ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Saturday, May 26, 2012

ചുംബനപ്പൂക്കൾ.


ഓരോ പൂവും...
എത്ര ചുംബനമേറ്റാണ്
ഇങ്ങനെ വിരിഞ്ഞ് പരിലസിക്കുന്നത്...

മൊട്ടായിരിക്കുമ്പോഴെ
കാറ്റിന്റെ കാമകൈകൾ
വലിയരാവേശത്തോടെ
തഴുകി,ത്തഴുകി ആരും കാണാതെ
ഇതളുകൾ വിരിക്കുവാൻ
രാവും, പകലും ശ്രമിച്ചിട്ടുണ്ട്...

വെയിൽ
ഇങ്ങനെ എല്ലാത്തിനും സാക്ഷിയായ് -
നോട്ടം ഉച്ചയിലെത്തുമ്പോൾ
പൂക്കൾ തലകുമ്പിട്ട് നിൽക്കും..

ചില കിളികൾ
അപ്രതീക്ഷിതമായ് വന്ന്
ചുണ്ടുകളാഴ്ത്തി ധൃതിയിൽ
ചുംബനം പകർന്ന് പോകുന്നു...

ശലഭങ്ങൾ
പ്രണയം പോലെ മനോഹരമായ
ചിറകുകൾ വീശി, മൃദുലമായ്
നീണ്ട കാണാച്ചുണ്ടുകൾകൊണ്ട്
മോഹങ്ങളിലേക്ക്
പറന്നുയരാൻ വിളിക്കുന്നു...

വണ്ടുകളുടെ മൂളിപ്പാട്ടു തന്നെ
ശുദ്ധ അശ്ലീലമാണ്.
കാരിരുമ്പിനെ കരുത്തുള്ള
കൊമ്പുകൾ കൊണ്ട്
ഒരു പൂവിനെത്തന്നെ ഊറ്റിയെടുക്കുന്നു...

ചിലർ പൂവുകളെതന്നെ അടർത്തി
കമ്പോളവിലക്കനുസരണം ഒരുക്കിയെടുക്കുന്നുണ്ട്.

ഇതിനിടയിലെപ്പഴാണാവോ
അവളിൽ പരാഗണവും,
ജീവിത വസന്തത്തിന്റെ പ്രതീക്ഷയും ഒക്കെ
വിടരുന്നതും, മണം പരത്തുന്നതും. ?

Sunday, May 6, 2012

മൂവഞ്ചി...


ബ്രഹ്മാവിനു ഉറക്കമില്ലാത്ത കർമ്മം,
ഫലം രണ്ടിനു രണ്ട് മാത്രം...

വിഷ്ണുവിനുറക്കം- സ്ഥിതി പാമ്പിൻ പുറത്ത്,
വിഷം ചീറ്റുന്നുണ്ട് പരസ്പരം...

ശിവനു വിശ്രമം,
സംഹാരം നമ്മൾ പങ്കിട്ടെടുക്കുന്നു... !!
കാലം നോക്കാതെ...

ബിംബമില്ലാത്തവർ
കണ്ണാടിയിൽ കാഫിറുകളെ തിരക്കുന്നു....

കുരുശുവഴിലെ
ചോരത്തുള്ളി വിലയേറും വീഞ്ഞായി വിൽക്കുന്നു....

താടിനീണ്ട രുദ്രാക്ഷമുഖങ്ങൾ
ദൈവങ്ങൾക്ക് കൂടോത്രമൊരുക്കുന്നു....

ഇതിനിടയിൽ
മനുഷ്യരെ തിരക്കി ഒരു മനുഷ്യനും വന്നില്ല...