ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Tuesday, February 26, 2013

പോക്കുവെയിലിൽ....

പോക്കുവെയിലിൽ....
------------------------------
പ്രിയേ-
നീ അറിഞ്ഞില്ലേ
കിഴക്കേ ചക്രവാളത്തിനപ്പുറം പകൽ തുടുത്ത് വരൂന്നുണ്ട്..
നിന്റെ കവിളിലെ ശോണിമ ഇക്കഴിഞ്ഞ രാത്രിമുഴുവനും
ഞാൻ ചുംബിച്ചണയ്ക്കുവാൻ ശ്രമിച്ചിട്ടും
പകൽ പോലെ സത്യം-
നിന്റെ പ്രണയം ഞാൻ നിന്റെ കവിളിൽ കാണുന്നു,
എന്റെ പ്രണയ മുദ്രകളും...

നമുക്കായ് പക്ഷികൾ കാഹളമുണ്ടാക്കുകയും,
പൂക്കൾ ചിരിക്കുകയും ചെയ്യുന്നു-
അരുണിമയായ് മാമലയ്ക്കപ്പുറത്ത് നിന്നും ഒരു പകൽ
ഇങ്ങനെ നമ്മേ എത്തിനോക്കുന്നുണ്ട്..

നമുക്ക് ചിറകുകൾ മുളക്കുന്നത്
നീ അറിയുന്നുണ്ടോ....
സ്വപ്നങ്ങളുടെ ചിറകുകൾ...
വേണ്ട- അതു വിരിയിക്കരുത്-
പകൽ- നിനക്കറിയില്ല- നിന്റെ ചിറകുകളെ
ചുട്ടുകരിക്കാനാകുന്നത്ര ചൂടുണ്ട്-
ഓരോ ചൂഴ്ന്ന നോട്ടത്തിലും, വാക്കിലും..

നമുക്ക് സ്വപ്നങ്ങളുടെ താഴ്വാരത്ത്
പോക്കുവെയിന്റെ സന്ധ്യയോടുള്ള പ്രണയം പറഞ്ഞിരിക്കാം..
നിന്റെ കവിളിലെ തുടുപ്പിൽ
എനിക്ക് ഉദയം കാണാനാകും...
നിന്റെ ചിരിയിൽ വസന്തവും,
ചുംബനങ്ങളിലെ ഗ്രീഷ്മവും,
പരസ്പരം പുണർന്ന ശൈത്യവും...

Friday, February 22, 2013

വസന്തം നഷ്ടമാകുന്ന പൂക്കൾ...

വസന്തം നഷ്ടമാകുന്ന പൂക്കൾ...
---------------------------------------

വീട്ടിൽ പൂക്കളുണ്ട്,
വെള്ളവും, വളവും, സ്നേഹവും, ലാളനയും
കൊണ്ട് പരിലസിക്കുന്നവ...

പൂക്കളില്ലെങ്കിൽ
വീടാകില്ലെന്ന് പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്...

കഴിഞ്ഞവസന്തത്തിലെ
അമ്മപ്പൂവും,
എന്റെ വസന്തവും,
ഞങ്ങളുടെ പൂമൊട്ടും...

എത്തിനോട്ടങ്ങളുടെ
തീഷ്ണത ചിലപ്പോഴൊക്കെ
പൂക്കളെ വാട്ടുന്നുണ്ട്...
അതിനാൽ
വീടിന്റെ ചുറ്റുമതിൽ
രണ്ടു കല്ലുകൂടി വീണ്ടും ഉയർത്തിക്കെട്ടി...

മറ്റുള്ള വീടുകളിലെ പൂക്കളെ
ആരും കാണാ‍തെ എത്തിനോക്കുന്നത്
വല്ലാത്തൊരനുഭൂതിയാ‍ണ്...
തരം കിട്ടിയാൽ
ഒന്നു പരിലാളിക്കാനും....

വഴിയരിയിൽ
ഒരു മഞ്ഞ ഡാലിയായോട്
പഞ്ചാരക്കരിവണ്ട്
മൂളിപ്പാട്ടു പാടുന്നത്...
‘എന്തധിക്ഷേപമാണ്, പീഡനമാണ്‘
കാട്ടുന്നതെന്ന് ചോദ്യം ചെയ്ത്,
കയ്യേറ്റം നടത്തി...
പൂവിന്റെ ഇതളുകൾ
തലോടാനും, അടർത്താനും ശ്രമിക്കുന്ന
സഹായഹസ്തങ്ങളുണ്ട്....

സ്വന്തം പൂക്കൾ
പുറം ലോകത്ത് സുരക്ഷിതരല്ലെന്ന്
ബോധം തിരിയുന്നവൻ
മതിലിനു പുറത്തുകാണുന്ന
പൂക്കളൊക്കെ
ആരുടെയൊക്കയോ സ്വന്തമാണെന്നും,
ആരുടെയൊക്കയോ വീടാണെന്നും
ഇനി ഏത് വസന്തത്തിലാവാം തിരിച്ചറിയുക....?

Sunday, February 17, 2013

അരി’യോരരിയോരാ...

അരി’യോരരിയോരാ...
---------------------------

അരി
വറുത്തെടുക്കുന്ന ഭരണം,
വറചട്ടിയിലും കൈയ്യിടുന്ന
രാഷ്ട്രീയം,
മലരുപോലെ പെരുകും മതം
കരിചന്തയിൽ
മൂന്നിരട്ടി ലാഭത്തിനു വിൽക്കും വിശ്വാസം.

അരിയും തിന്ന്
കണ്ടവനേയും കടിച്ചിട്ടും
നിയമം മുറുമുറുക്കുന്നു-
നിഴലുകൾ മാത്രം നോക്കി.

പണ്ടടിയന്തിരാവസ്ഥയിലെ
ഒരു മുദ്രാവാക്യം
ഇന്നു നിശബ്ദം മൂളുന്നുണ്ട്-
“ഇന്ദിരയമ്മോ പൊന്നമ്മോ
അരിക്ക് നാലരയായല്ലോ
എട്ടണകൂടി കൂട്ടിയാലോ
പച്ചനോട്ട് കൊടുക്കേണ്ടേ” -

ഛേയ്- മുദ്രാവാക്യത്തിലും
ദാരിദ്യവാസമോ?
അണക്കണക്കല്ല,
വിശപ്പിന്റെ കണക്കുപറയാൻ
നേരമില്ല, നേരുമില്ല...
ഞങ്ങളണികൾ മാത്രം.

പൂഴ്ത്തിവച്ച
മുതലാളിത്വത്തിൽ പുഴുവരിക്കുമെന്ന്
ഒരു ചെമന്ന പുഴു പറഞ്ഞത്,
ഇന്നിങ്ങനെ പൂത്തുപരിലസിക്കുമ്പോൾ
ഹാ- എന്താ മണം... തൃപ്തി.

ഏമ്പക്കം കൊണ്ട്
പ്രതികരിക്കുന്നവർക്കിടയിൽ
പാലക്കാടൻ മട്ട,
കുത്തരി, പൊടിയരി, പുഴുക്കലരി,
പച്ചരി,ബസ്മതി
ഏതെങ്കിലും മതി
ഒന്നുമില്ലെങ്കിൽ
സൂചിയാ നല്ലത്
ഷുഗറിനും, ചികിസ്തയ്ക്കും.

വെറുതേ ഒരു കവിത,
ഞാനും അരിക്കമ്പതായതിലൊന്ന്
വറുത്തെടുക്കട്ടെ...