ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, January 29, 2012

എനിയ്ക്ക് വേണ്ടത്...


ന്തോഷം,
എത്ര മേലെനിയ്ക്ക്
പ്രകടമാക്കാനാകും അത്രയും മതി.

ദുഃഖം,
ഇത്രയും മതിയെനിയ്ക്ക്.......,
എന്നില്‍ ഒളിപ്പിയ്ക്കുവാനാവോളം.

ഏതൊരവസ്ഥയിലും,
പൊഴിയാനൊരു
പുഞ്ചിരിമാത്രം മതിയെനിയ്ക്ക്...

ആരുടെ ദുഖത്തിലും
ചൊരിയാനൊരുതുള്ളി
കണ്ണുനീര്‍ മതിയെനിയ്ക്ക്....

Wednesday, January 25, 2012

ഡയലര്‍....



രെഴുത്ത്,
കുറേ മുത്തങ്ങള്‍,
പെഴ്സില്‍, പോക്കറ്റില്‍,
തലയണ്‍ക്കീഴില്‍,
ബൗസിനുള്ളില്‍
തനിച്ചിരിക്കുമ്പോഴും
എപ്പോഴും ഒരെഴുത്ത്
പിന്നെ കാത്തിരിപ്പ്...

കാത്തിരിപ്പ്,
കിണുങ്ങുന്ന
മണി'യൊച്ച'കള്‍ക്കായി.
അയലത്തെ
നാരായണന്‍ മാഷിന്റെ വീട്ടില്‍,
രാമായണവും കണ്ട്,
ലേബര്‍ക്യാമ്പിലെ നീണ്ട ക്യൂവില്‍,
മൗനത്തിന്റെ
വിലയുയര്‍ന്നു,യര്‍ന്ന് വരുമ്പോള്‍
മക്കളോട് പുന്നാരം ചുരിക്കി,
ബാക്കിവച്ച മുത്തം
ചങ്കില്‍ തറപ്പിച്ച്....

ശേഷം,
കൈവെള്ളയ്ക്കുള്ളില്‍
പാട്ടുകളിലൂടെ
എപ്പോഴുമുള്ളൊരു മിഥ്യാസാമീപ്യമായി.
മിസ്ഡുകളിലൂടെ
ഊണുമുറക്കവുമറിയിച്ച്,
നെറ്റ്കാര്‍ഡുകളിലൂടെ
ദൂരത്തെ ഇല്ലാതാക്കി,
പ്രണയത്തിന്റെ പുതുയൗവ്വനം.

ഇന്നലെ
ഗൂഗള്‍ ടോക്കില്‍ നിന്നും
സ്കെപെയുടെ
കാഴ്ചകളിലേയ്ക്ക്
അവളെ കൈപിടിച്ചെത്തിച്ചു..

ഇന്ന്
അവളുടെ പ്രഫൈല്‍
ആരോ "ഹാക്ക്" ചെയ്തിരിക്കുന്നു...
ഡയല്‍ ചെയ്തു, കേള്‍ക്കാന്‍ കൊതിച്ച
ഡയലര്‍ ട്യൂണിനു പകരം
ജീവിതം സ്വുച്ചിടോഫാണെന്ന്...!!!

Monday, January 16, 2012

ഒരു കവിയുറക്കം




സച്ചിദാനന്ദ കാവ്യം-
'കവിയുണര്, പൂവുണര്'
കവിതയ്ക്ക് ലഹരി പിടിയ്ക്കും
കാലത്തിലൊരു പാഠമായിരുന്നു....
"ഓരോരോ പാമ്പേരി-
പുറ്റിന്മേലൊന്ന് കിതച്ച്....."
പിന്നെ......
"ത്രിശൂലങ്ങള്‍, കൃപാണങ്ങള്‍ കൊണ്ട്
അവനവന്റെ നെഞ്ചിലെ
കിളികളെയാദ്യം അരിഞ്ഞു വീഴ്ത്തുന്നു"-
എന്നുള്ളയറിവും, അറിവല്ലാതെ
അന്നു ഞാനെന്റെ
കിളികളെ തുറന്നുവിട്ടത്
പ്രണയത്തിന്റെ ഉത്തരാധുനികത
പോകും വഴിയിലേയ്ക്ക്.....

പിന്നെ കണ്ടത്..
മക്ഷിയില്ലാത്ത, മുനയൊടിഞ്ഞ
പേനയാല്‍ വരച്ച പ്രണയത്തിലെ
ഹൃദയമില്ലാത്ത കാമുകനും,
രാത്രിവണ്ടിയ്ക്കൊറ്റയ്ക്ക്
യാത്രപോകുന്ന കാമുകിയും,
പൂക്കളില്ലാത്ത തോട്ടങ്ങളില്‍
അമാവാസിയ്ക്ക്, പരസ്പരം
ഇരുള്‍മൂടിയ കണ്ണുകളില്‍
നോക്കിമൊഴിഞ്ഞ
ശബ്ദമില്ലാത്ത വാക്കുകള്‍..,
പ്രതിഫലം പറഞ്ഞുറച്ച
കാമുകി ചുണ്ടിണയില്‍,
ചുണ്ടുനഷ്ടപ്പെട്ട കാമുകചുംബനം
ചുരക്കാത്ത മുലകളില്‍
ശൈശവം തേടുംമ്പോള്‍,
ഇരുള്‍ക്കയങ്ങളില്‍
മാതൃത്വം മരിയ്ക്കുന്നു...

കവിതയുടെ വിഷബീജം...
ഒടുവില്‍ സ്ട്രാബെറി മണമുള്ള
നേര്‍ത്ത റബ്ബറിന്‍ കുഴലില്‍
മറുതല കെട്ടിയിരുളിലേയ്ക്കെറിഞ്ഞ്
വിദൂരതയില്‍ കണ്ണുകളടച്ച്
എല്ലായപൂര്‍ണ്ണതകളും,
അതിന്റെ വ്യരൂപ്യവും നിറഞ്ഞ,
വര്‍ണ്ണനകളുടെ ഇരുണ്ട
മറുപുറം തേടുന്ന
ആധുനിക കാവ്യലോകത്തിലേയ്ക്ക്
ഒരു കവിയുറക്കമായി......


Saturday, January 14, 2012

നമ്മുടെ ലോകം...



പ്രണയ വസന്തത്തില്‍
നീ കൊതി പറഞ്ഞത്
നീലിമയുടെ ആഴത്തില്‍,
ആകാശത്തില്‍
ഊളിയിട്ടു പറക്കുന്ന
നമ്മുടെ മാത്രം
ലോകത്തെക്കുറിച്ച്.....

നീയന്നു പറഞ്ഞതിന്റെ
നിര്‍വ്വചനമറിയുന്നതിന്ന്
ബോര്‍ഡിംഗ് സ്കൂളില്‍
തളച്ചിട്ട കുട്ടികളിലും,
തറവാടില്‍ ഇരുളിന്റെ
തടവറയിലെ
അച്ഛനുമമ്മയിലും

വസന്തം കൊഴിഞ്ഞ്,
ഗ്രീഷ്മമുരുകി
കൊടും ശൈത്യത്തിന്റെ
മരവിപ്പ് മാത്രമുള്ള
മനസ്സും കൊട്ടിയടച്ചിരിപ്പാണ്
നീയും, ഞാനും
മുറ്റമില്ലാത്ത
ഒറ്റ വാതില്‍ ലോകത്ത് .

Friday, January 6, 2012

തിരകളിലൂടെ......


ആകാശവും, കടലും
ചേര്‍ന്നൊരു നേര്‍വര
നീലിമതന്‍ അഭൗമ
സങ്കല്‍പ സമന്വയം...

തിരിഞ്ഞോടും തിരയ്ക്കെന്തേ..
തിരക്കാണോ, തിരക്കി ഞാന്‍
തിരയ്ക്കൊപ്പം,
തിര തിരികെ വന്നു.....
തിരിച്ചു പോം വഴി......!
"നീ തിരികെ വരുമ്പോഴെനിക്കൊരു
വലംപിരി ശംഖും, മുത്തുചിപ്പിയും".

ശംഖൂതി നിന്നെ ഞാന്‍
ഉണര്‍ത്തി വയ്ക്കാം....
"മുത്തിനാല്‍ ഞാനൊരു മാലതീര്‍ക്കാം.....
ഹൃത്തടത്തില്‍ നിന്നെ ചേര്‍ത്തുവയ്ക്കാം....."

ഓരോ ഇളക്കവും
ചെറുകാറ്റിനൊപ്പം..
ലവണാര്‍ദ്രമായ് നീ
തീരത്തെ തഴുകിടുന്നു
ജീവിത ചുവടുകളി-
ലടര്‍ന്നു, വിണ്ടൊരീ
കാല്‍ത്തടം ഉറയ്ക്കാതെ...!
ഒലിച്ചു നീ തിരിച്ചു
പോയിടുമ്പോള്‍...
അറിയുന്നു ഞാനെന്നെ...
നിന്നിലേക്കലിയുവാന്‍...
കാലടി മണ്ണിന്റെ
ശൂന്യത തീര്‍ത്തതും.

ആകില്ലെനിക്കീ അനന്ത
നീലിമ കണ്ടൊഴിഞ്ഞൊടുങ്ങുവാന്‍,
ആകില്ലെനിക്കീ മണല്‍-
തരികള്‍തന്‍ മൃദുത്വം വെടിയുവാന്‍
ആകില്ലെനിക്കീ കാറ്റിന്‍
സ്വാന്തന കൈകള്‍ മറക്കുവാന്‍
ആകില്ലെനിക്കീ തിരകള്‍തന്‍
തീരം വിട്ടൊഴിഞ്ഞീടുവാന്‍.

നീ പ്രകൃതിതന്‍ ശാന്തസ്വരൂപം
വേലിയേറ്റങ്ങളില്‍ പൂര്‍ണ്ണ-
ചന്ദ്രന്റെ ചുംബനം...
ഉന്മാദത്തിലൊരു വന്‍‌കര
പുണരുവാന്‍ "സുനാമി"ത്തിര
നീ പ്രകൃതിതന്‍ ഉഗ്രപ്രതാപി...

നീ എനിക്കായ് ഒരുക്കുക
ഉള്ളറകളിലൊളിപ്പിച്ച
വര്‍ണ്ണകാഴ്ചകള്‍.......!
എത്രയനന്തം, ആനന്ദദായകം
നിന്‍ നിത്യയൌവ്വനം
അമൃത കുംഭത്തെയൊളിച്ചു
വച്ചതില്‍ പാലാഴി
കടഞ്ഞതും വരുണന്‍ കുടിച്ചതും..!
ഇനിയെത്ര കുംഭങ്ങള്‍....?

തിരക്കിട്ട തിരകള്‍ക്കു
പിറകെ ഞാന്‍ പായാതെ
ഒതുക്കമായി ദൂരെയിരുന്നു നിന്‍
തിരയിളക്കത്തിന്‍ താളമായ്...
"തുടിക്കും ഹൃദയമെന്‍
അലയ്ക്കും തിരയത്..
നിലച്ചാല്‍ നിശ്ചലം
മരണവും സത്യമോ"....?

വലംപിരി ശംഖിന്റെ
നാദമുണരുന്നു ഒരു സന്ധ്യ-
കൂടിയുണരുന്നു, സൂര്യന്‍
ചെങ്കനലായ് നിന്നിലലിയുന്നു...

Wednesday, January 4, 2012

പ്രിയ ഇറോം....


  യാത്രക്കിടയില്‍
വണ്ടിക്കാശു കളവ് പോയവന്
തുടര്‍ യാത്രയ്ക്ക്
വീണുകിട്ടിയ
നോട്ട് പോലെ - നീ !

നിന്റെ നഷ്ടങ്ങളേത്
പെരുവഴിയില്‍
ചുട്ടുപൊള്ളുന്നതെന്നോര്‍ക്കാന്‍
ആര്‍ക്ക് നേരം...?

നിന്നെപ്പോലെ
പലരും വന്നുപോയിട്ടുണ്ട്
മിന്നല്പ്പിണര്‍പോലെ
'നാമിരുട്ടിലാണെന്ന്' കാട്ടി
ഒരിടിവട്ടത്തില്‍ മറക്കപ്പെട്ടവര്‍.

ഓര്‍മ്മപ്പുതുക്കലിന്റെ
വാര്‍ഷികാഘോഷങ്ങള്‍ക്ക്
കലണ്ടറിലിടം നേടിയോര്‍ ചിലര്‍.

പ്രിയ ഇറോം....,
നിരാഹാരത്തിന്റെ
പതിറ്റണ്ടുകള്‍ക്കൊടുവിലും
നിന്റെ സമരമിന്നും
പതിരുപാറ്റിയൊഴിഞ്ഞില്ല...

നന്മയും, സ്നേഹവും മറഞ്ഞ,
കാതും, കണ്ണുമില്ലാത്ത
കൂരിരുട്ടില്‍ നീയെന്തിനു വെറുതേ
പടവെട്ടി മരിക്കുന്നു...?

തുറന്ന് വിടുക...!!!
നിന്റെ ഹൃദയത്തിലെ
മിന്നാമിന്നി കൂട്ടത്തെ-
'അക്ഷരങ്ങളെ'-
ഇരുട്ട് നിറഞ്ഞ ലോകത്തി-
നൊരിറ്റ് വെട്ടമാകട്ടെ.....

നദിയിലെ കല്ലുകള്‍.......


പ്രയാണമായിരുന്നേറെ നാളായെനിക്കു
പ്രിയമായതൊക്കയുമൊഴിഞ്ഞിവിടെ
സായൂജ്യമില്ലാതൊരു പൂജാമുറിയിലെ
അയുസ്സൊടുങ്ങുന്നൊരകിലും, മണിനാദവും.

പുണ്യമാം ഏതോ നദിയുടെയൊഴുക്കിനെ
പ്രണയിച്ചിരുന്നേറെ.. എന്നോ വന്നു പതിച്ചിട്ട്,
ഇണചേര്‍ന്ന നിമിഷം മുതലിന്നേവരയ്ക്കും...!
"വ്രണിതമാകുമെന്‍ ഹൃത്തടമാരുകാണാന്‍...?"

എന്നില്‍ പിറന്നൊരാ എണ്ണമറ്റംശങ്ങളെ
നിന്നിലൊഴുക്കി നീ പല തീരങ്ങളില്‍
നനവാല്‍ ലാളിച്ചു പരിപാലിപ്പതില്ലേ...?
"ഇന്നവയ്ക്കായി കണ്ണീര്‍ ഒഴുക്കുകില്ലേ.....?

അന്നെന്റെ കൂര്‍ത്തുമിന്നുന്ന വക്കും,
മുനകളും ആ ചെറുനദിയെ പ്രാപിച്ചു
ഞാനില്ലാതാകുമ്പോഴും പടര്‍ന്നൊഴുകുന്ന
കിനാവു പോലവള്‍ എന്നെയും പേറി.

ഒരുപാടു നാളായവളുടെ എണ്ണമില്ലാ...
കരുത്തിന്‍ കാമുകന്‍മാരുടെ കാമം
ഉരഞ്ഞുരഞ്ഞില്ലാതാകുമ്പോഴും ജനിച്ച്
കരയിലണയുവാന്‍ വെമ്പുന്ന തരികള്‍..

അവള്‍ മഹാനാദിയായതും, പുണ്യം
അവളില്‍ നിറഞ്ഞതും അറിയാതെ
അവസാനമൊരുനാളില്‍ ഏതോ ഭക്തന്റെ
ചവിട്ടില്‍ ഞാന്‍ പുളഞ്ഞതും, കയ്യിലമര്‍ന്നതും.

ഇവിടെയീ പൂജാമുറിയിലെ നിശ്ചല-
ചുവര്‍ചിത്രങ്ങള്‍ക്ക് മുന്നില്‍ നിശ്ചലം
ദൈവവിളിയുടെ, വിലാപ സംഗീതമായ്,
കവടി നിരത്തുന്ന സത്യമായി കാഴ്ചകള്‍

ചുവരുകളിലിണ ചേര്‍ന്നതെന്നംശങ്ങള്‍
അവയെ തിരിച്ചറിയുന്നു ഞാനെങ്കിലും...
അവരും മറഞ്ഞിരിക്കുന്നു, കടുംഛായങ്ങള്‍
കാവലാകുന്നു, നിഴലുകള്‍മാത്രം ചലിക്കുന്നു...

എന്റെ ഒഴുക്കീമുറിയല്‍ പൂര്‍ണമാകട്ടെ....!
എങ്കിലും അവളൊഴുകട്ടെ പുണ്യമായ്..
എന്റെ ശേഷിതാംശങ്ങള്‍- മണല്‍ത്തരികളെ
എന്നും തലോടട്ടെ തിരകൈകളാല്‍ തീരങ്ങളില്‍.

Monday, January 2, 2012

കറവ വറ്റുമ്പോള്‍...




നന്ദിനിപ്പയ്യിന്റെ
പേറൊരൊന്നര-
പ്പേറായിരുന്നെന്ന്
പാറുവമ്മ....

'കിടാവി'ന്നു നല്ല
ചേലൊത്ത പുള്ളിവാലും ,
നെറ്റിയില്‍ തൊട്ട-
തൂവെള്ള പൊട്ടും.

താഴെപ്പറമ്പിലെ
കുമാരന്റെ
മൂരിയ്ക്കുമുണ്ടിമ്മാതിരി
പുള്ളിപ്പൂവാലും പൊട്ടും.

തൊടിയില്‍ കൂത്താടും
കിടാവിന്റെ
കുസൃതികള്‍
മുത്തശ്ശിയമ്മ-
ക്കണ്ണുകളിലീറന്‍
പരത്തുന്നു...

പേരക്കിടാവിന്റെ
മുഖമൊന്ന്
കണ്ടിട്ടില്ലിതുവരെ...!
വിഷുവി,നോണത്തിനു-
പിന്നെയവധിയില്ലെന്നും
പറഞ്ഞൊഴിവു
രണ്ടരക്കൊല്ലമാകുന്നു.

മുറ്റത്തോടിക്കളിയ്ക്കും
കുമ്പന്റെ കുറുമ്പില്‍
മുത്തശ്ശിയമ്മ
പേരക്കിടാവിനോട്
കുശലം ചോദിയ്ക്കുന്നു

നിന്നെ പെറ്റൊരമ്മ,
പോറ്റമ്മയീ ഞാനും,
നിനക്കീ തുറന്നാകാശവും
തൊടിയും, മുറ്റവും
കളിത്തൊട്ടില്‍....

എന്റെ 'പേരെ'ന്നൊരു
'ആയ' മാത്രം...
നിര്‍ജ്ജീവമാം കളിക്കോപ്പുകള്‍
മാത്രം നിറഞ്ഞൊരൊറ്റ
മുറി ലോകമത്രേ...

ഈ ഉമ്മറത്തിണ്ണയും
മുറ്റത്തെ ചെടികളും
പൂതുമ്പി, പൂക്കളങ്ങളും,
പൊന്നോണവും,വിഷുവും
നിനക്ക് കാണിയ്ക്കയായി
കാത്തിരിയ്ക്കുന്നു...

പിന്നെ....
കറവ വറ്റാത്ത നന്ദിനിപ്പയ്യും,
സ്നേഹത്തിന്റെ
ഉറവ വറ്റാത്തയീ മുത്തശ്ശിയും...

"'തൊടിയില്‍...
കയറൂരിയ കുമ്പന്‍
'രണ്ടേല'കടന്നെന്ന്
കുമാരന്‍..."