ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Monday, December 2, 2013

ഞാനെന്റെ അറിയാത്ത സുഹൃത്ത്... ?

ഞാനെന്റെ അറിയാത്ത സുഹൃത്ത്... ?
(03-12-2009)


പ്രിയ സുഹൃത്തേയെന്നെന്നെ
ഞാനെന്റെ പിഴച്ച നാവാല്‍
വിളിച്ചതില്‍ ക്ഷമിയ്ക്കുക..

ചിന്തയില്‍- ബുദ്ധിയാലന്ന്
എന്റെ സ്വാര്‍ത്ഥതയുടെ,
കൗഠില്യ തന്ത്രം രചിച്ചപ്പോള്‍
എന്റെ ഹൃദയരക്തത്തില്‍
നീ രചിച്ചത് നന്മയുടെ,
പ്രണയത്തിന്റെ,
സ്നേഹ മന്ത്രങ്ങള്‍..

ഞാനും, നീയുമൊന്നായിട്ടു-
മൊന്നാകാതെ പല ചിന്തയില്‍
പലകുറി പടവെട്ടിയൊടുവില്‍
ജയിച്ചതാര്, മരിച്ചതാര്..?

കുലച്ചവില്ലില്‍,
തൊടുത്തയമ്പില്‍
നിന്റെ ജീവനെ, ഹൃദയത്തെ
കൊരുത്തു ഞാന്‍
പിന്നെ മുറിവില്‍ നിന്നും
മറവിലേയ്ക്ക്
നീയന്നൊഴിഞ്ഞു പോയില്ലെ...?

കഴിഞ്ഞ കാലം
എരിച്ചു തീര്‍ത്ത
ചിതയില്‍ നിന്റെ
ചിരിച്ച പല്ലുകള്‍
ചികഞ്ഞെടുത്തപ്പോള്‍,
ചിത്തരോഗിയായി
ഇന്നീ ഇരുളിന്‍
മറവില്‍നിന്റെ
ചിരിയൊഴിഞ്ഞ എന്റെ
മുഖമറിയുന്നു ഞാന്‍…,

സുഹൃത്തേ….
നിന്നെ ഞാനറിഞ്ഞില്ലയെങ്കിലും
നീയെന്നെയറിയുന്നുവെന്ന
അറിവെങ്കിലും മതിയെനിയ്ക്ക്
ക്ഷമ ചൊല്ലി നീയാകുവാന്‍....

പറയുവാന്‍ മറന്ന യാത്രാമൊഴി

പറയുവാന്‍ മറന്ന യാത്രാമൊഴി 
(08-12-2009)
എന്നും,
തിരക്കിട്ട് പോകുമ്പോള്‍
പടിവാതിലില്‍ പകുതി
പ്രാണനെ വെടിയുന്ന ഭാര്യ,
പാല്‍പല്ലിന്‍ മോണകാട്ടി
പിഞ്ചിളം കൈകള്‍ വീശും മകൾ,
ഇടവാതിലിലെ നീണ്ട
നിശ്വാസമായ് അമ്മ.

എങ്കിലും
ഇന്നീ രാവിന്‍ മൂര്‍ദ്ധന്യത്തിലെ
യാത്രയെ ആരുമറിയരുത്.
മുറിയിലെ അരണ്ട വെളിച്ചത്തില്‍
എനിയ്ക്കിരു വശവുമായി
എന്റെ യാത്രയെക്കുറിച്ചറിയാതെ
എന്നില്‍ ചേര്‍ന്നുറങ്ങുമെന്റെ
സ്വപ്നവും, യാഥാര്‍ത്ഥ്യവും.

മുന്നില്‍ എന്നും വിളിച്ചുണര്‍ത്തും
ഘടികാര സൂചിതന്‍ തുടിപ്പുകള്‍
എന്റെ ഹൃദയതാളത്തില്‍ -
നിന്നൊഴിഞ്ഞു പോയതൊ..?

മുറിവിട്ട്, ഇടവാതിലിനരികില്‍
ഇരുളടഞ്ഞ കഴ്ച്ചയില്‍
നീണ്ട നിശ്വാസമായി- 'അമ്മയുറങ്ങട്ടെ..'

മുന്‍ വാതിലും കഴിഞ്ഞ്…
ഉമ്മറത്തെ പഴയ ചാരുകസാലയില്‍
ഓര്‍മ്മകളിളകിയാടുന്നു..

നടുമുറ്റത്തെത്തി
ഒന്നു തിരിഞ്ഞു നോക്കെ
തിരക്കിനിടയില്‍
മറന്ന വാച്ചോ, പെഴ്സോ,
ഫോണോ, റുമാലോ....
ഏതെങ്കിലുമായൊരു
പിന്‍വിളി കൊതിച്ചു പോയി...

ഈ യാത്രയില്‍
പറയുവാന്‍ മറന്ന യാത്രാമൊഴി-
"ഇനി നാം കണില്ലൊരിയ്ക്കലും"
എന്നായിരുന്നെന്ന് ഒരു പക്ഷെ
പറയാതെ അറിഞ്ഞിരിയ്ക്കും നിങ്ങൾ....

"രണ്ട് സമാഹാരങ്ങൾ"

"രണ്ട് സമാഹാരങ്ങൾ"
(9-12-2009)നാം കവികളെന്നാരു പറഞ്ഞു....?
ഞാനാരെന്ന് എനിയ്ക്കും,
നീയാരെന്ന് നിനക്കുമറിയാം..
എങ്കിലും...?
നമ്മള്‍ കവികളൊ..!!


തീപിടിച്ച മനസ്സാണു..
"സത്യം.."
കവിതയ്ക്ക് വഴിതുറക്കാനല്ല
ജീവിതം വഴിമുട്ടിയതിനാലാൽ..
വഴിയരികിൽ, പെരുവെയിലില്‍
സ്വന്തം നിഴലിനു തണലായി
ഉരുകിയൊലിയ്ക്കുമ്പോള്‍
ഉണര്‍ന്ന ചില ചിന്തകള്‍
എഴുതി നിറച്ചത്
കവിതയൊ, ജീവിതമൊ.. ?

കേട്ടറിവില്‍ നാമിന്ന്
നേരിട്ട് കാണുമ്പോൾ,
വില്‍ക്കാനിരിയ്ക്കുന്ന
നാളീകേരത്തിന്റെ പിന്നില്‍
എന്റെ ജീവിതനാടകത്തിന്‍
ആദ്യസമാഹാരം 'ചുമടി'ന്നൊരു*
കോപ്പി നിനക്കായ് സമര്‍പ്പണം...

പവിത്രാ...
"നമ്മള്‍ വില്പ്പനക്കാരെന്ന-"
നിന്റെ ആത്മഗതം ഞാനറിയുന്നു..
നീ തന്ന ആത്മബലവും..

ഞാന്‍ രുചിവില്‍ക്കുന്നവള്‍,
നീ ഭാഗ്യം വിക്കുന്നവന്‍...
ഇനിയെന്നു കാണുമെന്നറിയാതെ
പിരിയാമെങ്കിലും...
പതിനൊന്നാം സമാഹാരം
'നമ്മള്‍ക്കിടയില്‍'* കൈയ്യൊപ്പിട്ടതിന്‍
ഒരു കോപ്പി നല്‍കീടുക..

എന്നെപ്പോലെ
ഞാന്‍ മാത്രമല്ലെന്നെനിയ്ക്കും,
നിന്നെപ്പോലെ
നീമാത്രമല്ലെന്നു നിനക്കും,
ഈ വഴിയരികിലെ
കാഴ്ചയും, സൗഹൃദവും... ..
പുതു കവിതയായി
ചിറകു വിടര്‍ത്തുമ്പോൾ..
അല്പ്പ‍നേരം സ്വയം മറക്കാം...
നമുക്കും കവികളാകാം..


പവിത്രന്‍ തീക്കുനി എന്ന യുവകവിയും, അംബിക എന്ന കവയിത്രിയും കൊല്ലം ചിന്നക്കടയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍.....
(മലയാള മനോരമയില്‍ വന്ന വാര്‍ത്ത)


*ചുമട് - അംബികയുടെ പ്രസിദ്ധീകരിച്ച കവിതാ സമാഹാരം.
*നമ്മള്‍ക്കിടയില്‍ - പവിത്രന്റെ പുതിയ കവിതാ സമാഹാരം..