ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Friday, December 23, 2011

ചില പരിഭവങ്ങൾ...

ഭാര്യ പറഞ്ഞത്...

ഞാന്‍ വിരിയാണ്
നിനക്ക് ചൂട് പകരാന്‍,
രതി മൂര്‍ദ്ധന്യത്തില്‍ മാത്രം
അദ്വൈതമോതി നീ
പിന്നെ അകന്നു മാറും
കാന്തിക സജാതിയധ്രുവങ്ങള്‍ പോലെ...

ഞാന്‍ തീയായ്, പുകയായി,
തിളയ്ക്കുമെണ്ണയായി,
എരിയായി, പുളിയായി
നിനക്ക് രുചിയാകാന്‍ വിധിച്ചവള്‍.

നിന്റെ ഗര്‍ഭം ചുമന്നു ഞാന്‍
പേറ്റുനോവില്‍ നിന്റെ
പൈതൃകം പോറ്റിയോള്‍.

നിന്റെ താലിചരടില്‍
കുരുങ്ങി ജീവപര്യന്തം
ഒടുങ്ങി തീരേണ്ടുന്നവള്‍.

ഭര്‍ത്താവ് പറഞ്ഞത്...

എന്റെ ഇടംകൈയ്യ്
തലയിണയാക്കി നീ-
എന്റെ ഇടംനെഞ്ചിന്‍
തുടിപ്പിലുറക്കു പാട്ടുകേട്ടവള്‍.

നീയൊരുക്കും രുചിയില്‍
ഉപ്പായതെന്റെ വിയര്‍പ്പെന്നു-
നീയറിയുന്നതിന്റെ രുചിയും.

പേറ്റുനോവിനൊടുവിലെ
കുഞ്ഞുനിലവിളിയില്‍
നിന്റെ സ്ത്രീത്വം ജനിച്ചതും,
മുലചുരന്നതും ഞാനുമറിയുന്നു...

എന്റെ താലിചരടിലെ
കുരുക്കിരുതലയിലും
ഉണ്ടെന്നറിയുക നീയും....
"ഞാനും നിന്നെപ്പോലെ"

മക്കള്‍ പറഞ്ഞത്....

അച്ഛന്‍ കിടക്കയെങ്കില്‍,
അമ്മ വിരിയെങ്കില്‍
ഞങ്ങള്‍- മക്കള്‍ കിടന്നുറങ്ങാം
നിങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുക
പുലരിവരേയ്ക്കും
പുലര്‍ന്നാല്‍ വിരിമടക്കും,
ഞങ്ങള്‍ കിടക്കമറക്കും
പിന്നീട് ഒരു സായന്തനം-
വരുംകാലം ഞങ്ങളുംമാറാം
ഒരു കിടക്കയായോ, വിരിയായോ..

6 comments:

  1. നിന്റെ താലിചരടില്‍
    കുരുങ്ങി ജീവപര്യന്തം
    ഒടുങ്ങി തീരേണ്ടുന്നവള്‍.

    എന്റെ താലിചരടിലെ
    കുരുക്കിരുതലയിലും
    ഉണ്ടെന്നറിയുക നീയും....
    "ഞാനും നിന്നെപ്പോലെ

    ReplyDelete
  2. മാനുഷിക ഭാവങ്ങള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു


    ആശംസകള്‍ !!

    http://heraldgoodearth.blogspot.com/

    ReplyDelete
  3. അച്ഛന്‍ കിടക്കയെങ്കില്‍,
    അമ്മ വിരിയെങ്കില്‍
    ഞങ്ങള്‍- മക്കള്‍ കിടന്നുറങ്ങാം
    നിങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുക
    പുലരിവരേയ്ക്കും
    പുലര്‍ന്നാല്‍ വിരിമടക്കും,
    ഞങ്ങള്‍ കിടക്കമറക്കും
    പിന്നീട് ഒരു സായന്തനം-
    വരുംകാലം ഞങ്ങളുംമാറാം
    ഒരു കിടക്കയായോ, വിരിയായോ..

    ReplyDelete
  4. ജീവിതം !!!!ഇത്തിരി വരികളില്‍ ,നന്നായി വരച്ചിട്ടു ഭാവുകങ്ങള്‍

    ReplyDelete
  5. വളരെ സന്തോഷം.. വായിച്ച് പോയവര്‍ക്കും,
    അഭിപ്രായം പറഞ്ഞ് പോയവര്‍ക്കും..

    ReplyDelete