ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, February 17, 2013

അരി’യോരരിയോരാ...

അരി’യോരരിയോരാ...
---------------------------

അരി
വറുത്തെടുക്കുന്ന ഭരണം,
വറചട്ടിയിലും കൈയ്യിടുന്ന
രാഷ്ട്രീയം,
മലരുപോലെ പെരുകും മതം
കരിചന്തയിൽ
മൂന്നിരട്ടി ലാഭത്തിനു വിൽക്കും വിശ്വാസം.

അരിയും തിന്ന്
കണ്ടവനേയും കടിച്ചിട്ടും
നിയമം മുറുമുറുക്കുന്നു-
നിഴലുകൾ മാത്രം നോക്കി.

പണ്ടടിയന്തിരാവസ്ഥയിലെ
ഒരു മുദ്രാവാക്യം
ഇന്നു നിശബ്ദം മൂളുന്നുണ്ട്-
“ഇന്ദിരയമ്മോ പൊന്നമ്മോ
അരിക്ക് നാലരയായല്ലോ
എട്ടണകൂടി കൂട്ടിയാലോ
പച്ചനോട്ട് കൊടുക്കേണ്ടേ” -

ഛേയ്- മുദ്രാവാക്യത്തിലും
ദാരിദ്യവാസമോ?
അണക്കണക്കല്ല,
വിശപ്പിന്റെ കണക്കുപറയാൻ
നേരമില്ല, നേരുമില്ല...
ഞങ്ങളണികൾ മാത്രം.

പൂഴ്ത്തിവച്ച
മുതലാളിത്വത്തിൽ പുഴുവരിക്കുമെന്ന്
ഒരു ചെമന്ന പുഴു പറഞ്ഞത്,
ഇന്നിങ്ങനെ പൂത്തുപരിലസിക്കുമ്പോൾ
ഹാ- എന്താ മണം... തൃപ്തി.

ഏമ്പക്കം കൊണ്ട്
പ്രതികരിക്കുന്നവർക്കിടയിൽ
പാലക്കാടൻ മട്ട,
കുത്തരി, പൊടിയരി, പുഴുക്കലരി,
പച്ചരി,ബസ്മതി
ഏതെങ്കിലും മതി
ഒന്നുമില്ലെങ്കിൽ
സൂചിയാ നല്ലത്
ഷുഗറിനും, ചികിസ്തയ്ക്കും.

വെറുതേ ഒരു കവിത,
ഞാനും അരിക്കമ്പതായതിലൊന്ന്
വറുത്തെടുക്കട്ടെ...

4 comments:

 1. തലക്കെട്ട് കണ്ടപ്പോള്‍ പെട്ടെന്ന് വൃശ്ചികത്തിലെ തൃക്കാര്‍ത്തിക രാവുകളാണ് ഓര്‍മ്മ വന്നത് . വായിച്ചു തുടങ്ങിയപ്പോഴാണ് വിഷയം മാറിയതറിഞ്ഞത് .

  എന്തായാലും കവിത വളരെ ഇഷ്ടമായി.

  ശുഭാശംസകള്‍ ..........

  ReplyDelete
 2. തൃക്കാർത്തികയിൽ എഴുതിയതാ....
  ചേമ്പും, കാച്ചിലുമില്ലായ്കയും
  ഉള്ളവർ തരുന്നുള്ള പരാതിയുമൊക്കെ
  ഒത്തിരി പഴകീ, അരിവിലയും,
  അരിയോരരിയോരയും എല്ലാം
  ഒന്നിച്ചു വന്നുവെന്ന് മാത്രം.

  വായനക്കെത്തിയതിൽ സന്തോഷം.

  ReplyDelete
 3. അരിയാണ് പ്രശനം...

  ReplyDelete
 4. ഇന്നത്തെ കാലത്തെ കുറിച്ചിട്ടത്..
  അരി അതു സമ്പന്നരുടെ ആഹാരമാണ്.. ദരിദ്രരുടെ സങ്കല്പമാണ്..എന്ന നാൾ വരും…
  അല്പം ക്ഷമിക്കുക..
  ആശംസകൾ

  ReplyDelete