ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, December 11, 2011

പാഞ്ചജന്യം.

ഹേ പുരുഷാരമേ..! നിങ്ങള്‍ക്ക് നടുവിലീ

പാര്‍ത്ഥസാരഥി ഞാന്‍ 'ഗീതോപദേശത്തിന്റെ'

പെരുമ്പറകൊട്ടി പാഞ്ചജന്യം മുഴക്കുന്നു...


അധീരനിവന്‍ അര്‍ജ്ജുനന്‍ സ്ത്രൈണഭാവമേറി,

വില്ലും ശരങ്ങളും താഴ്ത്തി, കിതച്ചു വശംവദനാകുന്നു.

നിന്നെക്കരുതി 'പുറപ്പെട്ടവര്‍' പരസ്പരം

പല്ലിറുമി പഴിപറയുന്നുണ്ട് .... കഷ്ടം.


ബന്ധുവാണത്രേ ചുറ്റിലും...?

പാണ്ഡു'പെറാത്ത' പാണ്ഡവര്‍ക്കെങ്ങനെ

നൂറ്റോര്‍ ബന്ധുക്കള്‍..? ചുറ്റിലും കൂടിനില്‍ക്കും

ക്രുദ്ധയോദ്ധാക്കള്‍തന്‍ കണ്ണുകളിലെങ്ങനെ

നീകാണുമര്‍ജ്ജുനാ..മമതയും, സ്നേഹവും.


നിനക്കവകാശമില്ലാത്ത രാജ്യത്തിനു

പകുതിരാജ്യം പകുത്തില്ലൊ,രു സൂചിമുന താഴ്ത്തുന്നിടം

കടം തന്നില്ല,യെങ്കിലും 'മുട്ടു'ന്യായം വാദിച്ചു ഞാന്‍...

ഏതു ന്യായാധിപനുമുന്നിലും അവകാശ-

വാദത്തിനു ന്യായമുഖങ്ങളില്ലാത്തയവകാശ യുദ്ധം...!


നിനക്കും മേല്‍ക്കുമേല്‍ പ്രശസ്തിയേറിടും

നിന്‍മകനഭിമന്യുവിനു ചക്രവ്യൂകം ഗര്‍ഭത്തിലേ

ചമച്ചു വച്ചിട്ടുണ്ടതില്‍ ചാവേറായി ചത്തുവീഴുമ്പൊഴും

മകന്റെ പേരിലഭിമാനം മാത്രം..നിനക്ക്.


കുന്തിയെന്തിനു കടം കൊണ്ടുപെറ്റതെന്നറിയില്ല,

മാദ്രിയെക്കൊണ്ടെന്തിനു വഴിപിഴപ്പിച്ചതും...?

'തന്നെപ്പോലിവളുമെന്ന്' മാലോകരെക്കൊണ്ട്

പറയിച്ചിടാനോ, പാപം പങ്കിട്ടെടുക്കുവാനോ?


എടുക്കുക വില്ലുനീ.. തൊടുക്കുക ,

പെരുവിരളറ്റ കാട്ടാളന്റെ കരവിരുതോര്‍ക്കുക..

മണ്‍പ്രതിമയായി കരുതി ഗുരുവിന്റെ നെഞ്ചിലെ

പാപത്തിലേയ്ക്ക് നീ അമ്പെയ്തൊഴിക്കുക.


നിന്നേക്കാള്‍ വീരനെന്നു നിനക്കറിയുമാ

കര്ണ്ണന്‍- ആത്മാഭിമാനിയാമവനെ

തളക്കുവാന്‍ 'പിഴച്ചവനെ'ന്നൊറ്റ വാക്കു-

കൊരുത്തയസ്ത്രം മതി,യല്ലെങ്കിലനുജന്റെ

മമതയുണര്‍ത്തി നെഞ്ചു തുളക്കുക.


ആചാര്യരുടെ കണ്ണുകളില്‍ നോക്കുക... !

കാലം കഴിഞ്ഞെന്നുറച്ച 'സ്വച്ഛന്ദമൃത്യു'വിനു

നീ കാരണമാകുന്നതിലെന്ത് തെറ്റ്..?


ഗുരുപുത്രനശ്വത്ഥാമാവിനെ കരുതിവയ്ക്കുക,

പോരുവേല മൊത്തം ചൊല്ലിപ്പഠിച്ചവന്‍

ചിരംജീവി- വേരറ്റുപോയാലും

നീരിറ്റു നില്‍ക്കും പ്രതികാരമാണവന്‍.


പകയുടെ ചതിയുടെ പടപ്പുറപ്പാടാണിന്നു,

ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍

വീരെനെന്നൊരു 'പൊയ്'പ്പേരുമാത്രം നിനക്കുസ്വന്തം.

എന്റെ ഭാഷണം- നിനക്കുമീ, യക്ഷൗഹിണിപ്പടയ്ക്കും..!!!

എന്റെ കൗശലത്തില്‍ പടവെട്ടിമരിക്കുമീ

മനുഷ്യരെന്നുമുണ്ടാകും കാലങ്ങള്‍ക്കപ്പുറംവരെ-

പുതിയ ഭാരതകഥകളിലോരോയണു കുടുംബത്തിലും,

കര്‍മ്മമറിയാത്തയോരോ മനസ്സിലും

നേരുചികയാനൊരോര്‍മ്മയായി ഈ ഗീതകം.

13 comments:

  1. "കർണ്ണൻ- ആത്മാഭിമാനിയാമവനെ
    തളക്കുവാന്‍ 'പിഴച്ചവനെ'ന്നൊറ്റ വാക്കു-
    കൊരുത്തയസ്ത്രം മതി,യല്ലെങ്കിലനുജന്റെ
    മമതയുണര്‍ത്തി നെഞ്ചു തുളക്കുക."
    പാഞ്ചാലിയോടിവൻ ചോദിച്ച ചോദ്യം കൂടി ഓർക്കുക..

    ReplyDelete
  2. ഇഷ്ടായി.....വളരെ.
    എന്താ കാവ്യാ ഭംഗി!!!!!

    ReplyDelete
  3. മനുരാജ് ....
    എഴുത്ത് നന്നായി !

    ReplyDelete
  4. കവിത വളരെ ഇഷ്ടായി
    ആശംസകള്‍

    ReplyDelete
  5. വായനക്കെത്തിയവരോടും, അഭിപ്രായം പറഞ്ഞവരോടും
    എന്റെ ഹൃദയം നിറഞ്ഞ സന്തോഷം പങ്കുവയ്ക്കുന്നു...

    ReplyDelete
  6. മ ഗ്രൂപ്പിൽ ലിങ്ക് കണ്ടു ;)
    നന്നായിരിക്കുന്നു.

    ReplyDelete
  7. "കുന്തിയെന്തിനു കടം കൊണ്ടുപെറ്റതെന്നറിയില്ല,

    മാദ്രിയെക്കൊണ്ടെന്തിനു വഴിപിഴപ്പിച്ചതും...?

    'തന്നെപ്പോലിവളുമെന്ന്' മാലോകരെക്കൊണ്ട്

    പറയിച്ചിടാനോ, പാപം പങ്കിട്ടെടുക്കുവാനോ?"

    ഗംഭീരം ...ഈ വരികള്‍

    ReplyDelete
  8. ബെഞ്ചലി- ഞാന്‍ ഇപ്പോള്‍ അവിടെ അംഗമായതേയുള്ളു.
    പരപ്പനാടന്‍- :)
    സുനില്‍- സന്തോഷം..

    ReplyDelete
  9. ടെമ്പ്ലേറ്റ് മാറ്റിയാല്‍ കുറേക്കൂടി നന്നാകും ,കറുപ്പ് കണ്ണുകള്‍ക്കും മനസ്സിനും സുഖം പകരുന്ന നിറമല്ല ,കവിതയെക്കുറിച്ച് ,വരികള്‍ വൃത്തത്തിലെഴുതുവാനാകാം ഒരല്‍പം അടിച്ചു പരത്തിയത് പോലെ തോന്നി ,നന്നായി ആശംസകള്‍ ...

    ReplyDelete
  10. നിര്‍ദ്ദേശങ്ങള്‍ക്ക് സന്തോഷം-
    പഠിച്ചു വരുന്നതേയുള്ളു...

    ReplyDelete