ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Monday, July 8, 2013

പെയ്ത്തുകൾ....

പെയ്ത്തുകൾ....
---------------------

വരണ്ട നദികൾ
ഒരു പ്രളയ
സുരതത്തെ കാത്തുകിടന്നു..

മതങ്ങൾ
മാനവികതയ്ക്കുമപ്പുറം
മറ്റൊരളവുകോലിട്ട്
ഭൂമിയെ, മനുഷ്യരെ
തരം തിരിച്ചു....

മാനുഷികതയുടെ
തരിശു നിലങ്ങളിൽ
കൊയ്ത്തുപാട്ടിന്റെ
ശവഘോഷം...

വെള്ളമില്ലാത്ത
കിണറ്റുവക്കിൽ
തവള പുറംലോകം കണ്ട്,
തന്നിലേക്കു തന്നെ
കണ്ണടച്ച് എടുത്തു ചാടി....

മഴമേഘങ്ങൾ
ഇന്നിന്റെ മാനവമനം
പേറിയാണിരുന്നത്,
ഒന്നു പൊട്ടിയടർന്ന്
ആത്മഹത്യ ചെയ്യുവാൻ...

ദൈവങ്ങളുടെ
കേതാരങ്ങളിൽ
ഭക്തിതേടിയ മേഘഗർഭങ്ങൾ...

കുത്തിയൊലിക്കുന്ന
കെട്ടിപ്പടുക്കലിൽ
ഒലിച്ചു പോകാത്തതിനു
മതത്തിന്റെ മതിലുകെട്ടി,
മനുഷ്യശവങ്ങളെ കൊണ്ട്...

വിളിച്ചിട്ടും
പ്രതികരിക്കാത്ത
കുറേ അക്കങ്ങൾ
മാത്രമായ് മരിച്ചവരൊക്കെയും..

ദൈവവും,
ദേവഗേഹങ്ങളും
മനുഷ്യരുള്ളിടത്തോളം
സുരക്ഷിതം...

എങ്കിലും
ഗംഗയുടെ പുണ്യത്തിലേക്കെന്ന്
കണ്ണടച്ച് സമ്മതിക്കാനാകാതെ
ആരെങ്കിലുമൊക്കെ
കരയിലേക്ക്
നീന്തിയിട്ടുണ്ടാവണം...

Thursday, July 4, 2013

തിരിയാ മൊഴികൾ....

തിരിയാ മൊഴികൾ....
--------------------------

ഇലകൊഴിയും
ശിശിരശിഖരത്തിലെ
ഒറ്റയിലപ്പാമ്പ്...

ഉച്ചിയിൽ
ഉച്ചവെയിലേറ്റിയ കാറ്റ്
ആലസ്യത്തിലുണങ്ങാൻ കിടന്നു...

ദാഹിച്ചു വലഞ്ഞൊരു
പച്ചക്കുതിര,
മരുഭൂമിയിലേക്ക് പ്രതീക്ഷ ചാടിപോകുന്നു....

മേഘനിഴലുകളിൽ
പ്രതീക്ഷകളുടെ തെളിമതെളിയുന്ന
കാർമേഘപ്രഹേളിക....

വരൾച്ച കുടപിടിച്ച
മൊട്ടക്കുന്നുകൾക്ക്
തരിശ് പാടങ്ങളുടെ മരണസംഗീതം...

തണൽ തേടുന്ന
പഥികൻ തളരാതെ
പാടുന്നതും വസന്തത്തെ കുറിച്ചുതന്നെ...

വസന്തത്തിന്റെ
മദഗന്ധ,പാരാഗണങ്ങളെക്കുറിച്ച്
കാറ്റ് അപ്പോഴും സ്വപ്നം കാണുകയാണ്...

മോഹത്തിന്റെ
കനി പാകമാകുന്നതും കാത്ത്
പ്രലോഭനത്തിന്റെ പാമ്പ് തലകീഴായ് കിടക്കുന്നു...

കനിവറ്റ മണ്ണിലേക്ക്
വേരാഴ്ത്തി
മരപ്രതീക്ഷകൾ തളിരു തേടുന്നു...

ഇരുളിലേക്കാണ്
അന്നും പകൽ പൊലിഞ്ഞു പോയത്,
നാളെയെക്കുറിച്ച് നല്ലതൊന്നും പറയാനില്ലാതെ...

നിഴലുപോലും
നഷ്ടമായിത്തുടങ്ങിയ പ്രകൃതി
തന്നിലേക്ക് തന്നെ മടങ്ങിയെത്താനപേക്ഷിക്കുന്നുണ്ട്...

വംശനാശത്തെക്കുറിച്ച്
എപ്പോഴും ചിലക്കുന്ന ചീവിടും
ഒരു പക്ഷേ പറയുന്നതിതു തന്നെയാവാം....

കാലത്തിനൊത്തുപോകുന്ന
സകല ചരാചരങ്ങൾ ഒത്തുപറയുന്നതും
ഇതുതന്നെയാണ്- നമ്മോട് തന്നെയാണ്....