ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Monday, October 22, 2012

ബേബി.



അന്ന്
പത്താം തരത്തിൽ
തരം തിരിച്ച്
ആണിനും, പെണ്ണിനും
വെവ്വേറെ ക്ലാസുകളിലേക്ക്
നടത്തുമ്പോൾ
കുറുപ്പു സാറിന്റേയും
മീനാക്ഷി ടീച്ചറുടേയും
കണ്ണുകൾ പറഞ്ഞത്...
ബേബിയുടെ കണ്ണുകളിൽ
നട്ടുവച്ചത്...

പള്ളിക്കൂടത്തിന്റെ

അരമതിലപ്പുറത്ത്
ഇടവഴിയിലൂടെ
ആളുകൾ പോകുമ്പോൾ
അരനാണത്താൽ
പെൺകുട്ടികളും,
കൌതുകത്താൽ
ആൺകുട്ടികളും
വെവ്വേറെ ക്ലാസ്സുകളിലിരുന്നു
ഒന്നായി ചിന്തിക്കും-
എന്തായിരിക്കും
അടച്ചിട്ട ഓലപ്പുരയ്ക്കുള്ളിലെന്ന്.. ?

അപ്പോൾ

സങ്കൽ‌പ്പങ്ങൾ
ചുംബനദൂരത്തിനപ്പുറം
ബയോളജിക്ലാസിലെ
പാഠഭേദങ്ങളിൽ
കൂപ്പുകുത്തി നിൽക്കും...

ഇടക്കിടെ

ആറാട്ടിനാനകൾ
പോകും പോലെ
ബേബി ഇടവഴിയിലൂടെ
മുടി വാരിക്കെട്ടി,
പിന്നെയും കെട്ടി,
കൈലി കുടഞ്ഞുടുത്ത്
മുറുക്കിത്തുപ്പി
പള്ളിക്കൂടത്തിന്റെ
ആവരത്തിലേക്ക് തുറിച്ചു നോക്കി
തെറിപറഞ്ഞ്
നടന്നുപോകും
കൂടൊരു നാലുവയസുകാരൻ മകനും.

ബേബി

പഞ്ചായത്ത് പള്ളിക്കൂടത്തിൽ നിന്നും-
പഞ്ചായത്തിന്റെ തന്നെ
സാമൂഹിപ്രശ്നമായ്
വളർന്നു വളർന്ന്
ഉറക്കം നഷ്ടമായ്,
ഓലപ്പുര നഷ്ടമായ്,
ഓർമ്മകൾ നഷ്ടമായ്
കാണാച്ചങ്ങലയിൽ
ഇടപ്പൂട്ടിട്ടുതളച്ച
മദയാനായെപ്പോലെ
എങ്ങോ എഴുന്നള്ളിപ്പോയ്...

ഇന്ന്

രണ്ടാളുയരം മതിലകത്ത്
കമ്പെയ്ൻ ക്ലാസ്സിൽ
ഇന്റർ- ബെല്ലിനിടയിൽ
ബേബിയുടെ
ഓലപ്പുരയ്ക്കുള്ളിലെ
കാഴ്ചകൈമാറി,
കണ്ടാസ്വദിക്കുന്ന
ഒരാണ് ഒരു പെണ്ണ്....

Sunday, October 21, 2012

ഓർമ്മക്കുറിപ്പ്...



ഒരു കവിത...
ലഹരി മണത്ത്
മഴനനഞ്ഞ്, ചെളിപുരണ്ട്
കളകളം കുത്തൊഴുക്കുള്ള
ഓടയുടെ വശത്ത്
മതിലു ചാരി ഇരിക്കുന്നു...

അറിയാത്തവന്

ഒരു പാമ്പാട്ടം-
അറിയുന്നവനു മിന്നലാട്ടം
കവിതയുടെ...

വാഗ്ദത്തയിരിപ്പിടങ്ങൾ

തനിക്ക് പൊരുത്തമാകില്ലെന്ന്
ഒരു ചിരിയാൽ
രണ്ട് വരിയാൽ മാറിനടന്നവൻ...

എഴുതുമ്പോൾ വികാരവും,

എഴുതിക്കരിഞ്ഞാൽ വിചാരവുമാകുന്ന
കവിതയ്ക്ക് ലഹരി വിലമാത്രം...

അപ്പോഴും കൈമടക്കിൽ

സുരക്ഷിതയയായിരുന്നു...
പിന്നിൽ തറഞ്ഞ കൂരമ്പിലും,
മരണത്തിലും
ഇറങ്ങിപ്പോകാത്ത കവിത..

ഒരിക്കലും

അയാൾ ഒറ്റക്കായിരുന്നില്ല...

പാഠ്യം...



രാവിലെ സ്റ്റാഫ് റൂമിൽ-

ചരിത്രാധ്യാപകൻ

ഇന്നലെ മറന്ന കണ്ണട തെരയുന്നു...

ധനകാര്യാധ്യാപകൻ

പറ്റ് ശമ്പളത്തിനപേക്ഷയെഴുതുന്നു,..

മലയാളം വാധ്യാർ

“ഗുഡ് മോർണിംഗ്” പറഞ്ഞ് കൈവീശുന്നു..

കോട്ടിട്ട ആംഗലേയാധ്യാപകൻ

ഫോണിൽ ക: പു- പച്ചക്ക് പറയുന്നു...

ഫിസിക്സ് മാഷ്

മൂലയ്ക്കുറക്കം തൂങ്ങി ഭൂഗുരുത്വമറിയിക്കുന്നു..

ബയോളജിയദ്ധ്യാപിക-

ഇന്നലത്തെ അയിലക്കറിയെക്കുറിച്ച് വാചാലയാകുന്നു...

കണക്കുമാഷിനു

കണക്കു തെറ്റിച്ച മകളുടെ കല്യാണക്കാര്യം ...

പല തുരുത്തുകളിൽ ,

വിഷയങ്ങളിൽ നിന്നും മാറിയിരുന്നു
ജീവിതം കാണാതെ പഠിക്കാൻ ശ്രമിക്കുന്നുണ്ട് പലരും..

ക്ലാസ്മുറികളിൽ

പുതിയൊരു ലോകം
പുസ്തകങ്ങൾക്ക് മുകളിലിരുന്നു സ്വപ്നം കാണുന്നുണ്ട്....

Sunday, October 14, 2012

പുതിയ വേരുകള്‍ ....




ഇത് ചുരുക്കെഴുത്തിന്റെ കാലം...
കവിതയിലെ "ക" പറഞ്ഞാല്‍
"ക"യ്ക്ക് കാലമാകാം, കള്ളമാകാം,
കാല്പനികതയുമാകാം, കണ്ണുനീരാകാം,
കനലാകാം, കാമമാകാം,
കാണാമറയത്തെ എന്തുമാകാം
"ക" കണ്ടവര്‍ തന്നെ കാണട്ടെ!
"അവര്‍ക്കെന്തു തോന്നുന്നു..
അതുതന്നെ"കവിത"യും".

"വി" വിരക്തിയോ, വിശുദ്ധിയോ,
വിശ്വമോ, വിശാലമോ, വിയര്‍പ്പോ,
വിരളമോ, വിത്തെന്തായാലും,
വിളയേണ്ടത് കവിത തന്നെ...
വിരോധത്തിന്റെ ആഭാസങ്ങള്‍
വിളയുന്ന വിത്തറിയാത്തൊരു
കവിതാവൃഷം, വേരുകള്‍-
ചൂഴ്ന്നെടുക്കുന്നത് മേല്‍മണ്ണിന്റെ
മൃദുത്വവും, മുളപ്പൊട്ടാനൊരുങ്ങുന്ന
പുതുവിത്തിന്റെ ഊര്‍ജ്ജവും.

കവിതയിലെ "ത" താളബോധത്തിന്റെ,
തനിമയുടെ, തരളഹൃദയങ്ങളുടെ,
തനിയാവര്‍ത്തനങ്ങള്‍ തമ്മിലുള്ളൊരു,
സമന്വയം, വിസ്മയം, ചിന്തനീയം.

Friday, October 5, 2012

ദേശമാതാ....


"സൂചി കുഴലില്‍ കുടുങ്ങിയ
ഒട്ടകത്തിന്റെ മുതുകില്‍
കുരുങ്ങിയ വിദേശി..."

താജ്മഹലിന്റെ
കണ്ണീര്‍ തുള്ളിയില്‍,
കൊണാര്‍ക്കില്‍,
ചെങ്കോട്ടയില്‍, മിനാരില്‍,
കോവളത്തും,
ആഥിത്യം ഒരുക്കി,
മര്യാദ മറക്കുന്ന
കാഴ്ചകള്‍............
തീവണ്ടിയില്‍,
റോഡില്‍, നാലാള്‍
കൂടുന്നിടത്തൊക്കെ
ഒക്കത്തൊരൊട്ടിയ
വയറുള്ളകുഞ്ഞും,
എല്ലുന്തി നഗ്നത,
അടിവസ്ത്രമില്ലാതെ,
പഴംതുണി കോലവും,
കൈനീട്ടി നില്ക്കുന്ന
ദൃശ്യ വിരുന്നും,
ഒരു മിന്നായം പോല്‍
പകര്‍ത്തിയെടുത്തില്‍
ആഴ്ചപതിപ്പിന്റെ
മുഖചിത്രമരുളുന്നു.

"ദേശ മാതാവും.....
ഒക്കത്തെ പൌരനും"
അടികുറിപ്പാകുന്നു.