ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Monday, December 2, 2013

"രണ്ട് സമാഹാരങ്ങൾ"

"രണ്ട് സമാഹാരങ്ങൾ"
(9-12-2009)നാം കവികളെന്നാരു പറഞ്ഞു....?
ഞാനാരെന്ന് എനിയ്ക്കും,
നീയാരെന്ന് നിനക്കുമറിയാം..
എങ്കിലും...?
നമ്മള്‍ കവികളൊ..!!


തീപിടിച്ച മനസ്സാണു..
"സത്യം.."
കവിതയ്ക്ക് വഴിതുറക്കാനല്ല
ജീവിതം വഴിമുട്ടിയതിനാലാൽ..
വഴിയരികിൽ, പെരുവെയിലില്‍
സ്വന്തം നിഴലിനു തണലായി
ഉരുകിയൊലിയ്ക്കുമ്പോള്‍
ഉണര്‍ന്ന ചില ചിന്തകള്‍
എഴുതി നിറച്ചത്
കവിതയൊ, ജീവിതമൊ.. ?

കേട്ടറിവില്‍ നാമിന്ന്
നേരിട്ട് കാണുമ്പോൾ,
വില്‍ക്കാനിരിയ്ക്കുന്ന
നാളീകേരത്തിന്റെ പിന്നില്‍
എന്റെ ജീവിതനാടകത്തിന്‍
ആദ്യസമാഹാരം 'ചുമടി'ന്നൊരു*
കോപ്പി നിനക്കായ് സമര്‍പ്പണം...

പവിത്രാ...
"നമ്മള്‍ വില്പ്പനക്കാരെന്ന-"
നിന്റെ ആത്മഗതം ഞാനറിയുന്നു..
നീ തന്ന ആത്മബലവും..

ഞാന്‍ രുചിവില്‍ക്കുന്നവള്‍,
നീ ഭാഗ്യം വിക്കുന്നവന്‍...
ഇനിയെന്നു കാണുമെന്നറിയാതെ
പിരിയാമെങ്കിലും...
പതിനൊന്നാം സമാഹാരം
'നമ്മള്‍ക്കിടയില്‍'* കൈയ്യൊപ്പിട്ടതിന്‍
ഒരു കോപ്പി നല്‍കീടുക..

എന്നെപ്പോലെ
ഞാന്‍ മാത്രമല്ലെന്നെനിയ്ക്കും,
നിന്നെപ്പോലെ
നീമാത്രമല്ലെന്നു നിനക്കും,
ഈ വഴിയരികിലെ
കാഴ്ചയും, സൗഹൃദവും... ..
പുതു കവിതയായി
ചിറകു വിടര്‍ത്തുമ്പോൾ..
അല്പ്പ‍നേരം സ്വയം മറക്കാം...
നമുക്കും കവികളാകാം..


പവിത്രന്‍ തീക്കുനി എന്ന യുവകവിയും, അംബിക എന്ന കവയിത്രിയും കൊല്ലം ചിന്നക്കടയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍.....
(മലയാള മനോരമയില്‍ വന്ന വാര്‍ത്ത)


*ചുമട് - അംബികയുടെ പ്രസിദ്ധീകരിച്ച കവിതാ സമാഹാരം.
*നമ്മള്‍ക്കിടയില്‍ - പവിത്രന്റെ പുതിയ കവിതാ സമാഹാരം..

1 comment:

  1. നല്ല കവിത സന്ദർഭം നല്ല രചന രീതി

    ReplyDelete