ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, February 12, 2012

“ഫ്രം യുവര്‍ വാലന്‍ന്റൈന്‍”



ഹേ.....! വാലന്‍ന്റൈന്‍....
സ്നേഹത്തിന്റെ പുരോഹിത...
അഞ്ചാം നൂറ്റാണ്ടിലെ നിന്റെ
ചോര പൂക്കളിന്നും
ഹൃദയങ്ങള്‍ കൈമാറുന്നല്ലോ......!

അന്ന് നീ പ്രണയത്തിന്റെ
പുണ്യത്തെ നെഞ്ചിലേറ്റിയോന്‍
യുദ്ധക്കൊതിയനാം രാജാവിന്‍
കല്പനയെ മറികടന്നോന്‍
കമിതാക്കള്‍ക്ക് ദാമ്പത്യ
സൂക്തമോതിയോന്‍..... പുരോഹിതന്‍.

ഹേ.....! വാലന്‍ന്റൈന്‍....
നിന്റെ പ്രണയത്തെ തളയ്ക്കാന്‍
ക്ലോഡിയസ്സിന്റെ തടവറയ്ക്കായില്ല
അന്ധയ്ക്ക് പ്രണയ സൌന്ദര്യത്തിന്റെ
കാഴ്ച കൊടുത്തവന്‍ നീ....
കമിതാക്കളുടെ ഹൃദയേശ്വരന്‍.

വിധിയുടെ വാളാലൊടുങ്ങും മുന്നേ
ഹൃദയേശ്വരിക്കവസാന വാക്കുകള്‍....
"നിന്റെ വാലന്‍ന്റൈനില്‍ നിന്നും"
ഒരു ചുവന്ന റോസാപ്പൂവിനോപ്പം...!

അന്നു ചൊരിഞ്ഞ ചോരയില്‍
വിരിഞ്ഞതായിരം ഹൃദയ പൂക്കള്‍...

ഹേ.....! വാലന്‍ന്റൈന്‍....
അന്ന് നീ റോമില്‍ വിരിയിച്ച
പൂക്കളിന്നും വാടാതെ....
ഈ ഫെബ്രുവരിയുടെ
നനുത്ത പ്രഭാതത്തിലും
ഓരോ കമിതാക്കളും
കൈമാറുന്ന പ്രണയങ്ങള്‍
നിന്റെ ഹൃദയത്തില്‍ നിന്നടര്‍ന്നതത്രേ.....!

Monday, February 6, 2012

അപൂര്‍ണ്ണതയിലേയ്ക്കു...



ധിനിവേശത്തിന്റെ കൂറ്റന്‍
കുഴിബോംബുമായി പറക്കാം
നമുക്കു മുകളിലേയ്ക്കു...
ശീതളരാവുകള്‍ തന്‍
നിലാനിഴലുകള്‍ പാകുന്ന
നീലാകാശത്തിന്റെ
മാറുപിളര്‍ക്കും തീക്കുന്തങ്ങളി -
ലേറിപറക്കും ശാസ്ത്രങ്ങളില്‍
കാല്പനികത തന്‍ അടിത്തറ-
പാകിയ കവിഹൃദയങ്ങള്‍,
കുളിരണിയിച്ച ഉണര്‍വ്വും,
പ്രണയവും, വിരഹവും,
ഇനിയൊരു നോവായി
ബാക്കിനിര്‍ത്താം...

ചിലപ്പൊള്‍ പൂര്‍ണ്ണ"ചന്ദ്രനെ"ന്നും,
ചിലപ്പൊള്‍ "പൂര്‍ണ്ണിമ"യെന്നും
നിലകൊള്വൂ നീ...
ധര്‍ത്തിയ്ക്കും ദിനകരനുമിടയില്‍
നില്‍പ്പൂ... മഹായുദ്ധത്തില്‍
ഭീഷ്മാ,ര്‍ജ്ജുനര്‍ക്കിടയില്‍
ശിഖന്ന്‍ഡിയെപ്പോല്‍...
മഹാനഷ്ടത്തിന്റെ,
മാനഹാനിയുടെ,
കഥകളിലൊടുങ്ങാതിരിയ്ക്കട്ടെ!
പുതിയൊരു പ്രതികാരാ-
ഗ്നിയായി എരിഞ്ഞൊടുങ്ങി
പുതിയൊരു വിനാശത്തില്‍
ക്ഷാരമാകാതിരിയ്ക്കട്ടെ!

എങ്കിലും....
സല്ലപിച്ചിരിയ്ക്കാം നമുക്കു...
"താമര കുമ്പിളിലെന്തുണ്ടെന്നു"
കേള്‍ക്കാം മാനത്തെ കൊമ്പനാന-
പ്പുറത്തിരുത്താം,പിന്നെ
മറക്കാനാകാത്ത "ഓമനത്തിങ്കള്‍"
താരാട്ടു കേട്ടുറങ്ങാം...

ആകാശത്തിലിരുന്നു ചിരിയ്ക്കും,
പ്രീയജനങ്ങളെ താരകങ്ങളെ...
നിങ്ങളും കരുതുക
നാളെ നിന്നിലേയ്ക്കു പാഞ്ഞു-
വരുമൊരു അഗ്നിരേഖ...
പുതിയ ശാസ്ത്രമാനങ്ങള്‍ തേടുവാന്‍.

Wednesday, February 1, 2012

പ്രതിസന്ധിയുടെ സ്വപ്നങ്ങള്‍....



വെടിപ്പാക്കിയ
ശരീരത്തിന്റെ,
കുതിര്‍ന്ന മനസ്സിന്റെ
ചൂടും, ചൂരും
നീരാവിയായത്....
കുളിമുറിലെ പുകമൂടിയ
കണ്ണാടിയിലാണ്
മനസ്സറിയാന്‍
ശ്രമിച്ചത്....

ഡ്രസ്സിംഗ് റൂമിലെ
പൂക്കളുള്ള നിലക്കണ്ണാടി...
ചീകിയൊതുക്കി,
തേച്ച് മിനുക്കി,
എടുത്തുവച്ച ചിരി,
മറ്റുള്ളവര്‍ക്കു മാത്രം
പരിചയമുള്ള
മുഖം.

റോഡില്‍
സൈഡ്മെററിലൂടെ...
പിന്നിലെ ഹോണടികളെ
മുന്നേറ്റാത്ത പാച്ചില്‍.....

ഓഫീസില്‍
മേലധികാരിയുടെ
പ്രൈവറ്റ് ക്യാബിന്റെ
കണ്ണാടിവാതിലിലൂടെ
തെളിയാതെ
കാണുന്ന കസേര...

മൊബേലില്‍
ചില്ലുസ്ക്രീനില്‍
മാറി, മാറിത്തെളിയുന്ന
ഭാര്യയുടേയും,
കാമുകിയുടേയും
മിസ്ഡ്കോള്‍...

ഇരുളില്‍ നിറഞ്ഞ
ചില്ലുഗ്ലാസ്സില്‍
വ്യക്തമാകുന്ന
തിരിച്ചറിയാനാകാത്ത
മറ്റൊരു മുഖം..

എപ്പോഴെങ്കിലുമൊക്കെ
പൊട്ടിച്ചിതറിയേക്കാവുന്ന
ചില ബിംബങ്ങളും,
സ്വപ്നങ്ങളും പേറുന്ന
മനസ്സിന്റെ, കണ്ണാടിയെ
തിരിച്ചറിയാനായെങ്കില്‍...?