ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Friday, December 30, 2011

പടനിലങ്ങള്‍......


ടനിലങ്ങള്‍......
അക്ഷൌഹിണിയില്‍...
ആന, കുതിര, കാലാള്‍പ്പടയും,
തേരും, തേരാളിയും, പോരാളിയും
നിറഞ്ഞ പടനിലങ്ങള്‍.

പടനിലങ്ങള്‍....
പൊരുതി മരിക്കുവാനും,
മരിയ്ക്കാത്തവര്‍ക്കു-
തോല്‍ക്കുവനുമുള്ള,
രക്തം മണക്കുന്ന,
കഴുകന്‍ പറക്കുന്ന,
ശാപ ഭൂമി.

പടനിലങ്ങള്‍.....
ഹൃദയവും, തലച്ചോറും
ഏറ്റുമുട്ടുമ്പോള്‍
ഹൃദയത്തില്‍ നിന്നും
സ്നേഹത്തിന്റെ രക്തം,
സമാധാനത്തിന്റെ
ശ്വേതാണുക്കളൊപ്പം
ധമനികളിലൂടെ തലച്ചോറില്‍
പടയോട്ടം നടത്തുമ്പോള്‍
തിരിച്ചറിവിന്റെ ഭയവും,
ബുദ്ധിയുടെ സൂഷ്മതയും,
അറിവിന്റെ അഹന്തയും,
ചിന്തയുടെ ഭാരവും
ചാവേറുകളായി പൊരുതുന്നു....

ദൂരെ.....
നഷ്ടങ്ങളുടെ ബാലികാക്കകള്‍
കൊക്കുമിനുക്കി, ചിറകടിക്കുന്നു.....

Wednesday, December 28, 2011

ചില കടങ്ങള്‍...


രിയ്ക്കല്‍ ഒരുരാത്രിയ്ക്ക്
വിലപറഞ്ഞു വന്നവള്‍
പുലര്‍കാലത്തില്‍
കടം ചോദിച്ചത് ഒരു ജീവിതം...

വീണ്ടുമൊരിയ്ക്കല്‍,
കോയിന്‍ ബൂത്തില്‍
നോട്ടുകള്‍ കടലാസിനേക്കാള്‍
മൂല്യമറ്റു നില്‍ക്കെ
അമ്മയുടെ മരണമൊഴിയ്ക്കായി
ഒരൊറ്റ നാണയവും,
നിറഞ്ഞ ചിരിയും,തന്നു നടന്നകന്ന
ഒറ്റ കണ്ണുള്ള ഭിക്ഷാടകാന്‍.

സീലിംഗില്‍ കൊരുത്ത
കുരുക്കില്‍ ജീവിതം
ഒടുക്കാനോരുങ്ങുമ്പോള്‍
മറു മുറിയിലെ നിഴലാട്ടം
'കള്ളനെന്നുള്ള' മുറവിളി
തിരികെ തന്നത് എന്നെതന്നെ.

മറ്റൊരിയ്ക്കലൊരു കലാപത്തില്‍
മനുഷ്യര്‍ മൃഗതുല്യരാകുമ്പോള്‍
മരണത്തിന്റെ വാള്‍മുനയില്‍ നിന്നും
രക്ഷിച്ച രണ്ടുമല്ലാത്തൊരു "മനുഷ്യന്‍"


ചിതലരിയ്ക്കാത്ത ഓര്‍മ്മകളില്‍,
ചില കടങ്ങള്‍ ഇനിയുമുണ്ട് -
”ചിതറിയ,കരിപുരണ്ട ചില ജന്മങ്ങള്‍
വച്ചു നീട്ടിയ ജീവിതം.... (പ്രേരണ)”
- ജനനവും, മരണവും പോലെ...
കൈനീട്ടി വാങ്ങാത്ത കടങ്ങളായി

Monday, December 26, 2011

ഇടവഴി...ചാലിറമ്പിലൂടെ,
വയലരികിലൂടെ
ഒരിടവഴി...

തെക്കേതോട്ടിലെ
കുളിരിലിറങ്ങി
നടന്നു കയറി...

കൈതപ്പൂമണത്തിന്റെ
മുള്ളുകുത്തി,
കാളപ്പൂമൊട്ടുതൊട്ട്,
കുളക്കോഴി കാടിളക്കി...

ചാവരപ്പുപ്പനെ
തൊഴുത് വണങ്ങി,
പുലിക്കുഴിത്തടം താണ്ടി...

വഞ്ചി മുക്കില്‍
സാമിയപ്പാപ്പന്റെ
ഏറുമാടക്കട
ലഹരിയൂതി...

വഴിപിരിഞ്ഞ്...

ചെമ്മണ്ണും പഴിപറഞ്ഞ്
കരിറോഡില്‍
പുകനിറച്ച്
ഇടവഴി മറഞ്ഞുപോയി...

കൈതമുള്ളിന്‍
നീറ്റലുള്ള
ഓര്‍മ്മ മാത്രം ബാക്കി.

Sunday, December 25, 2011

വിപ്ലവം - നഷ്ടപ്പെട്ട സുഹൃത്ത്..


അവസ്ഥാന്തരേ കൊടുംശൈത്യബാധിതം
ഇരുളടഞ്ഞൊളിച്ചിരിപ്പാണിന്നിലേയ്ക്ക്
മനസ്സ് തുറക്കാതെയന്തരംഗത്തില്‍
നിണതിളപ്പിന്റെ യൗവ്വനഛായങ്ങള്‍
ചാലിച്ച ചിത്രങ്ങള്‍ തൂത്തും തുടച്ചും...


ശുഷ്ക്കിച്ചുളിഞ്ഞ കൈവിരലുകളെത്ര
മുഷ്ട്ടികാട്ടിയന്നാകാശത്തെ തട്ടിവിളിച്ചീ-
യിഷ്ടഭൂമിയില്‍ പാരതന്ത്ര്യത്തിന്റെ
ശിഷ്ടകാലമൊടുക്കി പറക്കുവാന്‍....


നിണമൂറി,പ്പിണമായി തൃണമേറ്റി
മണ്ണോടലിയാത്ത,യസ്ത്ഥിയായി,
കണ്ണില്‍ മറയാത്ത കാഴ്ചയായി,
വിണ്ണിലേയ്ക്ക് നീ സ്വതന്ത്രനായി.


വന്നുനില്‍ക്കുന്നിതെന്റെ മുന്നില്‍
ഇന്നലെക്കണ്ട ശോണിമയെങ്ങോ
നിന്റെ വദനത്തിലില്ലിന്ന്, കണ്ണില്‍
മിന്നായമില്ല, ചുറു,ചുറുക്കും.


രക്തസാക്ഷിയെന്നോമനപ്പേരില്‍
മുക്തകണ്ഡം പ്രശംസകളേറ്റുനീ
നില്‍പ്പാണ് അനാഥത്വത്തിന്റെ
കല്‍പ്പിത പുറമ്പോക്കിലേകനായി..


രക്തപുഷ്പങ്ങ,ളോര്‍മ്മ പുതുക്കുകള്‍
ശക്തശപഥങ്ങള്‍,കേട്ടുമടുത്തു നീ
യുക്തിവാദത്തിന്റെ പിന്നാമ്പുറങ്ങളില്‍
ആത്മാവലയിച്ചു കാത്തുകിടന്നതും.


ഇന്നീയിരുളിന്റെ നിറവിലെന്നാത്മാവ്
എന്നില്‍ നിന്നൊഴിയാതെ നിസ്സംഗമാം
പിന്‍ വിളികളില്‍ കാതുചേര്‍ത്തിട്ട്
എന്നോ കേട്ടൊരീണത്തില്‍ തലയാട്ടിടുന്നു.


വിപ്ലവക്കാടുകളില്‍ സമത്വത്തിന്റെ
കല്‍പനകള്‍ തേടിനാമലയും നാളുകളില്‍
ഉള്‍ത്തുടുപ്പായിരുന്നാ,ദര്‍ശത്തിനുമിപ്പുറം
ഉള്‍ക്കാഴ്ച്ചയാര്‍ന്നോരീ സൗഹൃദം.


'സഖാവേ' എന്നൊരു വിളിയ്ക്കിന്ന്
മുഖം തിരിയ്ക്കുന്നു ഞാനെങ്കിലും,
സഖേ നിന്‍ സൗഹൃദസ്മരണകള്‍
സുഖമോലുമൊരു കുളിരായലിയുന്നു.


ഇരുളടഞ്ഞിരിപ്പാ,ണാദര്‍ശത്തിന്റെ
ഇരട്ടപ്പുതപ്പും, പുതച്ചു ഞാന്‍,
വരില്ലെന്നറിയുന്നു,വെങ്കിലും നീ
വരുമെന്ന പ്രതീക്ഷയും ചേര്‍ത്ത്...

Friday, December 23, 2011

ചില പരിഭവങ്ങൾ...

ഭാര്യ പറഞ്ഞത്...

ഞാന്‍ വിരിയാണ്
നിനക്ക് ചൂട് പകരാന്‍,
രതി മൂര്‍ദ്ധന്യത്തില്‍ മാത്രം
അദ്വൈതമോതി നീ
പിന്നെ അകന്നു മാറും
കാന്തിക സജാതിയധ്രുവങ്ങള്‍ പോലെ...

ഞാന്‍ തീയായ്, പുകയായി,
തിളയ്ക്കുമെണ്ണയായി,
എരിയായി, പുളിയായി
നിനക്ക് രുചിയാകാന്‍ വിധിച്ചവള്‍.

നിന്റെ ഗര്‍ഭം ചുമന്നു ഞാന്‍
പേറ്റുനോവില്‍ നിന്റെ
പൈതൃകം പോറ്റിയോള്‍.

നിന്റെ താലിചരടില്‍
കുരുങ്ങി ജീവപര്യന്തം
ഒടുങ്ങി തീരേണ്ടുന്നവള്‍.

ഭര്‍ത്താവ് പറഞ്ഞത്...

എന്റെ ഇടംകൈയ്യ്
തലയിണയാക്കി നീ-
എന്റെ ഇടംനെഞ്ചിന്‍
തുടിപ്പിലുറക്കു പാട്ടുകേട്ടവള്‍.

നീയൊരുക്കും രുചിയില്‍
ഉപ്പായതെന്റെ വിയര്‍പ്പെന്നു-
നീയറിയുന്നതിന്റെ രുചിയും.

പേറ്റുനോവിനൊടുവിലെ
കുഞ്ഞുനിലവിളിയില്‍
നിന്റെ സ്ത്രീത്വം ജനിച്ചതും,
മുലചുരന്നതും ഞാനുമറിയുന്നു...

എന്റെ താലിചരടിലെ
കുരുക്കിരുതലയിലും
ഉണ്ടെന്നറിയുക നീയും....
"ഞാനും നിന്നെപ്പോലെ"

മക്കള്‍ പറഞ്ഞത്....

അച്ഛന്‍ കിടക്കയെങ്കില്‍,
അമ്മ വിരിയെങ്കില്‍
ഞങ്ങള്‍- മക്കള്‍ കിടന്നുറങ്ങാം
നിങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുക
പുലരിവരേയ്ക്കും
പുലര്‍ന്നാല്‍ വിരിമടക്കും,
ഞങ്ങള്‍ കിടക്കമറക്കും
പിന്നീട് ഒരു സായന്തനം-
വരുംകാലം ഞങ്ങളുംമാറാം
ഒരു കിടക്കയായോ, വിരിയായോ..

Thursday, December 22, 2011

പണ്ട് പഠിയ്ക്കാത്തതും, പഠിച്ചതും...രസതന്ത്രത്തിന്റെ തന്ത്രം
ഗീത ടീച്ചര് പറയുമ്പോള്‍
ജീവിതരസതന്ത്രത്തിന്റെ
നിറഭേദങ്ങളറിയാതെ
തന്ത്രങ്ങളില്ലാത്ത രസച്ചരടില്‍
മൂലകവും, മൂല്യവും..
തിരിയാതെ...

രാഷ്ട്രതന്ത്രത്തില്‍
പൗരാവകാശ്വും,ജനാധിപത്യവും
പഠിച്ചപ്പോല്‍ പതിനെട്ടാകാന്‍
കാത്തുനിന്നത് പിനീട്
ആരോടും പറഞ്ഞില്ല..

ജീവശാസ്ത്രത്തില്‍
അണ്ഡ,ബീജങ്ങളുടെ
സമ്മേളനം അത്ഭുതമൂറുന്നേരം
അരനാണത്താല്‍ വലത്തോട്ട്
കണ്ണെറിയുമ്പോള്‍
കണ്ടത് മുഴുനാണത്താല്‍
അവളുടെ ഒളികണ്ണ്....

ഭൗതികശാസ്ത്രമന്നുമിന്നും
സൗഹൃദം കടം പറഞ്ഞ സുഹൃത്തിന്റെ
മരണം പോലെ........
മരണത്തിന്റെ
ഗുരുത്വാകര്‍ഷണമറിയാതെ,
ഞാനെന്റെ പിണ്ഡവും
പേറി നടക്കുന്നു...

സ്കൂള്‍ മുറ്റത്തിനും
വെളിയില്‍,എവിടെയും
എപ്പോഴും പഠിയ്ക്കാനുള്ള പാഠം,
സഹപാഠിയായ നിഷയോടുള്ള
സൗഹൃദം നാട്ടിലൊരു
പാട്ടയപ്പോല്‍ പഠിച്ചത്...
"സാമൂഹികപാഠം"

ഭ്രംശതാഴ്വരയും,
ഖണ്ഡപര്‍വ്വതങ്ങളും
നഗ്നയാം സ്തീയിലാവാഹിച്ച്
ഭൂമിശാസ്ത്രത്തെ
കാല്‍പ്പനികതയ്ക്കൊപ്പം
കാട്ടിതന്ന മാഷിനെന്നും
എന്റെ പ്രണാമം....

ഒരു കണക്കില്
കൂട്ടിയും, കിഴിച്ചും,
ഗുണിച്ചും, ഭാഗിച്ചും
ഒടുവിലെന്നും കിട്ടുന്ന
ഉത്തരവും, മാര്‍ക്കും
ഒന്നായിരുന്നു..
എന്റെ ജീവിതം പോലെ...

ശിലായുഗങ്ങളും,
സംസ്ക്കാരവും,സാമ്രാജ്യങ്ങളും
അധിനിവേശങ്ങളും,അസ്ഥിത്വ-
സമരങ്ങളുമെന്നെ
ചരിത്രത്തിലേയ്ക്കന്ന്
നടത്തിയപ്പോള്‍
ഇന്നറിയുന്നു
ഞാന്‍ പിന്നിട്ട വഴികളും,
കൈവിട്ട നിമിഷങ്ങളും
ചരിത്രമായിരുന്നെന്ന്...

Sunday, December 18, 2011

പാഠ്യഭാഗംപാഠപുസ്തകത്തില്‍ നിന്നും
കടമെടുത്തത്...
'വഴിയറിയാത്ത യാത്രയ്ക്കുള്ള
വണ്ടിക്കൂലിയും, വഴിച്ചിലവും'-
ചില്ലറത്തുട്ടുകള്‍...


യാത്രയില്‍ പല വഴിതെളിഞ്ഞ വേളയില്‍
വഴിതെറ്റിയത് വണ്ടിയോ... ?
കൊണ്ടിറക്കിയേടത്ത്
ഇടതും, വലതും തിരിയാതെ
നെഞ്ചു വിരിച്ചു നില്ക്കെ
ഒരു വഴിവന്നു കൊണ്ടുപോകുന്നു.

വഴിയില്‍, ബുദ്ധന്റെ മുന്നിലെ
പൂവഴി, മുള്‍ വഴികളില്ല
വിശ്രമിക്കാന് ബോധിമരത്തണലുമില്ല.

അറുക്കാനാഹ്വാനം കൊടുക്കും-
അഹിംസക്കാരന്റെ അറവുശാലയില്‍,
എതിര്ത്തവന്റെ ചോരയില്‍
കൊടിക്കൂറയുടെ വ്യവസായശാലയില്‍,
മാനുഷികതയ്ക്കപ്പുറം
പൗരാണിക,യധര്‍മ്മ മതശാലയില്‍....
പണിയെടുത്തിരുന്നു-
വഴിപിഴച്ചോന്
ദാഹനീരിന്റെ ലഹരിയില്‍
ഉണ്മാദയൗവ്വനം കടം കൊണ്ട ചൂതാട്ടം..

ഒരിക്കലിരുളിലന്നം തേടി
പാഷാണം രുചിച്ചപോല്‍
പിടഞ്ഞമര്‍ന്ന് ശ്വാസഗതി കൈവിടും കാലം
വഴിതിരിയു,ന്നിരുള്‍ മറയുന്നു
തെളിയുന്നു കാഴ്ചകള്‍...!!
എങ്കിലും
മനസ്സു ബന്ധിച്ച മാന്ത്രികച്ചരടിന്റെ
ഊരാക്കുടുക്കഴിക്കാനാകാതെ,
വഴിച്ചിലവും, വണ്ടിക്കൂലിയും
കീശയില്‍ അമര്‍ഷം കിലുങ്ങുന്നു.

Saturday, December 17, 2011

ചില ഇല്ലായ്മകള്‍...ഓര്‍മ്മകളിലിരുള്‍ നിറയ്ക്കുമാ
പത്തായമൊഴിഞ്ഞു പോയി....
പതിരാറ്റിക്കൂട്ടിയ കൂനകള്‍
ഉമിത്തീപോലെ പുകയുന്നു.

നാലുകെട്ടില്ല,യെട്ടുകെട്ടില്ല,
കളപ്പുരയും,കുളപ്പുരയുമില്ല,
കതിരുകെട്ടിയ ഉമ്മറമില്ല,
ഉരലില്ല, ഉലക്കയില്ല,
പുന്നെല്ല് പുഴുങ്ങും മണവുമില്ല.

തെക്കേപ്പാടത്തെ ഞാറ്റടിപ്പാട്ടും,
അക്കരക്കരയിലെ കൊയ്ത്തുപാട്ടും,
കതിരുകക്കാന്‍ വരും മാടത്തിക്കൂട്ടവും........,
കാത്തിരിയ്ക്കുന്നൊരു കൊറ്റി
ഒറ്റക്കാലില്‍ തപസ്സുപോലിന്നും.

ജന്മിയുമില്ല,യടിയാനുമില്ല,
നുകമില്ല, മരമടിപ്പലകയില്ല,
മൂക്കുകയറിലമറി, കുതറുന്ന കാളയില്ല,
കാലം കഴിഞ്ഞുപോയി...
ഏലകളിലൂറുമാ നീര്‍ച്ചാലുമറഞ്ഞുപോയി.

ഇനിയേതു ജന്മിത്വത്തിന്‍ കഴുത്തറുക്കാന്‍... ?

അഭിനവ പത്തായ നമ്പര്‍ ലോക്കറുകള്‍,
തീറെഴുത്തിന്റെ മുദ്രപത്രങ്ങള്‍,
മണ്ണുമാഫിയായുടെ കുതന്ത്രങ്ങള്‍,
ജന്മിത്വത്തിന്റെ പുതുമുഖ
കാഴ്ചകളിലൊളിച്ചിരിക്കുന്നു
അധികാര രാഷ്ട്രീയമേലാളരൊക്കെയും.

ലോണുള്ളോനൊക്കെ അടിയാളരാകുന്നു,
ജന്മദോഷത്തിന്റെ പയ്യാരങ്ങള്‍,
ആത്മാഹുതിയവസാനയുപാധിയായ്,
മണ്ണുചതിച്ചെന്ന് ചൊല്ലി മണ്ണിലേക്ക് ചേരുന്നു.

ഇനിയൊരടിയാന്റെ അവകാശവാദമില്ല,
ആദര്‍ശത്തിന്റെ വിത്ത് മുളകെട്ടുപോയി...
വിതച്ചുകൊയ്യാനാളില്ല, വിളവെടുപ്പിന്റെ
ഉത്സവവുമില്ല, വിഷുവില്ല,യോണമില്ല,
ഓര്‍ക്കുക നാളെയീ നാടുമില്ല, 'ഞാനു'മില്ല

Monday, December 12, 2011

മരം...

തണല്‍ നോക്കി നടന്നു...
ഒരു തുണ്ട് മഴമേഘത്തണലില്‍
പെരുമഴകാത്തിരുന്നു.....

കാര്‍മുകില്‍ കാറ്റേറ്റുപോയപോല്‍
മരം കാലമൊഴിഞ്ഞു പോയി..

മരങ്ങള്‍ക്ക് ചിറകുണ്ടായിരുന്നെങ്കില്‍
ചില്ലകളേറ്റി പറക്കുമായിരുന്നു,
പറവകള്‍ക്കൊപ്പം
ആകാശച്ചെരുവില്‍
കിന്നാരം പറഞ്ഞിരിക്കുമായിരുന്നു... !!!

എങ്കിലും പൂമണമറിയാത്ത
വേരുകള്‍ മണ്ണിലാഴം തേടിയത്
വസന്തത്തിന്റെ തളിരുകള്‍.

മുറിച്ചുമാറ്റിയ മരത്തിന്റെ
വേരുകളില്‍ അമര്‍ഷം,
കണ്ണുനീരിന്റെ നനവറിയുന്നത് മണ്ണുമാത്രം.

മരിച്ചമരങ്ങള്‍ വരെ
മാനവരോടെത്ര നീതിയാണ് കാട്ടുന്നത്..!!!
മുറിച്ചറുത്ത്,ചീകി,മിനുക്കി,യൊരുക്കി,
നിറം പിടിപ്പിച്ച് കാവലാളാക്കിയിട്ടും...

അവസാനയാണിയുമടിച്ചുറപ്പിച്ച
ശവപ്പെട്ടിയ്ക്കാണു
നാം കുറെച്ചെങ്കിലും
ആദരവുനല്‍കുന്നത്....

പ്രതിഷേധത്തില്‍ കൊത്തി, കൊത്തി
ചുണ്ടുപോയ മരംകൊത്തി
മരംകൊത്തി കൊല്ലന്റെയാലയില്‍
മരക്കരിയിലുരുക്കി-
തല്ലിയൊരുക്കിയ ഇരമ്പിന്‍ ചുണ്ടുമായി..
തായ്മരം നോക്കിപ്പറന്നു...

ഇന്നലെ നട്ട തൈമരങ്ങള്‍ പറഞ്ഞു....
പനപോലെ വളര്‍ന്നു..
ഞാനെന്റെയോലകള്‍ എഴുതാന്‍ തരും...
നാരായം കൊണ്ടു നിങ്ങള്‍
കുത്ത് വാക്കെഴുതരുത്...
എന്റെ ജാതകമുണ്ടീയോലയില്‍
മാറ്റിയെഴുതെഴുതാനായില്ലെങ്കിലും... ?

Sunday, December 11, 2011

പാഞ്ചജന്യം.

ഹേ പുരുഷാരമേ..! നിങ്ങള്‍ക്ക് നടുവിലീ

പാര്‍ത്ഥസാരഥി ഞാന്‍ 'ഗീതോപദേശത്തിന്റെ'

പെരുമ്പറകൊട്ടി പാഞ്ചജന്യം മുഴക്കുന്നു...


അധീരനിവന്‍ അര്‍ജ്ജുനന്‍ സ്ത്രൈണഭാവമേറി,

വില്ലും ശരങ്ങളും താഴ്ത്തി, കിതച്ചു വശംവദനാകുന്നു.

നിന്നെക്കരുതി 'പുറപ്പെട്ടവര്‍' പരസ്പരം

പല്ലിറുമി പഴിപറയുന്നുണ്ട് .... കഷ്ടം.


ബന്ധുവാണത്രേ ചുറ്റിലും...?

പാണ്ഡു'പെറാത്ത' പാണ്ഡവര്‍ക്കെങ്ങനെ

നൂറ്റോര്‍ ബന്ധുക്കള്‍..? ചുറ്റിലും കൂടിനില്‍ക്കും

ക്രുദ്ധയോദ്ധാക്കള്‍തന്‍ കണ്ണുകളിലെങ്ങനെ

നീകാണുമര്‍ജ്ജുനാ..മമതയും, സ്നേഹവും.


നിനക്കവകാശമില്ലാത്ത രാജ്യത്തിനു

പകുതിരാജ്യം പകുത്തില്ലൊ,രു സൂചിമുന താഴ്ത്തുന്നിടം

കടം തന്നില്ല,യെങ്കിലും 'മുട്ടു'ന്യായം വാദിച്ചു ഞാന്‍...

ഏതു ന്യായാധിപനുമുന്നിലും അവകാശ-

വാദത്തിനു ന്യായമുഖങ്ങളില്ലാത്തയവകാശ യുദ്ധം...!


നിനക്കും മേല്‍ക്കുമേല്‍ പ്രശസ്തിയേറിടും

നിന്‍മകനഭിമന്യുവിനു ചക്രവ്യൂകം ഗര്‍ഭത്തിലേ

ചമച്ചു വച്ചിട്ടുണ്ടതില്‍ ചാവേറായി ചത്തുവീഴുമ്പൊഴും

മകന്റെ പേരിലഭിമാനം മാത്രം..നിനക്ക്.


കുന്തിയെന്തിനു കടം കൊണ്ടുപെറ്റതെന്നറിയില്ല,

മാദ്രിയെക്കൊണ്ടെന്തിനു വഴിപിഴപ്പിച്ചതും...?

'തന്നെപ്പോലിവളുമെന്ന്' മാലോകരെക്കൊണ്ട്

പറയിച്ചിടാനോ, പാപം പങ്കിട്ടെടുക്കുവാനോ?


എടുക്കുക വില്ലുനീ.. തൊടുക്കുക ,

പെരുവിരളറ്റ കാട്ടാളന്റെ കരവിരുതോര്‍ക്കുക..

മണ്‍പ്രതിമയായി കരുതി ഗുരുവിന്റെ നെഞ്ചിലെ

പാപത്തിലേയ്ക്ക് നീ അമ്പെയ്തൊഴിക്കുക.


നിന്നേക്കാള്‍ വീരനെന്നു നിനക്കറിയുമാ

കര്ണ്ണന്‍- ആത്മാഭിമാനിയാമവനെ

തളക്കുവാന്‍ 'പിഴച്ചവനെ'ന്നൊറ്റ വാക്കു-

കൊരുത്തയസ്ത്രം മതി,യല്ലെങ്കിലനുജന്റെ

മമതയുണര്‍ത്തി നെഞ്ചു തുളക്കുക.


ആചാര്യരുടെ കണ്ണുകളില്‍ നോക്കുക... !

കാലം കഴിഞ്ഞെന്നുറച്ച 'സ്വച്ഛന്ദമൃത്യു'വിനു

നീ കാരണമാകുന്നതിലെന്ത് തെറ്റ്..?


ഗുരുപുത്രനശ്വത്ഥാമാവിനെ കരുതിവയ്ക്കുക,

പോരുവേല മൊത്തം ചൊല്ലിപ്പഠിച്ചവന്‍

ചിരംജീവി- വേരറ്റുപോയാലും

നീരിറ്റു നില്‍ക്കും പ്രതികാരമാണവന്‍.


പകയുടെ ചതിയുടെ പടപ്പുറപ്പാടാണിന്നു,

ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍

വീരെനെന്നൊരു 'പൊയ്'പ്പേരുമാത്രം നിനക്കുസ്വന്തം.

എന്റെ ഭാഷണം- നിനക്കുമീ, യക്ഷൗഹിണിപ്പടയ്ക്കും..!!!

എന്റെ കൗശലത്തില്‍ പടവെട്ടിമരിക്കുമീ

മനുഷ്യരെന്നുമുണ്ടാകും കാലങ്ങള്‍ക്കപ്പുറംവരെ-

പുതിയ ഭാരതകഥകളിലോരോയണു കുടുംബത്തിലും,

കര്‍മ്മമറിയാത്തയോരോ മനസ്സിലും

നേരുചികയാനൊരോര്‍മ്മയായി ഈ ഗീതകം.

Thursday, December 8, 2011

'കരിബെറി' പ്രണയം

‎'
പരിഷ്ക്കാരങ്ങളുടെ
ബലിക്കല്ലില്‍ തലവച്ച്
... കിടക്കുമ്പോള്‍..
ലോ വേസ്റ്റ് ജീന്‍സിന്റെ
തിരശീല താഴ്ത്തി-
വി.ഐ.പി പരസ്യം
തലപൊക്കി രഹസ്യമായെന്തോ
പറയാനൊരുങ്ങുന്നു.

പോക്കറ്റിനുള്ളിലെ
"കരിബെറി" കുറു,കുറെ കുറുകുന്നു..
ഡേറ്റിംഗില്‍ 'ഡേറ്റു'തെറ്റിയവളുടെ
'വാര്‍ണിംഗ് മെസ്സേജ്'.

പരിഷ്ക്കാരത്തിന്റെ
ചിരി ചുണ്ടില്‍-
'മറുപടികൊടുക്കണം'.

ഡീയര്‍ 'ഒരുമ്പെട്ടവളെ'
ഞാനും നീയുമായല്പം
"സൗഹൃദം" പങ്കിട്ടതിന്റെ
ദൃക് സാക്ഷി 'ക്ലിപ്പു'ണ്ടെന്റെ
"ബ്ലക്ക്ബെറി'യ്ക്കുള്ളില്‍..

കണ്ടുകൊള്ളുക നീയും..
'യൂറ്റൂബി'നുള്ളില്‍
എനിക്കൊരു 'ഹിറ്റ്' അധികമായിരിക്കട്ടെ.. !!!

മറുപടി വീണ്ടും കുറുകി..
എന്റെ മുഖമെനിക്കറിയില്ലയെന്തെന്ന്..!!!
പിന്നെയാ തനിക്കുമീ നാട്ടാര്‍ക്കും ?