ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, December 25, 2011

വിപ്ലവം - നഷ്ടപ്പെട്ട സുഹൃത്ത്..


അവസ്ഥാന്തരേ കൊടുംശൈത്യബാധിതം
ഇരുളടഞ്ഞൊളിച്ചിരിപ്പാണിന്നിലേയ്ക്ക്
മനസ്സ് തുറക്കാതെയന്തരംഗത്തില്‍
നിണതിളപ്പിന്റെ യൗവ്വനഛായങ്ങള്‍
ചാലിച്ച ചിത്രങ്ങള്‍ തൂത്തും തുടച്ചും...


ശുഷ്ക്കിച്ചുളിഞ്ഞ കൈവിരലുകളെത്ര
മുഷ്ട്ടികാട്ടിയന്നാകാശത്തെ തട്ടിവിളിച്ചീ-
യിഷ്ടഭൂമിയില്‍ പാരതന്ത്ര്യത്തിന്റെ
ശിഷ്ടകാലമൊടുക്കി പറക്കുവാന്‍....


നിണമൂറി,പ്പിണമായി തൃണമേറ്റി
മണ്ണോടലിയാത്ത,യസ്ത്ഥിയായി,
കണ്ണില്‍ മറയാത്ത കാഴ്ചയായി,
വിണ്ണിലേയ്ക്ക് നീ സ്വതന്ത്രനായി.


വന്നുനില്‍ക്കുന്നിതെന്റെ മുന്നില്‍
ഇന്നലെക്കണ്ട ശോണിമയെങ്ങോ
നിന്റെ വദനത്തിലില്ലിന്ന്, കണ്ണില്‍
മിന്നായമില്ല, ചുറു,ചുറുക്കും.


രക്തസാക്ഷിയെന്നോമനപ്പേരില്‍
മുക്തകണ്ഡം പ്രശംസകളേറ്റുനീ
നില്‍പ്പാണ് അനാഥത്വത്തിന്റെ
കല്‍പ്പിത പുറമ്പോക്കിലേകനായി..


രക്തപുഷ്പങ്ങ,ളോര്‍മ്മ പുതുക്കുകള്‍
ശക്തശപഥങ്ങള്‍,കേട്ടുമടുത്തു നീ
യുക്തിവാദത്തിന്റെ പിന്നാമ്പുറങ്ങളില്‍
ആത്മാവലയിച്ചു കാത്തുകിടന്നതും.


ഇന്നീയിരുളിന്റെ നിറവിലെന്നാത്മാവ്
എന്നില്‍ നിന്നൊഴിയാതെ നിസ്സംഗമാം
പിന്‍ വിളികളില്‍ കാതുചേര്‍ത്തിട്ട്
എന്നോ കേട്ടൊരീണത്തില്‍ തലയാട്ടിടുന്നു.


വിപ്ലവക്കാടുകളില്‍ സമത്വത്തിന്റെ
കല്‍പനകള്‍ തേടിനാമലയും നാളുകളില്‍
ഉള്‍ത്തുടുപ്പായിരുന്നാ,ദര്‍ശത്തിനുമിപ്പുറം
ഉള്‍ക്കാഴ്ച്ചയാര്‍ന്നോരീ സൗഹൃദം.


'സഖാവേ' എന്നൊരു വിളിയ്ക്കിന്ന്
മുഖം തിരിയ്ക്കുന്നു ഞാനെങ്കിലും,
സഖേ നിന്‍ സൗഹൃദസ്മരണകള്‍
സുഖമോലുമൊരു കുളിരായലിയുന്നു.


ഇരുളടഞ്ഞിരിപ്പാ,ണാദര്‍ശത്തിന്റെ
ഇരട്ടപ്പുതപ്പും, പുതച്ചു ഞാന്‍,
വരില്ലെന്നറിയുന്നു,വെങ്കിലും നീ
വരുമെന്ന പ്രതീക്ഷയും ചേര്‍ത്ത്...

4 comments:

  1. ശുഷ്ക്കിച്ചുളിഞ്ഞ കൈവിരലുകളെത്ര
    മുഷ്ട്ടികാട്ടിയന്നാകാശത്തെ തട്ടിവിളിച്ചീ-
    യിഷ്ടഭൂമിയില്‍ പാരതന്ത്ര്യത്തിന്റെ
    ശിഷ്ടകാലമൊടുക്കി പറക്കുവാന്‍....

    ഒരു സാമ്പിളിന് ഞാന്‍ ഇവിടെ വീണ്ടും എടുതിട്ടുവെന്നെ ഉള്ളൂ. എത്ര കിടിലം സ്ടാന്സകള്‍ വേറെയും.

    ചിന്ത ആയാലും എഴുത്തായാലും മാഷ് ആളു ജീനിയസ്‌ ആണ്.

    ReplyDelete
  2. പൊട്ടന്റെ വായന എനിക്കുമിഷ്ടമായി..
    വളരെ സന്തോഷം...

    ReplyDelete
  3. ഇടക്ക് കാണുമ്പോള്‍ സൌഹൃദം പുതുക്കാറുണ്ട്..ചിലപ്പോള്‍ കാണാന്‍ പോകാറുണ്ട്..പക്ഷേ..!


    ആശംസകള്‍..!

    ReplyDelete