ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Monday, December 2, 2013

പറയുവാന്‍ മറന്ന യാത്രാമൊഴി

പറയുവാന്‍ മറന്ന യാത്രാമൊഴി 
(08-12-2009)




എന്നും,
തിരക്കിട്ട് പോകുമ്പോള്‍
പടിവാതിലില്‍ പകുതി
പ്രാണനെ വെടിയുന്ന ഭാര്യ,
പാല്‍പല്ലിന്‍ മോണകാട്ടി
പിഞ്ചിളം കൈകള്‍ വീശും മകൾ,
ഇടവാതിലിലെ നീണ്ട
നിശ്വാസമായ് അമ്മ.

എങ്കിലും
ഇന്നീ രാവിന്‍ മൂര്‍ദ്ധന്യത്തിലെ
യാത്രയെ ആരുമറിയരുത്.
മുറിയിലെ അരണ്ട വെളിച്ചത്തില്‍
എനിയ്ക്കിരു വശവുമായി
എന്റെ യാത്രയെക്കുറിച്ചറിയാതെ
എന്നില്‍ ചേര്‍ന്നുറങ്ങുമെന്റെ
സ്വപ്നവും, യാഥാര്‍ത്ഥ്യവും.

മുന്നില്‍ എന്നും വിളിച്ചുണര്‍ത്തും
ഘടികാര സൂചിതന്‍ തുടിപ്പുകള്‍
എന്റെ ഹൃദയതാളത്തില്‍ -
നിന്നൊഴിഞ്ഞു പോയതൊ..?

മുറിവിട്ട്, ഇടവാതിലിനരികില്‍
ഇരുളടഞ്ഞ കഴ്ച്ചയില്‍
നീണ്ട നിശ്വാസമായി- 'അമ്മയുറങ്ങട്ടെ..'

മുന്‍ വാതിലും കഴിഞ്ഞ്…
ഉമ്മറത്തെ പഴയ ചാരുകസാലയില്‍
ഓര്‍മ്മകളിളകിയാടുന്നു..

നടുമുറ്റത്തെത്തി
ഒന്നു തിരിഞ്ഞു നോക്കെ
തിരക്കിനിടയില്‍
മറന്ന വാച്ചോ, പെഴ്സോ,
ഫോണോ, റുമാലോ....
ഏതെങ്കിലുമായൊരു
പിന്‍വിളി കൊതിച്ചു പോയി...

ഈ യാത്രയില്‍
പറയുവാന്‍ മറന്ന യാത്രാമൊഴി-
"ഇനി നാം കണില്ലൊരിയ്ക്കലും"
എന്നായിരുന്നെന്ന് ഒരു പക്ഷെ
പറയാതെ അറിഞ്ഞിരിയ്ക്കും നിങ്ങൾ....

2 comments:

  1. നല്ല കവിത സസ്പെൻസിൽ ഒരു ദീർഘമാകാം

    ReplyDelete
  2. നല്ല ഫീലുള്ള കവിത...ആശംസകൾ നേരുന്നു..

    ReplyDelete