക്കും,
നിശബ്ദത
മണ്ണിന്റെ മണം കൊണ്ട് നിറയും..

ഇടച്ചാലുകളിൽ

കളകളങ്ങൾ
പതിയെപ്പതിയേ
കാതിലേക്കൊഴുകിയെത്തും..

തുള്ളിമുറിഞ്ഞടർന്നു വീഴും

കണങ്ങൾ- മരം പെയ്യുന്ന കാഴ്ചയിൽ
താളം മുറിഞ്ഞൊടുവിൽ
ഹൃദയതാളമായ് തീരും....

പെയ്തൊഴിയാതെ പോയ

കാർമേഘങ്ങൾ
അപ്പോഴും കാറ്റിനോട്
കലഹിച്ചു നിൽക്കുന്നുണ്ട്...

മഴയാഴങ്ങൾ തേടി

മണ്ണിലേക്കൂളിയിടും
മരവേരുകൾ മഴയുടെ മധുരം നുണഞ്ഞ്
ഇലകളെ സ്വപ്നം കാണും..

വെയിൽ വീണ്ടും,

ഇലകൾ
കാറ്റിനോട് സ്വകര്യം പറയും,
കലപിലകൂടും,
ചിലത് കൊഴിഞ്ഞു വീഴും..

വെയിലപ്പോഴും

പരിഭവങ്ങൾ പറയാതെ
കാറ്റിനോട്, മഴയോട്, മേഘത്തോട്,
മണ്ണിനോട്,
മരത്തോട്, ഇലയോട്, പൂവിനോട്
ഒരേ ചൂട് പകർന്ന്
കിഴക്കും, പടിഞ്ഞാറുമായ്
തന്റെ അതിരുകൾ കാക്കുന്നു...

Tuesday, November 13, 2012

കുരിശ്...




വരുമൊരുന്നാൾ
ഭയമില്ലാതെയീശ്മശാനത്തിൽ -
നീ നിനക്കിടം തേടി...

ആറടിമണ്ണ്
നിനക്കൊരുക്കി വച്ചിട്ടുണ്ട്-
അന്ത്യകുർബാനക്ക്
സമയമാം രഥത്തിലേറി
നീ വരുന്നേരം..

നിനക്കു
കൊണ്ടുപോകാനാകില്ലെന്നറിയുന്നവർ,
നിന്റെ പ്രിയർ
ഒരുപിടി പച്ചമണ്ണെറിയും...
നീ കൊടുത്തതൊക്കെ
അതിലുണ്ടാകും..

നീ കൊതിച്ച പൂക്കാലം -
ഋതുക്കൾ നോക്കാതെ
റീത്തുകളായ് നിന്നിൽ
വിരിഞ്ഞു നിൽക്കും...

ഒടുവിൽ
മണ്ണുമൂടി, കെട്ടിയുറപ്പിച്ച്
തിരുനെഞ്ചിലൊരു
കുരുശ് കുത്തി നിർത്തും..

നിനക്കും
ദൈവത്തിനുമിടയിൽ
ഒരു ചെകുത്താൻ
ആ നേരമലറും-
പാപങ്ങൾ പൊറുക്കേണമേയെന്ന്..

Monday, October 22, 2012

ബേബി.



അന്ന്
പത്താം തരത്തിൽ
തരം തിരിച്ച്
ആണിനും, പെണ്ണിനും
വെവ്വേറെ ക്ലാസുകളിലേക്ക്
നടത്തുമ്പോൾ
കുറുപ്പു സാറിന്റേയും
മീനാക്ഷി ടീച്ചറുടേയും
കണ്ണുകൾ പറഞ്ഞത്...
ബേബിയുടെ കണ്ണുകളിൽ
നട്ടുവച്ചത്...

പള്ളിക്കൂടത്തിന്റെ

അരമതിലപ്പുറത്ത്
ഇടവഴിയിലൂടെ
ആളുകൾ പോകുമ്പോൾ
അരനാണത്താൽ
പെൺകുട്ടികളും,
കൌതുകത്താൽ
ആൺകുട്ടികളും
വെവ്വേറെ ക്ലാസ്സുകളിലിരുന്നു
ഒന്നായി ചിന്തിക്കും-
എന്തായിരിക്കും
അടച്ചിട്ട ഓലപ്പുരയ്ക്കുള്ളിലെന്ന്.. ?

അപ്പോൾ

സങ്കൽ‌പ്പങ്ങൾ
ചുംബനദൂരത്തിനപ്പുറം
ബയോളജിക്ലാസിലെ
പാഠഭേദങ്ങളിൽ
കൂപ്പുകുത്തി നിൽക്കും...

ഇടക്കിടെ

ആറാട്ടിനാനകൾ
പോകും പോലെ
ബേബി ഇടവഴിയിലൂടെ
മുടി വാരിക്കെട്ടി,
പിന്നെയും കെട്ടി,
കൈലി കുടഞ്ഞുടുത്ത്
മുറുക്കിത്തുപ്പി
പള്ളിക്കൂടത്തിന്റെ
ആവരത്തിലേക്ക് തുറിച്ചു നോക്കി
തെറിപറഞ്ഞ്
നടന്നുപോകും
കൂടൊരു നാലുവയസുകാരൻ മകനും.

ബേബി

പഞ്ചായത്ത് പള്ളിക്കൂടത്തിൽ നിന്നും-
പഞ്ചായത്തിന്റെ തന്നെ
സാമൂഹിപ്രശ്നമായ്
വളർന്നു വളർന്ന്
ഉറക്കം നഷ്ടമായ്,
ഓലപ്പുര നഷ്ടമായ്,
ഓർമ്മകൾ നഷ്ടമായ്
കാണാച്ചങ്ങലയിൽ
ഇടപ്പൂട്ടിട്ടുതളച്ച
മദയാനായെപ്പോലെ
എങ്ങോ എഴുന്നള്ളിപ്പോയ്...

ഇന്ന്

രണ്ടാളുയരം മതിലകത്ത്
കമ്പെയ്ൻ ക്ലാസ്സിൽ
ഇന്റർ- ബെല്ലിനിടയിൽ
ബേബിയുടെ
ഓലപ്പുരയ്ക്കുള്ളിലെ
കാഴ്ചകൈമാറി,
കണ്ടാസ്വദിക്കുന്ന
ഒരാണ് ഒരു പെണ്ണ്....

Sunday, October 21, 2012

ഓർമ്മക്കുറിപ്പ്...



ഒരു കവിത...
ലഹരി മണത്ത്
മഴനനഞ്ഞ്, ചെളിപുരണ്ട്
കളകളം കുത്തൊഴുക്കുള്ള
ഓടയുടെ വശത്ത്
മതിലു ചാരി ഇരിക്കുന്നു...

അറിയാത്തവന്

ഒരു പാമ്പാട്ടം-
അറിയുന്നവനു മിന്നലാട്ടം
കവിതയുടെ...

വാഗ്ദത്തയിരിപ്പിടങ്ങൾ

തനിക്ക് പൊരുത്തമാകില്ലെന്ന്
ഒരു ചിരിയാൽ
രണ്ട് വരിയാൽ മാറിനടന്നവൻ...

എഴുതുമ്പോൾ വികാരവും,

എഴുതിക്കരിഞ്ഞാൽ വിചാരവുമാകുന്ന
കവിതയ്ക്ക് ലഹരി വിലമാത്രം...

അപ്പോഴും കൈമടക്കിൽ

സുരക്ഷിതയയായിരുന്നു...
പിന്നിൽ തറഞ്ഞ കൂരമ്പിലും,
മരണത്തിലും
ഇറങ്ങിപ്പോകാത്ത കവിത..

ഒരിക്കലും

അയാൾ ഒറ്റക്കായിരുന്നില്ല...

പാഠ്യം...



രാവിലെ സ്റ്റാഫ് റൂമിൽ-

ചരിത്രാധ്യാപകൻ

ഇന്നലെ മറന്ന കണ്ണട തെരയുന്നു...

ധനകാര്യാധ്യാപകൻ

പറ്റ് ശമ്പളത്തിനപേക്ഷയെഴുതുന്നു,..

മലയാളം വാധ്യാർ

“ഗുഡ് മോർണിംഗ്” പറഞ്ഞ് കൈവീശുന്നു..

കോട്ടിട്ട ആംഗലേയാധ്യാപകൻ

ഫോണിൽ ക: പു- പച്ചക്ക് പറയുന്നു...

ഫിസിക്സ് മാഷ്

മൂലയ്ക്കുറക്കം തൂങ്ങി ഭൂഗുരുത്വമറിയിക്കുന്നു..

ബയോളജിയദ്ധ്യാപിക-

ഇന്നലത്തെ അയിലക്കറിയെക്കുറിച്ച് വാചാലയാകുന്നു...

കണക്കുമാഷിനു

കണക്കു തെറ്റിച്ച മകളുടെ കല്യാണക്കാര്യം ...

പല തുരുത്തുകളിൽ ,

വിഷയങ്ങളിൽ നിന്നും മാറിയിരുന്നു
ജീവിതം കാണാതെ പഠിക്കാൻ ശ്രമിക്കുന്നുണ്ട് പലരും..

ക്ലാസ്മുറികളിൽ

പുതിയൊരു ലോകം
പുസ്തകങ്ങൾക്ക് മുകളിലിരുന്നു സ്വപ്നം കാണുന്നുണ്ട്....