ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Thursday, August 27, 2009

പുതിയ വേരുകള്‍ ....

ഇത് ചുരുക്കെഴുത്തിന്റെ കാലം...
കവിതയിലെ "ക" പറഞ്ഞാല്‍
"ക"യ്ക്ക് കാലമാകാം, കള്ളമാകാം,
കാല്പനികതയുമാകാം, കണ്ണുനീരാകാം,
കനലാകാം, കാമമാകാം,
കാണാമറയത്തെ എന്തുമാകാം
"ക" കണ്ടവര്‍ തന്നെ കാണട്ടെ!
"അവര്‍ക്കെന്തു തോന്നുന്നു..
അതുതന്നെ"കവിത"യും".

"വി" വിരക്തിയോ, വിശുദ്ധിയോ,
വിശ്വമോ, വിശാലമോ, വിയര്‍പ്പോ,
വിരളമോ, വിത്തെന്തായാലും,
വിളയേണ്ടത് കവിത തന്നെ...
വിരോധത്തിന്റെ ആഭാസങ്ങള്‍
വിളയുന്ന വിത്തറിയാത്തൊരു
കവിതാവൃഷം, വേരുകള്‍-
ചൂഴ്ന്നെടുക്കുന്നത് മേല്‍മണ്ണിന്റെ
മൃദുത്വവും, മുളപ്പൊട്ടാനൊരുങ്ങുന്ന
പുതുവിത്തിന്റെ ഊര്‍ജ്ജവും.

കവിതയിലെ "ത" താളബോധത്തിന്റെ,
തനിമയുടെ, തരളഹൃദയങ്ങളുടെ,
തനിയാവര്‍ത്തനങ്ങള്‍ തമ്മിലുള്ളൊരു,
സമന്വയം, വിസ്മയം, ചിന്തനീയം.

Tuesday, August 25, 2009

മെഴുകുതിരികള്‍

മെഴുകുതിരികള്‍എരിഞ്ഞെരിഞ്ഞു.....
ഉരുകിയൊലിച്ച്....
ഒടുങ്ങാറായൊരു
മെഴുകുതിരി...

കുമ്പസാരകൂടിനരികെ. ..
കുറച്ചു മുന്നേ
'മാനസാന്തരം' വന്നൊരുവന്‍
കത്തിച്ചു വച്ചുപോയൊരു
മെഴുകുതിരി

അവന്റെ നന്മകള്‍
കത്തിയൊടുങ്ങാറായി..
അവന്‍ ഇരുളിന്‍
കയത്തിലെയ്ക്കൂളിയിട്ടു
നടക്കയായ്‌....
ഇനിയൊരു പാപത്തിനായി.....?
മറ്റൊരു കുമ്പസാരത്തിനായി....?

പുരോഹിതനൊഴിഞ്ഞ,
കുമ്പസാരക്കൂടിനരികില്‍
അവസാന ആളലിലും
മെഴുകുതിരി.....
കര്‍ത്താവിനോടു....
നേരിട്ടൊരു കുമ്പസാരം...,
" പാപിയാം അവനായി
എരിഞ്ഞു തീര്‍ന്നതിന്‍
പാപങ്ങളെല്ലാം
പൊറുക്കുവാനാകുമോ......"?

വാക്കുകള്‍ തിരയുമ്പോള്‍

വാക്കുകള്‍ തിരയുമ്പോള്‍

പറയാന്‍
കുറെ വാക്കുകള്‍
കടമായിട്ടെടുതിട്ടുണ്ട്!
അതില്‍ കുറെ
പറഞ്ഞു തീര്ത്തു,
കുറച്ചു കടം കൊടുത്തു.
അതില്‍ ചിലത്
ദുഖവും, സ്വാന്തനവും,
കൈനഷ്ടമില്ലാതെ.....
ചിലത് പ്രതിജ്ഞയും,
പ്രതികാരവും,
ഇരുളിന്റെ മറയില്‍....
ഇനിയുള്ളവ
അമൂല്യമായതെന്നു
തോന്നിയിട്ടെന്‍-
മണി ചെപ്പില്‍ ഒളിപ്പിച്ചവ!
ആര്ക്കും വച്ചുനീട്ടാതെ,
കൊതിപ്പിക്കാതെ,
എന്നോട് തന്നെ
ഓര്‍മപെടുത്താതെ,
ക്ലാവ് പിടിച്ചെന്നു
തോന്നി തുടങ്ങിയ
നിമിഷങ്ങളില്‍
തികട്ടുന്ന പുളിയും,
കണ്ണീരുപ്പും ചേര്ത്തു,
തേച്ചു മിനുക്കുമ്പോള്‍
മങ്ങിയ തിളക്കങ്ങള്‍
തിരയിളകി പറയുന്നു
നന്ദി...ഒരായിരം നന്ദി...
ചെപ്പിലൊളിച്ച വാക്കുകള്‍..!
തിരിച്ചും പറയാന്‍
ഒട്ടുമാകാതെ,
പകരവാക്കുകള്‍ക്ക്
മനം പായവേ...
പാടുന്ന കുയിലോ,
ഊതുന്ന കുഴലോ,
പെയ്യുന്ന മഴയോ,
ഉതിരുന്ന വെയിലോ,
ആരും പറഞ്ഞില്ല...ഒരുവാക്കും!
അവര്ക്കും
വേണ്ടതെന്നുടെ ചെപ്പിലെ
സ്നേഹവും, നന്ദിയും,

പകരവാക്കുകള്‍ക്കായി
വീണ്ടുമലയുന്നീ-
പ്രകൃതി സൃഷ്ടാവിനോട് പോലും!
സ്നേഹത്തിനു പകരമൊരു
പുതിയ പര്യായം
തീര്‍ക്കുവാനളല്ലെന്നു
ചൊല്ലി പിരിഞ്ഞു പോയി
ഒരു നന്ദി വാക്കിനായ്
കാത്തു നില്‍ക്കാതെ......

അലിയുമ്പോള്‍.......

അലിയുമ്പോള്‍.......


ഘനീഭവിച്ചൊരു ജലശകലം
നുരയുന്ന വീര്യത്തിലേക്ക്..
അലിയുന്നതൊരു പുരുഷഹൃദയം
നുകരുന്നതീ ഇണ ചുണ്ടുകള്‍
പുകയുന്നതൊരു ഹൃദയം
പ്രണയാകുലമായൊരു നിമിഷം-
ധൂമമായി വട്ടമിട്ടുയരുന്നു...
വ്രണിതമായി നുള്ളിയടര്‍ത്തിയ
ദിന രാത്രങ്ങളിലൂടെ ഒടുവിലൊരു
വ്യാഴവട്ടത്തിന്റെ നാലിലൊന്നില്‍
ചെന്നണഞ്ഞപ്പോള്‍ ചഷകത്തില്‍
നുരയില്ല, പതയില്ല, നിറവുമില്ല
എങ്കിലും ചുണ്ടോടടുത്തപ്പോള്‍
രുചി പറഞ്ഞിതന്യമാണ്,
"നിനക്ക് വര്‍ജിതം, നീ എന്നിലേക്ക്‌
പകരുക നിന്റെതല്ലാത്ത
നിന്റെ സര്‍വ്വതും, ഞാനാ
ലഹരിയില്‍ മദിക്കട്ടെ
നീയൊരു ഘനീഭവിച്ച
ജലകണം പോല്‍ അലിഞ്ഞുകൊള്‍ക
എന്റെ സ്വാര്‍ത്ഥതയുടെ ലഹരിയില്‍"....

പോരാട്ടം.....

പോരാട്ടം.....

കഴുത്തറുത്ത്
തൊലി കീഴെയ്ക്ക്
ഊര്ത്തെടുക്കുബോഴും,
പിന്നെ പല തുണ്ടായി
അറുത്തു തൂക്കുമ്പോഴും,
വില പറഞ്ഞു പലര്ക്കായ്‌
പകുത്തു കൊടുക്കുമ്പോഴും,
പലചട്ടികളില്‍ പലയിടത്തായി
മുളകും , ഉപ്പും ചേര്‍ത്ത്
തിളച്ച എണ്ണയില്‍
പൊള്ളുമ്പോഴും
പ്രതികരിയ്ക്കാതെ
പിന്നെ....
രുചിയോടെ ചവച്ചു
ഉമിനീരിനോപ്പം ഇരുളില്‍
മറയ്ക്കുമ്പോള്‍, ആമാശയത്തില്‍
ദഹനത്തോട് നിലനില്‍പ്പിന്റെ
അവസാന പോരാട്ടം
നടത്തുമ്പോള്‍
മൂടിവച്ച വേദനയെ
ഒന്നമര്‍ത്തി മൂളുമ്പോള്‍...
ഒന്നമറി വിളിയ്ക്കുമ്പോള്‍
നിങ്ങള്‍...
ചെറു വയറുവേദനയില്‍
വൈദ്യനെ തേടുന്നു...
അസ്വൊസ്ഥരാകുന്നു...
മൂക്കുപിടിയ്ക്കുന്നു...
ചിരിയ്ക്കുന്നു, ചിലര്‍..

സമയം

സമയം

തിരക്കിന്റെ തിരക്കിലിത്തിരി
സമയം തിരയുന്നു, തിരിയുന്ന
ഘടികാര സൂചിതന്‍ കൃത്യത
കാക്കുവാനാകില്ലയെന്കിലും
കരുതാന്‍ കഴിഞ്ഞെങ്കില്‍
കാത്തു നില്‍ക്കുന്നവനും സമയം
"കൈയ്യെത്താത്തൊരു സമസ്യയെന്ന്"
എനിക്കെന്റെ വിലപ്പെട്ടതില്‍നിന്നു
നിനക്കല്പം പങ്കുവയ്ക്കുവാന്‍
വിലക്കെന്തെന്നറിയാതെ, നിമിഷങ്ങള്‍
കാലങ്ങളിലൂടെ പാഞ്ഞേ മറയുന്നു...

സമയം- കാത്തിരിപ്പിന്റെ, കാലത്തിലേക്കുള്ള
ദൂരമെന്നാരോ പറഞ്ഞതും പിന്നെ
സമയദോഷത്തെ പഴിചാരി എങ്ങോ
ജീവിതം വഴിവിട്ടു പോയതും,
ഒറ്റവട്ടത്തില്‍ പലവേഗത്തില്‍ ചുറ്റുന്ന
പലതരക്കാരാം അവര്‍ നിയതിയുടെ
ഘടികാരസൂചികള്‍, ഒടുവില്‍
കറങ്ങിയൊടുങ്ങാതെ ജീവിതമൊടുക്കി
മറയുന്നു ചരിത്രമായി... ജീവിതം....
തിരിച്ചറിവിന്റെ ചില നിമിഷമെന്കിലും
"നന്മയായി കൈവരട്ടെ" എന്നാത്മാഗതം
എന്നില്‍ തുടുക്കുന്ന ഹൃദയസ്പന്ദനങ്ങള്‍
ഒരുതാളമായി ഒന്നായി മിടിച്ചിടട്ടെ...

കാമുകിയോട്.....

കാമുകിയോട്.....

തുടുത്ത ചുണ്ടിനെ
ഊറ്റിക്കുടിയ്ക്കാതെ...,
അതിലൂറുന്ന പുഞ്ചിരി
നുകരുവാനിഷ്ടം...,
അതിലൂടെ നിന്‍
ഹൃദയത്തില്‍
അലിയുവാനിഷ്ടം...

തിളങ്ങുന്ന കണ്ണിലെ
വെണ്മയെ കാമ-
ത്തിരയായി കാണാതെ
നിന്‍ ആത്മാവിലേയ്ക്കുള്ള
നേര്‍വഴി കാണുവാനിഷ്ടം......,

ഉള്ളിലൊരു കോണിലെ
തുടിയ്ക്കുന്ന, സ്വപ്നമായി......
നീയെന്നെ വിട്ടകന്നാലും...
മാനസ സരോവരത്തിങ്കല്‍
വിരിഞ്ഞൊരു താമര-
പ്പൂവിലെ പുണ്യമായി...,
ഞാനൊരു ഭ്രമരമായി.....
ചുറ്റിത്തിരിയുവാനിഷ്ടം.....

"പച്ചക്കുതിര"

"പച്ചക്കുതിര"

ഇല്ലാത്ത പച്ചപ്പിലെ,
പച്ചിലകള്‍ക്കിടയില്‍
ഒരശ്വമേധത്തിനും,
പടയോട്ടതിനും,
പന്തയത്തിനും,
ആളല്ലാതൊതുങ്ങി
ഇലയനക്കങ്ങളില്‍
പോലും "മറുപ്പച്ച"
ചാടാനാകാതൊരു
"കുതിര".

കുതിരയായിട്ടുമാകാതെ....
എന്നെയും, നിന്നെയും
പോലൊരു "പച്ചക്കുതിര".
"പ്രവാസികള്‍".... നമ്മള്‍....?

സമസ്യകള്‍......

സമസ്യകള്‍......
സമാനമായ
പല ചിന്തകള്‍......
"ചിലന്തിയെപ്പോലെ"
വീണ്ടും, വീണ്ടും
നെയ്തുകൂട്ടുകയും,
പൊട്ടിയടരുമ്പോള്‍
സാഹസികമായി......
തൂങ്ങിയാടുകയുമാകാം
"ജീവിതം"

"ലഹരി....."

"ലഹരി....."

ലഹരി,
ബോധത്തിനും,
അബോധത്തിനുമിടയിലെ,
ആവ്ഷ്ക്കര സ്വാതന്ത്ര്യമുള്ള
അനുകരണങ്ങളുടെ,
വെറുപ്പുളവാകുന്ന,
ചിലപ്പോള്‍...
പരിഹസിയ്ക്കാവുന്ന,
അറിഞ്ഞും, അറിയാതെയും,
ആഘോഷമാക്കുന്ന
നിത്യ കാഴ്ചകള്‍....

ലഹരി....,
ബോധത്തിനും,
അബോധത്തിനുമിടയിലെ,
ആവ്ഷ്ക്കര സ്വാതന്ത്ര്യമില്ലാത്ത
നിശബ്ദമായ.......
കുടുംബിനിയുടെ കണ്ണീരിന്റെ,
കുഞ്ഞുങ്ങളുടെ വിശപ്പിന്റെ,
അയല്‍ക്കാരന്റെ ക്ഷമയുടെ,
മുഖം കുനിച്ച
നിത്യ കാഴ്ചകള്‍...

ലഹരി....
ബോധപൂര്‍വ്വം,...
ഒരു വിലയിടുവുമില്ലാതെ
വീര്യം ചോരാതെ
ആഘോഷമാകുന്നു....
"നിത്യ കാഴ്ചകള്‍"