ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Monday, January 2, 2012

കറവ വറ്റുമ്പോള്‍...
നന്ദിനിപ്പയ്യിന്റെ
പേറൊരൊന്നര-
പ്പേറായിരുന്നെന്ന്
പാറുവമ്മ....

'കിടാവി'ന്നു നല്ല
ചേലൊത്ത പുള്ളിവാലും ,
നെറ്റിയില്‍ തൊട്ട-
തൂവെള്ള പൊട്ടും.

താഴെപ്പറമ്പിലെ
കുമാരന്റെ
മൂരിയ്ക്കുമുണ്ടിമ്മാതിരി
പുള്ളിപ്പൂവാലും പൊട്ടും.

തൊടിയില്‍ കൂത്താടും
കിടാവിന്റെ
കുസൃതികള്‍
മുത്തശ്ശിയമ്മ-
ക്കണ്ണുകളിലീറന്‍
പരത്തുന്നു...

പേരക്കിടാവിന്റെ
മുഖമൊന്ന്
കണ്ടിട്ടില്ലിതുവരെ...!
വിഷുവി,നോണത്തിനു-
പിന്നെയവധിയില്ലെന്നും
പറഞ്ഞൊഴിവു
രണ്ടരക്കൊല്ലമാകുന്നു.

മുറ്റത്തോടിക്കളിയ്ക്കും
കുമ്പന്റെ കുറുമ്പില്‍
മുത്തശ്ശിയമ്മ
പേരക്കിടാവിനോട്
കുശലം ചോദിയ്ക്കുന്നു

നിന്നെ പെറ്റൊരമ്മ,
പോറ്റമ്മയീ ഞാനും,
നിനക്കീ തുറന്നാകാശവും
തൊടിയും, മുറ്റവും
കളിത്തൊട്ടില്‍....

എന്റെ 'പേരെ'ന്നൊരു
'ആയ' മാത്രം...
നിര്‍ജ്ജീവമാം കളിക്കോപ്പുകള്‍
മാത്രം നിറഞ്ഞൊരൊറ്റ
മുറി ലോകമത്രേ...

ഈ ഉമ്മറത്തിണ്ണയും
മുറ്റത്തെ ചെടികളും
പൂതുമ്പി, പൂക്കളങ്ങളും,
പൊന്നോണവും,വിഷുവും
നിനക്ക് കാണിയ്ക്കയായി
കാത്തിരിയ്ക്കുന്നു...

പിന്നെ....
കറവ വറ്റാത്ത നന്ദിനിപ്പയ്യും,
സ്നേഹത്തിന്റെ
ഉറവ വറ്റാത്തയീ മുത്തശ്ശിയും...

"'തൊടിയില്‍...
കയറൂരിയ കുമ്പന്‍
'രണ്ടേല'കടന്നെന്ന്
കുമാരന്‍..."

14 comments:

 1. "കറവ വറ്റാത്ത നന്ദിനിപ്പയ്യും,
  സ്നേഹത്തിന്റെ
  ഉറവ വറ്റാത്തയീ മുത്തശ്ശിയും"

  നല്ല വരികള്‍, പാടാന്‍ നല്ല ഈണവും .. ആശംസകള്‍

  ReplyDelete
 2. മനു., കവിതകളെക്കുറിച്ചൊന്നും കൂടുതല്‍ അറിയില്ല... പക്ഷേ എന്റെ വായനയില്‍ തെളിഞ്ഞു വന്ന ചിത്രം പുതിയ കാലത്തെ അമ്മമാരുടെ ഏകാന്തയുടേതാണ്... പേരക്കിടാവിനെ മടിയില്‍ വെച്ച് ഓമനിക്കേണ്ട പ്രായത്തില്‍ അവര്‍ക്ക് അതു നിഷേധിക്കപ്പെട്ടു. തന്റെ ദുര്‍വ്വിധിയെക്കാള്‍ അവര്‍ ആകുലചിത്തയാകുന്നത് പേരക്കുട്ടിക്ക് നിഷേധിക്കപ്പെട്ട സൗഭാഗ്യങ്ങളെക്കുറിച്ചാണ്... തൊടിയും,മുറ്റവും കളിത്തൊട്ടില്‍ ആയിക്കിട്ടിയ പശുക്കിടാവിന്റെ സൗഭാഗ്യങ്ങളോട് ഈ അവസ്ഥ താരതമ്യം ചെയ്യപ്പെടുന്നു..

  നന്നായി മനു... അമൂര്‍ത്തമായ ബിംബങ്ങളെ അടുക്കും ചിട്ടയുമില്ലാതെ ചിതറിയിട്ട കാവ്യരൂപങ്ങള്‍ കൊണ്ടാടപ്പെടുന്ന ഈ കാലത്ത് വേറിട്ടു നില്‍ക്കുന്നു ഈ കവിത...

  നന്മകള്‍ നേരുന്നു.

  ReplyDelete
 3. പ്രദീപ് ഭായ്, എലയോടന്‍....
  വലിയ സന്തോഷങ്ങളാണ് ഇത്തരം വായനയും
  അഭിപ്രായങ്ങളും തരുന്നത്....

  ReplyDelete
 4. വായന രേഖപ്പെടുത്തുന്നു...ഒപ്പം നല്ല ചിന്തകള്‍ക്കുള്ള ആശംസയും ...

  ReplyDelete
 5. വളരെ നല്ല വരികൾ. ഒരാശയത്തെ പറയാൻ മറ്റൊന്നിനെ കൂട്ടുപിടിച്ച ശൈലിയും, അവതരണവും മനോഹരമായിരിക്കുന്നു.

  ReplyDelete
 6. Jefu Jailaf , Lulu Zainyi

  പകരം തരാന്‍ സന്തോഷം മാത്രം..

  ReplyDelete
 7. എന്റെ 'പേരെ'ന്നൊരു
  'ആയ' മാത്രം...
  നിര്‍ജ്ജീവമാം കളിക്കോപ്പുകള്‍
  മാത്രം നിറഞ്ഞൊരൊറ്റ
  മുറി ലോകമത്രേ...

  ആശംസകള്‍

  ReplyDelete
 8. പേരക്കിടാവിനെ കാണാന്‍ കൊതിക്കുന്ന മുത്തശ്ശിക്ക്
  ഓണത്തിന് വരുമെന്ന് കരുതി
  വിഷുവിന് വരുമെന്ന് കരുതി
  വിഷുവും പെരുന്നാളും ക്രിസ്മസും കഴിയുന്നു
  അവധിയില്ല എന്ന വിളി മാത്രം
  പേരക്കിടാവിനെ ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന
  എത്ര എത്ര മുത്തശ്ശിമാര്‍
  പേരക്കിടാവിനെ കൊഞ്ചിക്കാന്‍ ആഗ്രഹിക്കുന്ന മുത്തശ്ശി, ഈ പശുക്കിടാവിനോട് കുശലം പറഞ്ഞു തന്റെ സങ്കടം തീര്‍ക്കുന്നു

  പ്രതീപ് സര്‍ പറഞ്ഞത് പോലെ
  തൊടിയും,മുറ്റവും കളിത്തൊട്ടില്‍ ആയിക്കിട്ടിയ പശുക്കിടാവിന്റെ സൗഭാഗ്യങ്ങളോട് ഈ അവസ്ഥ താരതമ്യം ചെയ്യപ്പെടുന്നു..

  ഉമ്മറത്തിണ്ണയും
  മുറ്റത്തെ ചെടികളും
  പൂതുമ്പി, പൂക്കളങ്ങളും,
  പൊന്നോണവും,വിഷുവും
  കാണിയ്ക്കയായി
  കാത്തിരിയ്ക്കുന്നു...

  നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 9. കൊള്ളാം മനു. വരികൾ നന്നായിരിക്കുന്നു.

  ReplyDelete
 10. നന്നായിട്ടുണ്ട് മനു ...ആശയം അനുഭവമോ..ഭാവനയോ ....ഉപമകള്‍ കൊള്ളാം.

  ReplyDelete
 11. പതിവുപോലെ മികവുറ്റതായി മനൂ ഈ രചനയും.. ഒരു ചൂണ്ടുപലകയിലൂടെ ആശയത്തിലേക്ക് കടന്ന രീതി വ്യത്യസ്തമായൊരു വായന സമ്മാനിച്ചു.. എല്ലാ ആശംസകളും.

  ReplyDelete
 12. കാവ്യജാതകം, ആര്‍ടോഫ് വേവ്, മൊയ്ദീന്‍ ഭായ്,
  അനീസ്, ഇലഞ്ഞിപ്പൂക്കള്‍..

  വളരെ സന്തോഷം...
  അനുഭവമല്ല, അറിവും, ഭാവനയും മാത്രം... അനീസ്..

  ReplyDelete
 13. ആകുലതകൾ നിഴലിക്കുന്ന പുതു പിറവികൾ അനുഭവിക്കുന്ന സ്നേഹരാഹിത്യത്തിന്റെ കവിത.. അടച്ചിട്ട ഒറ്റമുറിയിലെ കമ്പ്യൂട്ടർ ഗെയിമിൽ ഒതുങ്ങുന്ന ബാല്യങ്ങളെ നോക്കി നെടുവീർപ്പിടുന്ന എത്രയോ അമ്മൂമ്മമാരും അവർ പറയാതെ മണ്മറഞ്ഞു പോകുന്ന കാലഘട്ടത്തിന്റെ ഒത്തിരി കഥകളും ഇന്ന് ഒരു സംഭവമല്ലാതായിരിക്കുന്നു. നല്ലൊരു ക്യാൻവ്യാസിൽ ഈ ചിത്രം പകർത്താനായ മനുവിന് അഭിനന്ദനങ്ങൾ..

  ReplyDelete
 14. കവിത നന്നായി ട്ടാ...

  ഇന്നത്തെ തലമുറയില്‍ ജീവിക്കുന്ന അമ്മൂമാരുടെ വേദന... പറഞ്ഞ രീതി ഉഗ്രന്‍..

  ReplyDelete