ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Tuesday, November 17, 2009

അസ്ഥിത്തറ

അസ്ഥിത്തറ


സ്വന്തമായെന്നും-
ഒരുപിടി മണ്ണ് വേണം,
നിശബ്ദതയ്ക്കൊപ്പം ഒരൊറ്റയോടിന്റെ
ചെറു കൂടുകൂട്ടി, അതിലൊരു
കെടാത്തിരിവിളക്ക് വച്ചും,
അസ്ഥികള്‍ നിധിയായ്‌ ഒളിച്ചു വച്ചും,
അസ്ഥിത്തറയ്ക്ക് നാലുചുറ്റും
തെച്ചിയും,അശോകവും
ചൊരിഞ്ഞൊരാ പൂക്കളും തുളസിയും.
കണ്ണില്‍ തെളിയുന്ന പ്രിയ ജനങ്ങളും,
എല്ലാമൊതുക്കി, ആത്മാവടക്കി,
അലയാതെ കാക്കുവാന്‍
ആത്മബലിക്കുള്ള ഉരുള ഊട്ടി,
തര്‍പ്പണ മന്ത്രങ്ങള്‍ അയവിറക്കി,
സ്വര്‍ഗ്ഗ,നരക വ്യഥ ചിന്തകളില്ലാതെ,
ഈയൂഴിയില്‍ വാഴുവാനീ
ആറടി മണ്ണും തികച്ചു വേണ്ട.

അസ്ഥിമാടങ്ങള്‍
ഇളകി മറിച്ചതില്‍, മറവിയ്ക്കു-
കൂട്ടുപിടിച്ചിളം തലമുറ
പായുന്ന കാഴ്ചകള്‍,
കണ്ണില്‍ മറയുമ്പോള്‍
ഓര്‍ക്കാനൊരു
കൊച്ചു മണ്‍കുടമെന്കിലും
കാത്തു കൊള്‍ക.....

കുളിരായലിയുമ്പോള്‍......

കുളിരായലിയുമ്പോള്‍......


അകലങ്ങളിലേതോ അലയുയരുമ്പോള്‍ ,
അകതാരിലുണരുന്ന മോഹങ്ങള്‍,
നിറവോടെ തരളിതമായൊരു,
കുളിര്കാഴ്ച്ചയിലെങ്ങോ, വിടരുന്ന
പൂപോലെ, തെളിയുന്ന മിഴിയോടെ,
ചിരിയോടെ വിരിയുന്ന കവിളിണയില്‍,
കരിവണ്ടിന്‍ മൂളലുകള്‍ ഹൃദയത്തിലിണചേരെ,
മുഖരിതമാമൊരു മൂളിപാട്ടായി.....

ശീലുകളെല്ലാം പഴയൊരു പ്രണയ-
കഥയിലെയുണര്‍വും, നേരും,
നേരില്‍ കൊണ്ടൊരു വരിയും,
വരിയിലെ അക്ഷരമുണരും, പറയും,
പുതിയൊരു പ്രണയ കുളിരായി.
പതിരില്ലതൊരു വാക്കുകളങ്ങനെ
ഹൃദയച്ചുട് ചോരയിലെഴുതി,
അധരത്താലൊരു മുദ്രയുമായ്........
മുന്നില്‍ പെരുവിരല്‍ ചിത്രവുമായ്‌.......
ചിതറിയ കാര്‍കൂന്തല്‍ മാടിയൊതുക്കി
പതറിയ കണ്ണിണ നാണമിണക്കി,
കണ്ടുനുകര്‍ന്നൊരു സ്വപ്നങ്ങള്‍
തൂലികയില്‍ ചെന്നിണചേര്‍ന്നിട്ടത്-
അക്ഷര ജന്മമെടുത്തിട്ടൊടുവില്‍
തുടികൊട്ടും നെന്ചിലൊളിച്ചു.....

ഒളിമങ്ങാത്തൊരു ഓര്‍മ്മയിലിന്നും,
തെളിയും ലിപികളിലവളുടെ,
കൌമാര കരളും, നോവും...
നോവറിയോളവള്‍, നേരായിന്നും,
തരളിതമായൊരു കുളിരായലിയും
ശീലുകളെല്ലാം പഴയൊരു പ്രണയ-
കഥയിലെയുണര്‍വും, നേരും....

ജനനം

ജനനം

"മരണമെന്നവസാന ശ്വാസവുമൂറ്റി,
കണ്ണുകളടച്ചും ചിരിച്ചും ജനിക്കുന്നു....."
ചുറ്റിലുമാളുകള്‍ കൂടുന്നു, കരയുന്നു.......
"അന്നെന്റെ ജനനമാഘോഷമാകുന്നു...."

തിങ്കളും താരവുമോടികളിക്കുന്ന
പൂങ്കാവനത്തിലെ പുണ്യമായി
ഞാനങ്ങ് ചെല്ലട്ടെ, ഓടി കളിക്കട്ടെ
കര്‍മ്മങ്ങള്‍ ശീഘ്രം കഴിച്ചുകൊള്‍ക!

പട്ടടയ്ക്കുള്ളോരു മാവുമുറിക്കുവാന്‍
ആളെ തിരയുന്നു ആരുമില്ല !
ആരോ പറയുന്നിതാ ശ്മശാനത്തിലെ
വൈദ്യുതി പട്ടട ഏറെ മെച്ചം...!

വിട്ടൊഴിഞ്ഞോടി പോകുവാനാകില്ല
കര്‍മ്മ ബന്ധങ്ങള്‍ തന്‍ പൂട്ടുകള്‍
പൊട്ടിച്ചെറിയാതെ..! പൊട്ടി കരയുന്നു
മരണം ജനിക്കുന്നു...പുണ്യമോ..പാപമോ..?

വായ്ക്കരിയായ് വച്ചു നീട്ടുന്ന
പുത്രന്റെ കൈകളെ,... ഓര്‍മ്മയില്‍
സ്വര്‍ണ്ണമുരച്ചൊരു തുള്ളി ചെറു
നവിനാലൂറുന്ന നവജാതസ്മൃതിയായ്‌.

നാക്കിലയില്‍ എള്ളിന്‍ കറുപ്പില്‍
തിളങ്ങുന്ന ബലിച്ചോറാമുരുളകല്‍....
"അമ്മതന്‍ കൈയ്യില്‍ നിന്നെത്ര....."
ബലികാക്കകള്‍ കാത്തു നില്‍ക്കെ...

കര്‍മ്മങ്ങള്‍ വേഗം കഴിച്ചീടുക നിങ്ങളീ-
പുണ്യജന്മം യാത്ര ചോദിക്കും വേളയില്‍
തലകീഴായി പെറ്റു വീണിടത്തിന്നു ഞാന്‍
നേരെ, നിവര്‍ന്നെ ജനിക്കും! മരണമായി...

കാലചക്രം തിരിയുന്നു ഞാനതിലെന്‍
തിങ്കളും താരവും തേടിയുഴലുന്നു...
ദൂരെ തെളിയുന്ന കാഴ്ചയില്‍ കാണുന്നു
എരിയുന്ന പട്ടട തീയും,പുകയുമായ്........

നിഴലിനൊപ്പം (ആത്മാവിനൊപ്പം)

നിഴലിനൊപ്പം (ആത്മാവിനൊപ്പം)


നിഴലിനൊപ്പം
മുന്നോട്ടു നടക്കുമ്പോള്‍....
സ്നേഹത്തിന്റെ
കറുത്ത ദുഃഖം പോലെ
കാല്‍ച്ചുവട്ടില്‍ തുടങ്ങി
ദൂരേയ്ക്ക് നീളുന്ന
നിശബ്ദനായ
നിഴലാട്ടക്കാരന്‍,
"ആത്മാവ്...."

"പ്രേതങ്ങള്‍ക്കു
നിഴലില്ലെന്നു..."
നിരീക്ഷണം....?

വഴിപിരിയുമ്പോള്‍.....

വഴിപിരിയുമ്പോള്‍.....


വഴിപിരിയുമ്പോള്‍.....
ദൂരെ തിരിയുന്ന
വഴിയില്‍,
ഒരു തിരിഞ്ഞു നോട്ടത്തിന്റെ
ചടങ്ങെങ്കിലും.......?.


തിരിഞ്ഞു നോക്കവേ.....
പുറം തിരിഞ്ഞ,
നടയില്‍,
എന്റെ ഹൃദയേശ്വരി
വഴിയരികിലെ
പ്രാണ ഭക്തന്മാര്‍ക്ക്...
പ്രസാദം പൊഴിയുകയായിരുന്നോ...?

സംശയത്തിന്റെ,
വഴിപിരിയലില്‍
ആദ്യം ശുഭയാത്ര നേര്‍ന്നത്
ഞാനോ, അവളോ....?

ദൂരവും, പ്രണയവും

ദൂരവും, പ്രണയവും


അവളുടെ കണ്ണില്‍
ഞാന്‍ എന്നെ നോക്കിയിരിയ്ക്കെ
ഒരു ചോദ്യം..
"ദൂരത്തില്‍ നിന്നും...
ദൂരത്തിലെയ്ക്ക്
എത്ര ദൂരം.. ?"

ദൂരത്തെ കൈച്ചുറ്റാല്‍
മാറിലൊതുക്കെ...
ഒരു മറു ചോദ്യം..
"ഞാനി"ല്‍ നിന്നും,
"നിന്നിലെയ്ക്ക് "ലേയ്ക്ക്
എത്ര അടുപ്പം... ?

മനസ്സുകള്‍ ഇരുകരയുമിരിയ്ക്കെ..
മഥനലീലയില്‍
ഉടലുകളിഴചേര്‍ന്നു
നാഗശീല്‍ക്കാരങ്ങളില്‍
വിക്ഷഫണമൊതുക്കി
ദൂരമില്ലായ്മയുടെ
ആലസ്യത്തില്‍
അകന്നു കിടക്കുമ്പോള്‍
ദൂരത്തിലെയ്ക്കുള്ള
ഉത്തരം തേടി....
ഞാന്‍ എന്നില്‍ നിന്നും
ഒരുപാട് ദൂരേയ്ക്ക്....
അതേ മാത്രയില്‍
എന്നില്‍നിന്നകലുന്നു...
ദൂരേയ്ക്ക്...ദൂരേയ്ക്ക്...
അത്രയുംതന്നെ ആയിരിയ്ക്കണം
അവളുടെ വിലയുറപ്പിച്ച,
സമയനിബന്ധിത പ്രണയത്തിന്റെ
ദൂരവും..

"ഇരതേടലുകള്‍"

"ഇരതേടലുകള്‍"


കോഴിമുട്ടയില്‍
കാളക്കണ്ണുതീര്‍ത്ത്
കത്തിയും, മുള്ളുമായി
കിള്ളിയടര്‍ത്തുന്ന
പ്രാതലില്‍...

മദ്ധ്യാഹ്നത്തില്‍...
നിറം പുരണ്ട
വിരകളെ
വീണ്ടും അതേ
കത്തിയും, മുള്ളുമായി
നുള്ളിവലിച്ചു
വായിലേയ്ക്കു....
പിന്നെ
അണുവിട
അണുവിമുക്തമാം
ചെറുകുളിരുള്ള
കുപ്പിവെള്ളം...

ഇരവിലിരയെടുക്കാന്‍...
ഇരുണ്ടവെളിച്ചത്തില്‍
മുഖം കാണാതെ
അറിയാതെ,പറയാതെ,
നുരയുന്ന ലഹരിയില്‍
ബോധക്ഷയത്തില്‍
പേരറിയാത്ത,രുചിയറിയാത്ത
അത്താഴമൂട്ടുകള്‍

പിന്നെ...
ലഹരിയില്‍
കൊഴുത്ത ദാഹം
തീര്‍ക്കാനൊരു "വേട്ട"-
യാടിത്തളര്‍ന്ന
ഇണയും,ഇരയും
ഇരുളില്‍ മറയുന്നു...
ഒരു "മഹദ്"ദിനാന്ത്യമായി.

പുന്ര്‍ജ്ജനികള്‍

പുന്ര്‍ജ്ജനികള്‍
നിലാവുനെയ്ത
തൂവെള്ള പുതപ്പിനുള്ളില്‍,
കുളിരില്‍ മരവിച്ചു...
ഇരുളിന്‍ രാത്രിയ്ക്ക് മരണം...

പുലരിതന്‍
മഞ്ഞുകണങ്ങളിറ്റിച്ചി-
ലത്തുമ്പിനാല്‍ തര്‍പ്പണം.

ബാലഭാസ്ക്കരന്‍
തെളിയിച്ചൊരാ-
വെട്ടം രാത്രിയ്ക്കു-
പട്ടടത്തീയായി,
പാപവിമുക്തയായി,
പുന്ര്‍ജ്ജനി തേടി മറയുന്നു.

പ്രണയത്തിന്റെ വഴികള്‍...

പ്രണയത്തിന്റെ വഴികള്‍...


പാടുന്ന, പാട്ടിലീണം
തേടുന്ന, കാറ്റി-
ലോളം, തിരയുന്ന
കരയി,ലിക്കരെ-
യക്കരെ മോഹങ്ങ-
ളിണക്കണ്ണാല്‍
വിരിയുന്ന പൂവി,
ലുതിരുന്ന തേനി-
ലലിയുന്ന വാക്കില്‍,
മുറിയുന്ന ചുംബന-
ച്ചൂടിലൂറുന്ന, മഞ്ഞി-
ലുരുകുന്ന മനസ്സി-
ലുണരുന്ന മോഹ-
മറിയുന്ന നോവി-
ലുറയുന്ന, തീയി-
ലെരിയുന്ന കനവി-
ലൊടുങ്ങുന്ന തീഷ്ണ-
വികാരത്തിലമര്‍ന്നൊ-
ടുവിലീ ജീവിത-
സായന്തനങ്ങളി-
ലോര്‍മ്മകള്‍ പൂക്കു-
മിടവേളയില്‍ ഓര്‍ത്തൊന്ന്
ചിരിച്ചും,കൗമാരം
കടം വാങ്ങാന്‍
കൊതിച്ചുമീ പ്രണയം
അതിന്‍ വഴിയെ
എന്നെയും കടന്ന്...

Sunday, October 11, 2009

മധുരമീ ജീവിതം !

മധുരമീ ജീവിതം !
മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നമാണീ ....
മധുരമീ ജീവിതം....?

ഒന്നല്ലൊരായിരം സ്വപ്നങ്ങള്‍
നെയ്യുമീ മനസ്സാംയന്ത്രങ്ങള്‍ ..
എന്‍ ചോരയാറ്റി വിയര്‍പ്പാക്കിടുമ്പോള്‍
മധുരമീ ജീവിതം........

തുടികൊട്ടിയുയരും, മുകില്‍ചാര്‍ത്തിയണയും...
ആകാശ ഗോപുരനടയില്‍
ഒരു സൂര്യബിംബമായി ഉരുകിടുമ്പോള്‍
എന്നെ വലംവച്ച് , എന്നില്‍ തിരിയുന്നീ
ജീവിത നൊമ്പരങ്ങള്‍ ...,

മധുരമീ ജീവിതം....
എരിഞ്ഞുതിരുമ്പോഴും , നിത്യവു -
മൊഴിയാതെ വന്നെത്തിടുന്നു ഞാന്‍
പുലരിതന്‍ സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റി ..

മകനോട്‌.....

മകനോട്‌.....

ഓര്‍മ്മയ്ക്ക് മുന്നേ ശീലിച്ച ശീലം,
മുടങ്ങാതിന്നെവരേയ്ക്കും, ഇന്നവസാന-
ശ്വാസമൊടുങ്ങുന്നതിന്‍ മുന്നേ
ഏറെ ലാളിച്ചുപാലിച്ച നിന്‍ മുഖം
കാണാതെ, നിന്‍ കൈയ്യാലൊരിറ്റു-
പുണ്യം നുകരാതെ- ഒടുവില്‍ നീ
തൂശനിലയില്‍ എള്ളും, ചോറും
ഉരുളയൂട്ടുമ്പോള്‍ ചിറകടിച്ചരികില്‍
വരാന്‍ ഞാന്‍ കാവതികാക്കയല്ല...,
മകനെ...! നിന്നച്ഛനാണ്.....

കണ്‍മഷി

കണ്‍മഷി

പെണ്ണിന്...,
കണ്‍മഷി, സൌന്ദര്യമെങ്കില്‍...,
കണ്ണിനു തെളിച്ചമെങ്കില്‍....,
അവള്‍ വരച്ച കരി,
കരഞ്ഞു പടര്‍ന്നപ്പോള്‍...
മുഖം കറുത്തപ്പോള്‍
"എന്റെ മുഖത്തെന്തിനു-
കരിവാരി തേച്ചതെന്ന്"-
അച്ഛന്‍ വിറപൂണ്ടതെന്തിനു.....?

Thursday, August 27, 2009

പുതിയ വേരുകള്‍ ....

ഇത് ചുരുക്കെഴുത്തിന്റെ കാലം...
കവിതയിലെ "ക" പറഞ്ഞാല്‍
"ക"യ്ക്ക് കാലമാകാം, കള്ളമാകാം,
കാല്പനികതയുമാകാം, കണ്ണുനീരാകാം,
കനലാകാം, കാമമാകാം,
കാണാമറയത്തെ എന്തുമാകാം
"ക" കണ്ടവര്‍ തന്നെ കാണട്ടെ!
"അവര്‍ക്കെന്തു തോന്നുന്നു..
അതുതന്നെ"കവിത"യും".

"വി" വിരക്തിയോ, വിശുദ്ധിയോ,
വിശ്വമോ, വിശാലമോ, വിയര്‍പ്പോ,
വിരളമോ, വിത്തെന്തായാലും,
വിളയേണ്ടത് കവിത തന്നെ...
വിരോധത്തിന്റെ ആഭാസങ്ങള്‍
വിളയുന്ന വിത്തറിയാത്തൊരു
കവിതാവൃഷം, വേരുകള്‍-
ചൂഴ്ന്നെടുക്കുന്നത് മേല്‍മണ്ണിന്റെ
മൃദുത്വവും, മുളപ്പൊട്ടാനൊരുങ്ങുന്ന
പുതുവിത്തിന്റെ ഊര്‍ജ്ജവും.

കവിതയിലെ "ത" താളബോധത്തിന്റെ,
തനിമയുടെ, തരളഹൃദയങ്ങളുടെ,
തനിയാവര്‍ത്തനങ്ങള്‍ തമ്മിലുള്ളൊരു,
സമന്വയം, വിസ്മയം, ചിന്തനീയം.

Tuesday, August 25, 2009

മെഴുകുതിരികള്‍

മെഴുകുതിരികള്‍എരിഞ്ഞെരിഞ്ഞു.....
ഉരുകിയൊലിച്ച്....
ഒടുങ്ങാറായൊരു
മെഴുകുതിരി...

കുമ്പസാരകൂടിനരികെ. ..
കുറച്ചു മുന്നേ
'മാനസാന്തരം' വന്നൊരുവന്‍
കത്തിച്ചു വച്ചുപോയൊരു
മെഴുകുതിരി

അവന്റെ നന്മകള്‍
കത്തിയൊടുങ്ങാറായി..
അവന്‍ ഇരുളിന്‍
കയത്തിലെയ്ക്കൂളിയിട്ടു
നടക്കയായ്‌....
ഇനിയൊരു പാപത്തിനായി.....?
മറ്റൊരു കുമ്പസാരത്തിനായി....?

പുരോഹിതനൊഴിഞ്ഞ,
കുമ്പസാരക്കൂടിനരികില്‍
അവസാന ആളലിലും
മെഴുകുതിരി.....
കര്‍ത്താവിനോടു....
നേരിട്ടൊരു കുമ്പസാരം...,
" പാപിയാം അവനായി
എരിഞ്ഞു തീര്‍ന്നതിന്‍
പാപങ്ങളെല്ലാം
പൊറുക്കുവാനാകുമോ......"?

വാക്കുകള്‍ തിരയുമ്പോള്‍

വാക്കുകള്‍ തിരയുമ്പോള്‍

പറയാന്‍
കുറെ വാക്കുകള്‍
കടമായിട്ടെടുതിട്ടുണ്ട്!
അതില്‍ കുറെ
പറഞ്ഞു തീര്ത്തു,
കുറച്ചു കടം കൊടുത്തു.
അതില്‍ ചിലത്
ദുഖവും, സ്വാന്തനവും,
കൈനഷ്ടമില്ലാതെ.....
ചിലത് പ്രതിജ്ഞയും,
പ്രതികാരവും,
ഇരുളിന്റെ മറയില്‍....
ഇനിയുള്ളവ
അമൂല്യമായതെന്നു
തോന്നിയിട്ടെന്‍-
മണി ചെപ്പില്‍ ഒളിപ്പിച്ചവ!
ആര്ക്കും വച്ചുനീട്ടാതെ,
കൊതിപ്പിക്കാതെ,
എന്നോട് തന്നെ
ഓര്‍മപെടുത്താതെ,
ക്ലാവ് പിടിച്ചെന്നു
തോന്നി തുടങ്ങിയ
നിമിഷങ്ങളില്‍
തികട്ടുന്ന പുളിയും,
കണ്ണീരുപ്പും ചേര്ത്തു,
തേച്ചു മിനുക്കുമ്പോള്‍
മങ്ങിയ തിളക്കങ്ങള്‍
തിരയിളകി പറയുന്നു
നന്ദി...ഒരായിരം നന്ദി...
ചെപ്പിലൊളിച്ച വാക്കുകള്‍..!
തിരിച്ചും പറയാന്‍
ഒട്ടുമാകാതെ,
പകരവാക്കുകള്‍ക്ക്
മനം പായവേ...
പാടുന്ന കുയിലോ,
ഊതുന്ന കുഴലോ,
പെയ്യുന്ന മഴയോ,
ഉതിരുന്ന വെയിലോ,
ആരും പറഞ്ഞില്ല...ഒരുവാക്കും!
അവര്ക്കും
വേണ്ടതെന്നുടെ ചെപ്പിലെ
സ്നേഹവും, നന്ദിയും,

പകരവാക്കുകള്‍ക്കായി
വീണ്ടുമലയുന്നീ-
പ്രകൃതി സൃഷ്ടാവിനോട് പോലും!
സ്നേഹത്തിനു പകരമൊരു
പുതിയ പര്യായം
തീര്‍ക്കുവാനളല്ലെന്നു
ചൊല്ലി പിരിഞ്ഞു പോയി
ഒരു നന്ദി വാക്കിനായ്
കാത്തു നില്‍ക്കാതെ......

അലിയുമ്പോള്‍.......

അലിയുമ്പോള്‍.......


ഘനീഭവിച്ചൊരു ജലശകലം
നുരയുന്ന വീര്യത്തിലേക്ക്..
അലിയുന്നതൊരു പുരുഷഹൃദയം
നുകരുന്നതീ ഇണ ചുണ്ടുകള്‍
പുകയുന്നതൊരു ഹൃദയം
പ്രണയാകുലമായൊരു നിമിഷം-
ധൂമമായി വട്ടമിട്ടുയരുന്നു...
വ്രണിതമായി നുള്ളിയടര്‍ത്തിയ
ദിന രാത്രങ്ങളിലൂടെ ഒടുവിലൊരു
വ്യാഴവട്ടത്തിന്റെ നാലിലൊന്നില്‍
ചെന്നണഞ്ഞപ്പോള്‍ ചഷകത്തില്‍
നുരയില്ല, പതയില്ല, നിറവുമില്ല
എങ്കിലും ചുണ്ടോടടുത്തപ്പോള്‍
രുചി പറഞ്ഞിതന്യമാണ്,
"നിനക്ക് വര്‍ജിതം, നീ എന്നിലേക്ക്‌
പകരുക നിന്റെതല്ലാത്ത
നിന്റെ സര്‍വ്വതും, ഞാനാ
ലഹരിയില്‍ മദിക്കട്ടെ
നീയൊരു ഘനീഭവിച്ച
ജലകണം പോല്‍ അലിഞ്ഞുകൊള്‍ക
എന്റെ സ്വാര്‍ത്ഥതയുടെ ലഹരിയില്‍"....

പോരാട്ടം.....

പോരാട്ടം.....

കഴുത്തറുത്ത്
തൊലി കീഴെയ്ക്ക്
ഊര്ത്തെടുക്കുബോഴും,
പിന്നെ പല തുണ്ടായി
അറുത്തു തൂക്കുമ്പോഴും,
വില പറഞ്ഞു പലര്ക്കായ്‌
പകുത്തു കൊടുക്കുമ്പോഴും,
പലചട്ടികളില്‍ പലയിടത്തായി
മുളകും , ഉപ്പും ചേര്‍ത്ത്
തിളച്ച എണ്ണയില്‍
പൊള്ളുമ്പോഴും
പ്രതികരിയ്ക്കാതെ
പിന്നെ....
രുചിയോടെ ചവച്ചു
ഉമിനീരിനോപ്പം ഇരുളില്‍
മറയ്ക്കുമ്പോള്‍, ആമാശയത്തില്‍
ദഹനത്തോട് നിലനില്‍പ്പിന്റെ
അവസാന പോരാട്ടം
നടത്തുമ്പോള്‍
മൂടിവച്ച വേദനയെ
ഒന്നമര്‍ത്തി മൂളുമ്പോള്‍...
ഒന്നമറി വിളിയ്ക്കുമ്പോള്‍
നിങ്ങള്‍...
ചെറു വയറുവേദനയില്‍
വൈദ്യനെ തേടുന്നു...
അസ്വൊസ്ഥരാകുന്നു...
മൂക്കുപിടിയ്ക്കുന്നു...
ചിരിയ്ക്കുന്നു, ചിലര്‍..

സമയം

സമയം

തിരക്കിന്റെ തിരക്കിലിത്തിരി
സമയം തിരയുന്നു, തിരിയുന്ന
ഘടികാര സൂചിതന്‍ കൃത്യത
കാക്കുവാനാകില്ലയെന്കിലും
കരുതാന്‍ കഴിഞ്ഞെങ്കില്‍
കാത്തു നില്‍ക്കുന്നവനും സമയം
"കൈയ്യെത്താത്തൊരു സമസ്യയെന്ന്"
എനിക്കെന്റെ വിലപ്പെട്ടതില്‍നിന്നു
നിനക്കല്പം പങ്കുവയ്ക്കുവാന്‍
വിലക്കെന്തെന്നറിയാതെ, നിമിഷങ്ങള്‍
കാലങ്ങളിലൂടെ പാഞ്ഞേ മറയുന്നു...

സമയം- കാത്തിരിപ്പിന്റെ, കാലത്തിലേക്കുള്ള
ദൂരമെന്നാരോ പറഞ്ഞതും പിന്നെ
സമയദോഷത്തെ പഴിചാരി എങ്ങോ
ജീവിതം വഴിവിട്ടു പോയതും,
ഒറ്റവട്ടത്തില്‍ പലവേഗത്തില്‍ ചുറ്റുന്ന
പലതരക്കാരാം അവര്‍ നിയതിയുടെ
ഘടികാരസൂചികള്‍, ഒടുവില്‍
കറങ്ങിയൊടുങ്ങാതെ ജീവിതമൊടുക്കി
മറയുന്നു ചരിത്രമായി... ജീവിതം....
തിരിച്ചറിവിന്റെ ചില നിമിഷമെന്കിലും
"നന്മയായി കൈവരട്ടെ" എന്നാത്മാഗതം
എന്നില്‍ തുടുക്കുന്ന ഹൃദയസ്പന്ദനങ്ങള്‍
ഒരുതാളമായി ഒന്നായി മിടിച്ചിടട്ടെ...

കാമുകിയോട്.....

കാമുകിയോട്.....

തുടുത്ത ചുണ്ടിനെ
ഊറ്റിക്കുടിയ്ക്കാതെ...,
അതിലൂറുന്ന പുഞ്ചിരി
നുകരുവാനിഷ്ടം...,
അതിലൂടെ നിന്‍
ഹൃദയത്തില്‍
അലിയുവാനിഷ്ടം...

തിളങ്ങുന്ന കണ്ണിലെ
വെണ്മയെ കാമ-
ത്തിരയായി കാണാതെ
നിന്‍ ആത്മാവിലേയ്ക്കുള്ള
നേര്‍വഴി കാണുവാനിഷ്ടം......,

ഉള്ളിലൊരു കോണിലെ
തുടിയ്ക്കുന്ന, സ്വപ്നമായി......
നീയെന്നെ വിട്ടകന്നാലും...
മാനസ സരോവരത്തിങ്കല്‍
വിരിഞ്ഞൊരു താമര-
പ്പൂവിലെ പുണ്യമായി...,
ഞാനൊരു ഭ്രമരമായി.....
ചുറ്റിത്തിരിയുവാനിഷ്ടം.....

"പച്ചക്കുതിര"

"പച്ചക്കുതിര"

ഇല്ലാത്ത പച്ചപ്പിലെ,
പച്ചിലകള്‍ക്കിടയില്‍
ഒരശ്വമേധത്തിനും,
പടയോട്ടതിനും,
പന്തയത്തിനും,
ആളല്ലാതൊതുങ്ങി
ഇലയനക്കങ്ങളില്‍
പോലും "മറുപ്പച്ച"
ചാടാനാകാതൊരു
"കുതിര".

കുതിരയായിട്ടുമാകാതെ....
എന്നെയും, നിന്നെയും
പോലൊരു "പച്ചക്കുതിര".
"പ്രവാസികള്‍".... നമ്മള്‍....?

സമസ്യകള്‍......

സമസ്യകള്‍......
സമാനമായ
പല ചിന്തകള്‍......
"ചിലന്തിയെപ്പോലെ"
വീണ്ടും, വീണ്ടും
നെയ്തുകൂട്ടുകയും,
പൊട്ടിയടരുമ്പോള്‍
സാഹസികമായി......
തൂങ്ങിയാടുകയുമാകാം
"ജീവിതം"

"ലഹരി....."

"ലഹരി....."

ലഹരി,
ബോധത്തിനും,
അബോധത്തിനുമിടയിലെ,
ആവ്ഷ്ക്കര സ്വാതന്ത്ര്യമുള്ള
അനുകരണങ്ങളുടെ,
വെറുപ്പുളവാകുന്ന,
ചിലപ്പോള്‍...
പരിഹസിയ്ക്കാവുന്ന,
അറിഞ്ഞും, അറിയാതെയും,
ആഘോഷമാക്കുന്ന
നിത്യ കാഴ്ചകള്‍....

ലഹരി....,
ബോധത്തിനും,
അബോധത്തിനുമിടയിലെ,
ആവ്ഷ്ക്കര സ്വാതന്ത്ര്യമില്ലാത്ത
നിശബ്ദമായ.......
കുടുംബിനിയുടെ കണ്ണീരിന്റെ,
കുഞ്ഞുങ്ങളുടെ വിശപ്പിന്റെ,
അയല്‍ക്കാരന്റെ ക്ഷമയുടെ,
മുഖം കുനിച്ച
നിത്യ കാഴ്ചകള്‍...

ലഹരി....
ബോധപൂര്‍വ്വം,...
ഒരു വിലയിടുവുമില്ലാതെ
വീര്യം ചോരാതെ
ആഘോഷമാകുന്നു....
"നിത്യ കാഴ്ചകള്‍"