ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Wednesday, August 8, 2012

പെയ്തൊഴിയുമ്പോൾ....


പെയ്തൊഴിയുമ്പോൾ....
---------------------------------

മഴയിഴനെയ്തു...
മനസ്സിൽ കുളിരു-
പെയ്തീറൻ ജാലകവാതിലിനിപ്പുറം
ആർദ്രനയനങ്ങളിലൂടൊഴുകു-
മിളം ചൂടിന്റെ ചാലുകൾ.

ഓർമ്മപുസ്തകത്തിന്റെ
പെരും മണമുള്ളൊരോരോ
താളുകൾ മറിയുന്നു...
വേരുമുളച്ച
ഇലകൾ മറവിയിൽ
മരണം പേറിയുറങ്ങുന്നു.

മറ്റൊരു താളിൽ
മയിൽപ്പീലി
ഗർഭം പേറാതെ,
പെറാതെ
മായികലോകത്തേയ്ക്ക്
ഓർമ്മ പറത്തുന്നു...

വീണ്ടുമൊന്നിൽ പ്രണയം,
വടിവൊത്തയക്ഷര-
പൂക്കളായി...
കൗമാര വസന്ത ശലഭങ്ങൾ
മനസ്സിൽ പറന്നിറങ്ങുന്നു...

മഴ പെയ്തൊഴിയുന്നു...
ഈറൻ പെണ്ണിനെപ്പോലിലകൾ
മുഖം താഴ്ത്തി
നാണത്തിന് മുത്തണിയുന്നു.

മഴ വിരഹമായി,
സൂചിമുനയുടെ
നോവിലേയ്ക്കാഴുന്നു...

കുഞ്ഞൊഴുക്കിൻ
കളകളവു,മിടത്തുള്ളി
അടരുന്ന താളവും
വിട്ടകലുന്നു-
അടയുന്നു
ജാലകപ്പാളികൾ..

ഓർമ്മത്താളുകളിൽ
മഴയുടെ മണം നിറയുന്നു
ജീവിതപുസ്തകം
മടയ്ക്കും വരേയ്ക്കും...

5 comments:

 1. നന്നായിട്ടുണ്ട്

  ReplyDelete
 2. ജീവിതപുസ്തകം മടക്കുംവരെ പെയ്യട്ടെ

  ReplyDelete
 3. മഴ പെയ്തൊഴിയുന്നു...
  ഈറൻ പെണ്ണിനെപ്പോലിലകൾ
  മുഖം താഴ്ത്തി
  നാണത്തിന് മുത്തണിയുന്നു.

  മഴ വിരഹമായി,
  സൂചിമുനയുടെ
  നോവിലേയ്ക്കാഴുന്നു...
  -----great!!

  ReplyDelete